ADVERTISEMENT

കോട്ടയം ∙ ഷാൻ ബാബുവിനെ കൊലപ്പെടുത്തുന്നതിനു മുൻപ് 5 പ്രതികൾ കഴിച്ചത് 4 ലീറ്റർ മദ്യം. കൂടാതെ ലഹരിയും. 5 പ്രതികളും ചേർന്ന് കൈ കൊണ്ടും വടി കൊണ്ടും ഷാനിനെ 3 മണിക്കൂർ തല്ലിച്ചതച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഷാൻ ബോധംകെട്ടതു പോലും മദ്യ ലഹരിയിലുള്ള പ്രതികൾ അറിഞ്ഞില്ല. എതിർ സംഘാംഗം സൂര്യൻ (ശരത് പി. രാജ്) എവിടെയെന്നു പറയാൻ വേണ്ടിയായിരുന്നു മർദനം. ക്രൂരമായ മർദനമേറ്റിട്ടും അറിയില്ല, അറിയില്ല എന്നു മാത്രമാണ് ഷാൻ പറഞ്ഞത്. സൂര്യന്റെ ഫോൺ നമ്പർ ഷാൻ കൈമാറിയില്ല. എതു വിധേനയും ഷാനിനെ കൊണ്ടു പറയിപ്പിക്കുമെന്ന വാശിയിൽ പ്രതികൾ തല്ലിയെന്നും പൊലീസ് പറയുന്നു.

കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് അരുംകൊലയുടെ പൂർണ വിവരങ്ങളുള്ളത്. പ്രതികൾ നൽകിയ വിവരങ്ങൾ പൂർണമായി വിശ്വസിക്കുന്നില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾക്കു ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. രണ്ടാം പ്രതി ലുതീഷിനെ എതിർ സംഘാംഗം സൂര്യൻ മർദിച്ചതും അതിലെ ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതുമാണ് കൊലയ്ക്ക് പ്രകോപനം. സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ ലൈക് ചെയ്തതാണ് പ്രതികൾ ഷാനെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

പ്രതികളുടെ കഞ്ചാവ് കടത്തു ബന്ധം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. 5-ാം പ്രതി ഓട്ടോറിക്ഷാ ഡ്രൈവർ കെ. ബിനുമോന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) വിധി പറയും. ജാമ്യം നൽകരുതെന്നും കസ്റ്റഡി ആവശ്യമാണെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സീന ബെൻ കോടതിയിൽ അറിയിച്ചു. ബിനു മോനെ കൂടാതെ കെ.ഡി. ജോമോൻ (ജോമോൻ ജോസഫ് –38), ലുതീഷ് (പുൽച്ചാടി –28), സുധീഷ് ( 21), കിരൺ (23) എന്നിവരും റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ദിവസം പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകും.

സൂര്യൻ എവിടെ?

ഷാൻ വധക്കേസിൽ ഗുണ്ടാ സംഘം നേതാവ് സൂര്യനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സമീപ ജില്ലകൾ കേന്ദ്രീകരിച്ചാണ് സൂര്യൻ പ്രവർത്തിക്കുന്നതെന്നാണ് രഹസ്യ വിവരം. സൂര്യൻ, ലുതീഷ് എന്നിവരുടെ കഞ്ചാവു സംഘങ്ങളെക്കുറിച്ചും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താനാണിത്. 5 പ്രതികളെയും പലവട്ടം ചോദ്യം ചെയ്തെങ്കിലും എല്ലാവരും ഒരേ കാര്യമാണു പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com