ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ 3000 കടന്നു. ഇന്നലെ 3,091 പേർക്കു കോവിഡ് സ്ഥിരീകരിച്ചു, കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയ ശേഷം ജില്ലയിൽ പ്രതിദിനം സ്ഥിരീകരിക്കുന്ന കേസുകളിലെ ഉയർന്ന സംഖ്യകളിൽ ഒന്നാണ് ഇത്. 7,363 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,825 ൽ എത്തി.

ആശുപത്രികളിൽ എത്തുന്നത് കുറവ്
ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പോസിറ്റീവായവരുടെ എണ്ണത്തിൽ‍ കാര്യമായ വർധനയില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസ്. 446 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽത്തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെക്കുറവാണെന്നും കണക്കുകൾ. നേരത്തേ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിന്റെ 80 ശതമാനം വരെ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്ന കാര്യം.

ഇന്ന് 81 കേന്ദ്രങ്ങളിൽ വാക്സീൻ
ഇന്ന് 81 കേന്ദ്രങ്ങളിൽ വാക്സീൻ നൽകുമെന്നു കലക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സീൻ നൽകും.

സ്കൂളുകളിൽ വാക്സീൻ വിതരണം ആരംഭിച്ചില്ല
500 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ വാക്സീൻ നൽകാനാണു നിർദേശം.ജില്ലയിൽ ഇത്തരത്തിൽ സ്കൂളുകൾ ഇല്ല. 200–300 വിദ്യാർഥികളിൽ കൂടുതൽ വാക്സീൻ എടുക്കാനുള്ള സ്കൂളുകൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരും എത്തിയില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

മെഡിക്കൽ കോളജിൽ 80 ജീവനക്കാർക്ക് കോവിഡ്

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 ഡോക്ടർമാർ ഉൾപ്പെടെ 80 ജീവനക്കാർക്കു കോവിഡ്. നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ, ശുചീകരണ ജീവനക്കാർ തുടങ്ങിയവരാണ് പോസിറ്റീവായത്. ഇതോടെ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. നേരത്തേ പോസിറ്റീവായ ഡോക്ടർമാരും ജീവനക്കാരുമാണ് ഇവരിൽ പലരും. ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക.

വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. കിടത്തിച്ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാർഡിൽ അനുവദിക്കും ഡോക്ടറുടെ രേഖാമൂലമുള്ള നിർദേശം ഉണ്ടെങ്കിലേ വാർഡിൽ 2 കൂട്ടിരിപ്പുകാരെ അനുവദിക്കൂ. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകൾ നിർത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി.

ഡോ. ടി.കെ. ജയകുമാർ,സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി
"കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാർഡുകൾ സജ്ജമാണ്. അത്യാഹിത വിഭാഗത്തിനു മുകളിലെ 2 നിലകളിൽ പൂർണമായും കോവിഡ് ബാധിതരെ കിടത്തും. 9–ാം വാർഡ് ഏറ്റെടുക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കു മാത്രമേ കിടത്തി ചികിത്സ നൽകൂ. 100 ൽ അധികം വെന്റിലേറ്ററുകളും ഓക്സിജൻ സൗകര്യമുള്ള കിടക്കകളും ഉണ്ട്."

ഡോ. എൻ.പ്രിയ, ജില്ലാ മെഡിക്കൽ ഓഫിസർ, കോട്ടയം
"ആശങ്ക ഉയർത്തുന്ന സ്ഥിതിയില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. സംസ്ഥാന തല അവലോകന യോഗത്തിൽ ഹൈ റിസ്ക് ജില്ലയായി കോട്ടയത്തെ ഉൾപ്പെടുത്തിയിട്ടില്ല.വാക്സീൻ കൂടുതൽപ്പേർ എടുത്തതാകാം കോവിഡ് വന്നാലും രൂക്ഷമാകാതെ കടന്നു പോകുന്നത്. എല്ലാവരും വാക്സീൻ സ്വീകരിക്കണം."

കോവിഡ് കാലത്ത് പരീക്ഷ പരാതിയുമായി വിദ്യാർഥികൾ

കോട്ടയം ∙കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടത്താനുള്ള എംജി സർവകലാശാലാ തീരുമാനത്തിനെതിരെ വിദ്യാർഥികൾ. ഹോസ്റ്റലുകളിലും കോളജുകളിലും കോവിഡും ചിക്കൻ പോക്സും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും പരീക്ഷയുമായി മുൻപോട്ടു പോകാനുള്ള തീരുമാനത്തിനെതിരെ കുറവിലങ്ങാട് ദേവമാതാ കോളജിലെ വിദ്യാർഥികളാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കുറിപ്പ് എഴുതിയത്. കോവിഡ് ബാധിതരായ ഒട്ടേറെ പേർക്ക് പരീക്ഷ എഴുതാനാവില്ലെന്ന് അറിഞ്ഞിട്ടും പരീക്ഷ നടത്തണമെന്ന വാശിയിലാണ് സർവകലാശാലയെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. പ്രശ്നങ്ങൾ വൈസ് ചാൻസലറെ അറിയിച്ചെങ്കിലും നടപടിയില്ലെന്നും ഇവർ പറയുന്നു.

ഇന്നത്തെ നാലാം സെമസ്റ്റർ പരീക്ഷ മാറ്റിയെങ്കിലും നിലവിലെ നാലാം സെമസ്റ്റർ വിദ്യാർഥികളുടെ നേരത്തേ മാറ്റിവച്ച രണ്ടാം സെമസ്റ്റർ പരീക്ഷ ഇന്നു നടത്തുമെന്നാണ് സർവകലാശാല അറിയിച്ചത്. രണ്ടാം സെമസ്റ്റർ ക്ലാസുകൾ നടന്നത് കോവിഡിന്റെ ആദ്യ തരംഗത്തിനിടെ ആയിരുന്നതിനാൽ ഓൺലൈനായി രണ്ടു മാസമാണു ക്ലാസുകൾക്കായി ലഭിച്ചതെന്നും ഇവർ പറയുന്നു. അധ്യാപകരും വിദ്യാർഥികളും സർവകലാശാലയെ ബന്ധപ്പെട്ടിട്ടും പരീക്ഷകളിൽ മാറ്റമുണ്ടായില്ല. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ വിദ്യാർഥികളുടെ സൗകര്യപ്രകാരം പരീക്ഷ മാറ്റിയിട്ടും എംജിയിൽ മാറ്റമില്ലന്നാണ് വിദ്യാർഥികളുടെ പരാതി. മാറ്റിവയ്ക്കപ്പെട്ട നാലാം സെമസ്റ്റർ ഒഴികെ പരീക്ഷകൾ നേരത്തേ അറിയിച്ചതു പോലെ തന്നെ നടത്തുമെന്ന് എംജി സർവകലാശാല അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com