ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പേരിൽ ബേബിയാണെങ്കിലും കാഞ്ഞിരപ്പള്ളിക്കാരുടെ വലിയ സിനിമാ ലോകമായിരുന്നു ബേബി ടാക്കീസ്‍. ചലച്ചിത്ര കലയുടെ അത്ഭുതവും വിസ്മയവും കാഞ്ഞിരപ്പള്ളിക്കാരെ അഭ്രപാളികളിൽ ആദ്യം കാണിച്ച കൊട്ടക. 1950 ൽ ആരംഭിച്ച് ‍ 70 വർഷം പിന്നിട്ടപ്പോഴാണ് ലോക്ഡൗണിനൊപ്പം കൊട്ടകയ്ക്കും പൂട്ടുവീണത്. 2 വർഷമായി പ്രവർത്തിക്കാതെ കിടന്ന തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കാലപ്പഴക്കത്താൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണു.

ബേബി ടാക്കീസ് ഒരു ഫ്ലാഷ് ബാക്ക്

1950ൽ മാളിയേക്കൽ കെ.ടി. വർഗീസാണ് കാഞ്ഞിരപ്പള്ളിയിലെ ആദ്യ തിയറ്ററായ ബേബി ടാക്കീസ് ആരംഭിക്കുന്നത്. തറ, ബെഞ്ച്,കസേര എന്നിങ്ങനെയായിരുന്നു അന്നത്തെ ഇരിപ്പിടങ്ങൾ. പിന്നീട് തിയറ്റർ വാടകയ്ക്കു നൽകി. ആധുനിക സാങ്കേതിക സംവിധാനം തിയറ്ററിൽ ഒരുക്കിയെങ്കിലും ഉടമയും വാടകക്കാരനും തമ്മിൽ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കെട്ടിടം നവീകരിച്ചില്ല.

നിറഞ്ഞ സദസ്സിൽ....

1960ൽ റിലീസായ ഉമ്മ, 1962ൽ റിലീസ് ചെയ്ത ഭാര്യ, വീണ്ടും ചലിക്കുന്ന ചക്രം, വിടപറയും മുൻപേ, ആവനാഴി, ചിത്രം, ഇരുപതാം നൂറ്റാണ്ട്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ നൂറു ദിവസം ബേബി തിയറ്ററിൽ ഓടി. വിട പറയും മുൻപേ 100 ദിവസം ഓടിയതിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ശങ്കരാടി ഉൾപ്പെടെ താരങ്ങൾ ഇവിടെയെത്തി. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ജോപ്പന്റെ സ്വന്തം തിയറ്ററായും ബേബി ‘അഭിനയിച്ചു’. മമ്മൂട്ടി തിയറ്ററിലിരുന്നു സിനിമ കാണുന്ന രംഗം ഇവിടെയാണ് ചിത്രീകരിച്ചത്.

തലമുറകളുടെ സ്വന്തം ടാക്കീസ്

തലമുറകൾക്ക് സിനിമയുടെ ബാലപാഠവും ആസ്വാദനവും പകർന്ന ബേബി തിയറ്റർ കാഞ്ഞിരപ്പള്ളിയുടെ കലാ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലാണ്. തമ്പി കണ്ണന്താനം, ബാബു ആന്റണി, സഹനടൻ പീതാംബരൻ തുടങ്ങി ചലച്ചിത്ര രംഗത്തെത്തിയവർ ഏറെയും ബേബി തിയറ്ററിലെ സിനിമാ ആസ്വാദകരായിരുന്നു.

ഫിലിം പെട്ടിക്കായുള്ള കാത്തിരിപ്പ് രസമായിരുന്നു. പോസ്റ്റർ ഒട്ടിക്കാൻ എത്തുമ്പോൾ ആളുകൾ ആകാംക്ഷയോടെ ഓടിക്കൂടും. ഇഷ്ട താരങ്ങളുടെ സിനിമ വന്നോ യെന്നറിയാൻ അന്ന് പോസ്റ്ററും അനൗൺസ്മെന്റുമായിരുന്നു മാർഗം. 20 വയസ്സുള്ളപ്പോൾ തിയറ്ററിൽ എത്തിയതാണ്. ടിക്കറ്റ് വാങ്ങി ആളുകളെ കയറ്റിവിടുന്നതു മുതൽ പോസ്റ്റർ ഒട്ടിക്കുന്ന ജോലി വരെ ചെയ്യുമായിരുന്നു.
കെ.എം. നാസർ ഇല്ലിക്കൽ,കല്ലുങ്കൽ നഗർ, കാഞ്ഞിരപ്പള്ളി.

അന്നൊക്കെ എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു. 3 ഷോകൾ എന്നുള്ളത് പിന്നീട് 4 ആക്കി. സിനിമ ഓപ്പറേറ്റർ ട്രെയിനിയായിട്ടാണ് ബേബി തിയറ്ററിൽ എത്തിയത്. പിന്നീട് ഓപ്പറേറ്ററായി. ടിക്കറ്റ് കൗണ്ടറിൽ ഉൾപ്പെടെ ഓൾ റൗണ്ടറായും 17 വർഷക്കാലം ജോലി ചെയ്തു.
ജാഫർ കണ്ടത്തിൽ, കാഞ്ഞിരപ്പള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com