ADVERTISEMENT

പാലാ ∙ സൈക്കിളിൽ നിന്ന് ബൈക്ക്! ബൈക്ക് പാർട്‌സുകളിൽ നിന്ന് ജീപ്പ്! പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി ജോസ്‌വിൻ ബിജോ ആരെയും‍ അത്ഭുതപ്പെടുത്തുന്നു. ‘ഡാഡീ, ഞാനുണ്ടാക്കിയ ബൈക്ക് കാണണോ' എന്ന് ജോസ്‌വിൻ ചോദിച്ചപ്പോൾ ഗ്ലാസ്‌വുഡ് കച്ചവടക്കാരനായ അപ്പൻ മകൻ എന്തോ കളിപ്പാട്ടം ഉണ്ടാക്കിയിരിക്കുന്നു എന്നേ തോന്നിയുള്ളു. സംഗതി നേരിൽ കണ്ടപ്പോൾ ബിജോ ശരിക്കും അമ്പരന്നുപോയി. സ്കൂളിൽ പോകാനായി വാങ്ങിച്ചുകൊടുത്ത സൈക്കിൾ മകൻ 50 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന ബൈക്കാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു!

ഇതിനു മുൻപ് കടലാസുകൊണ്ട് വെടിയുണ്ട ഉണ്ടാക്കി 40 മീറ്റർ വരെ ദൂരത്തേക്കു ഷൂട്ട് ചെയ്യാവുന്ന തോക്ക് ഉണ്ടാക്കിയപ്പോൾ അത് കളിപ്പാട്ടങ്ങളുടെ ഗണത്തിലാണ് ബിജോ പെടുത്തിയിരുന്നത്. ഇത്തവണ പക്ഷേ മകൻ ഞെട്ടിച്ചുകളഞ്ഞു. 4 ബാറ്ററികളും 750 വാട്‌സിന്റെ ഒരു ബിഎൽഡിസി ഗിയർ മോട്ടറും കൊണ്ട് അര മണിക്കൂർ ചാർജ് ചെയ്താൽ 35 കിലോമീറ്റർ വരെ പോകുന്ന ബൈക്ക് ഉണ്ടാക്കിയിരിക്കുന്നു. ടെക്‌നിക്കലായ എന്തുകണ്ടാലും വളരെ വേഗം പഠിച്ചെടുക്കുന്ന സ്വഭാവമാണ് ജോസ്‌വിന്റേത്. വീടിന്റെ പുറകുവശത്തെ മണ്ണെടുക്കാൻ ഒരു ദിവസം മണ്ണുമാന്തി യന്ത്രം വന്നതേയുള്ളു, വൈകുന്നേരം ജെസിബി റെഡി. നിർമാണ സാമഗ്രി ചോക്കോബാർ സ്റ്റിക്കുകളും.

കോവിഡ് ലോക്ഡൗണിന്റെ ആരംഭകാലത്ത് വീട്ടിൽ അടച്ചിരിക്കാൻ തുടങ്ങിയപ്പോഴാണ് ജോസ്‌വിനിലെ ശാസ്ത്രജ്ഞൻ പ്രവർത്തനനിരതനാകാൻ തുടങ്ങിയത്. കോഴിക്കൂട് നിർമിതിയായിരുന്നു തുടക്കം. പിന്നെ മുട്ട വിരിയിക്കുന്ന ഇൻക്യുബേറ്റർ ഉണ്ടാക്കി. 3 തവണയായി ഇൻക്യുബേറ്ററിൽ നിന്ന് 100ലേറെ കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങി. ജോസ്‌വിന്റെ പ്രതിഭ മനസ്സിലാക്കിയപ്പോൾ മുതൽ വല്യപ്പൻ ജോസും വല്യമ്മ കുട്ടിയമ്മയും പിതാവ്‍ ബിജോയും നീണ്ടൂർ എസ്കെവി ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപികയായ മാതാവ് ജിൻസിയും ചേച്ചി ജിയ മരിയയും അനുജത്തി ജെയിൻ മരിയയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ജോസ്‌വിനിപ്പോൾ ജീപ്പ് ഉണ്ടാക്കുന്ന തിരക്കിലാണ്. ഒരാഴ്ചകൊണ്ട് ജീപ്പ് നിർമാണം പൂർത്തിയാകും. പ്രവിത്താനം രാമപുരത്ത് കുടുംബാംഗമാണ് ജോസ്‌വിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com