ദത്തല്ല, സ്വത്തായിരുന്നു അവൻ; ജീവനും, അപകടത്തിൽ പരുക്കേറ്റ ഒന്നര വയസ്സുകാരനും മുത്തശ്ശിയും മരിച്ചു

Kottayam News
(1) വീടിന്റെ കേറിത്താമസത്തിന് ഇവാൻ എത്തിയപ്പോൾ., (2) മോളിക്കുട്ടി സെബാസ്റ്റ്യൻ.
SHARE

മണിമല∙ ദത്തല്ല, സ്വത്തായിരുന്ന ഒന്നര വയസ്സുകാരൻ മാതാപിതാക്കളെ തീരാദുഃഖത്തിലാക്കി വാഹനാപകടത്തിൽ വേർപിരിഞ്ഞു. കുമരകത്തുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കരിക്കാട്ടൂർ തൂങ്കുഴിയിൽ ഇവാൻ (ഒന്നര) ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇവാന്റെ മാതാവ് മഞ്ജുവിന്റെ അമ്മ, ചങ്ങനാശേരി നാലുകോടി കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ കെ.ടി. സെബാസ്റ്റ്യന്റെ ഭാര്യ മോളിക്കുട്ടി സെബാസ്റ്റ്യനും ഇന്നലെ മരിച്ചു. മോളിക്കുട്ടിക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. പതിനേഴു വർഷം മുൻപ് വിവാഹിതരായ ജിജോയും മഞ്ജുവും കഴിഞ്ഞ വർഷമാണു കുഞ്ഞിനെ ദത്തെടുത്തത്.

അന്ന് 6 മാസം പ്രായമുള്ള കുഞ്ഞിന് ഇവാൻ എന്നു പേരിട്ടു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ നഴ്സ് ആണ് മഞ്ജു. മഞ്ജുവിനൊപ്പം കോഴിക്കോട്ടായിരുന്നു ഇവാന്റെ താമസം. കറിക്കാട്ടൂരിൽ പുതിയ വീടിന്റെ നിർമാണം നടക്കുന്നതു മൂലം കുഞ്ഞിനെ കോഴിക്കോട്ടു നിന്നു നാട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല. വീടിന്റെ പണി പൂർത്തിയാക്കി, കഴിഞ്ഞ ഞായറാഴ്ച താമസം തുടങ്ങിയപ്പോഴാണ് പുതിയ വീടു കാണിക്കാൻ ഇവാനെ കൊണ്ടുവന്നത്. ഗൃഹപ്രവേശത്തിന്റെ ആഘോഷം ലളിതമായിരുന്നു. എങ്കിലും കുഞ്ഞിന്റെ മേളങ്ങൾ മാത്രം മതിയായിരുന്നു നാട്ടുകാർക്കും വീട്ടുകാർക്കും കേറിത്താമസം സന്തോഷഭരിതമാക്കാൻ.

വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് അർത്തുങ്കലിൽ പോയി മടങ്ങിവരുന്ന വഴി കാർ കുമരകത്ത് അപകടത്തിൽപെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ചീപ്പുങ്കലിനു സമീപത്തായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ജിജോയും മഞ്ജുവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീപ്പുങ്കൽ പാലം ഇറങ്ങി കുറെ ദൂരം മുന്നോട്ടു പോയ കാർ പിന്നീട് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു. മഞ്ജു ഇവാനുമായി മുൻസീറ്റിലായിരുന്നു. ഈ ഭാഗമാണ് മരത്തിൽ ഇടിച്ചത്. മോളിക്കുട്ടി സെബാസ്റ്റ്യന്റെ മറ്റു മക്കൾ: അഞ്ജു, റിഞ്ജു. മറ്റു മരുമക്കൾ: പയസ്മോൻ ജോസഫ് (പറപ്പള്ളി, മങ്കൊമ്പ്), ജോബി മാത്യു (ഇടപ്പാട്ട്, തൊടുപുഴ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA