ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ ഇന്നലെ 3053 പേർ കൂടി കോവിഡ് പോസിറ്റീവായി. ടിപിആർ 44.67%. 101 ആരോഗ്യ പ്രവർത്തകരും പോസിറ്റീവായി. 16209 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ പോസിറ്റീവായത്– 459 പേർ.ജില്ലയിൽ അതിവേഗം പടർന്നു പിടിക്കുന്നത് ഒമിക്രോൺ വകഭേദമാണോ എന്നു കണ്ടെത്തുന്നതിനു നടപടി തുടങ്ങി. വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച 70 സാംപിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലേക്ക് അയച്ചു.

ഓഫിസുകളിൽ നിയന്ത്രണം

മിനി സിവിൽ സ്റ്റേഷനിൽ 15 ജീവനക്കാർ രോഗബാധിതരായി. ഇതോടെ കലക്ടറേറ്റിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ഘട്ടത്തിൽ മാത്രമാണു പുറത്തുനിന്നുള്ള സന്ദർശകരെ പ്രവേശിപ്പിക്കുക. വിവിധ അപേക്ഷകൾ സ്വീകരിക്കാൻ ഓഫിസുകൾക്കു മുൻപിൽ പെട്ടികൾ സ്ഥാപിച്ചു. കലക്ടറെ കാണാൻ എത്തുന്നവരോടു വിവരങ്ങൾ അന്വേഷിക്കുന്നതിന് ഓഫിസിനു പുറത്ത് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചതായും എഡിഎം ജിനു പുന്നൂസ് അറിയിച്ചു. താലൂക്ക് ഓഫിസ് സ്ഥിതി ചെയ്യുന്ന പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷനിലും നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് അപേക്ഷകരെ നേരിട്ടു കാണുന്നുള്ളൂ. ഇവിടെയും ഓഫിസിനു പുറത്തു പെട്ടികൾ സ്ഥാപിച്ചു.

മെഡിക്കൽ കോളജിൽ സ്ഥിതി ഗുരുതരം

40 ഡോക്ടർമാർ ഉൾപ്പെടെ 145 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായത് മെഡിക്കൽ കോളജിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശസ്ത്രക്രിയകൾ മാറ്റിവച്ചു. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമാണു നടത്തുന്നത്. 15 പേർക്ക് കോവിഡ് ബാധിച്ചതോടെ ഹൗസ് സർജൻമാരുടെ ക്വാർട്ടേഴ്സ് കോവിഡ് ക്ലസ്റ്റർ ആക്കി. റേഡിയോളജി വിഭാഗത്തിൽ പതിനഞ്ചിൽ പരം പേർക്കാണു കോവിഡ്. ഇതോടെ എക്സ്റേ, സിടി സ്കാൻ പരിശോധനകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.

കിടപ്പു രോഗികൾക്കു മാത്രമാണ് ഈ പരിശോധനകൾ നടത്തുക. എംആർഐ സ്കാനിങ് വിഭാഗം രാത്രി പ്രവർത്തിക്കില്ല. പകൽ കിടപ്പുരോഗികളുടെ പരിശോധന നടത്തും. കിടപ്പുരോഗികളുടെ എണ്ണവും കുറച്ചു.കോട്ടയം ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ ഉൾപ്പെടെ 35 ജീവനക്കാർക്കു കോവിഡ് ബാധിച്ചതോടെ സാധാരണ ശസ്ത്രക്രിയ തിയറ്റർ ഭാഗികമായി അടച്ചു.

പരിശോധന പരിമിതം

ജില്ലയിൽ ആരോഗ്യവകുപ്പിന്റെ സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോൾ പരമാവധി 7500 മുതൽ 8000 പരിശോധനകളാണു ജില്ലയിൽ നടത്തുന്നത്. മെഡിക്കൽ കോളജ്, ജനറൽ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ എല്ലാ ദിവസവും സാംപിൾ ശേഖരിക്കും. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ശേഖരിക്കുന്നത്. ഇതുമൂലം സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് ഇന്നലെ വൻ തിരക്കായിരുന്നു.

ചികിത്സാ സൗകര്യം കുറവ്

കോവിഡ് കുതിക്കുമ്പോഴും ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ കുറവ്. ആശുപത്രികൾ നിറഞ്ഞു തുടങ്ങി. നേരത്തേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും പിന്നീട് അവരെ എൻആർഎച്ച്എം പിരിച്ചു വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒമിക്രോൺ ഐസലേഷൻ വാർഡ് മാത്രമാണുള്ളത്. കോവിഡ് ബാധിതരെ കിടത്തിച്ചികിത്സിക്കുന്നില്ല.പാമ്പാടി ഗവ.താലൂക്ക് ആശുപത്രി വീണ്ടും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി. ജീവനക്കാരുടെ കുറവു കാരണം 40 ബെഡ് മാത്രമേയുള്ളൂ.

ഇന്നും 30നും ഈ ഇളവുകൾ

ഇന്നും അടുത്ത ഞായറാഴ്ചയും അനുവദനീയമായ ഇളവുകൾ പ്രഖ്യാപിച്ചു ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.

∙അടിയന്തര – അവശ്യ സേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്കു പ്രവർത്തിക്കാം. ജീവനക്കാർ യാത്രയ്ക്കു സ്ഥാപനത്തിന്റെ ഐഡി കാർഡ് കയ്യിൽ കരുതണം.
∙ചികിത്സയ്ക്കു പോകുന്ന രോഗികൾ, വാക്സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്സിനേഷൻ രേഖ എന്നിവ ഉപയോഗിച്ചു യാത്ര അനുവദനീയം.‌
∙ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലിക്കായി യാത്രയ്ക്ക് അനുമതിയുണ്ട്. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫിസിലെത്തേണ്ടതുള്ളൂ.
∙ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 മണിവരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
∙ദീർഘദൂര ബസ് സർവീസ്, ട്രെയിൻ വിമാനയാത്രകൾ അനുവദനീയമാണ്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കു യാത്രക്കാരെ കൊണ്ടുപോകുന്നതിന് ടാക്സികൾ ഉൾപ്പെടെയുള്ളയ്ക്ക് അനുമതിയുണ്ട്. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാരേഖകൾ / ടിക്കറ്റ് കയ്യിൽ കരുതേണ്ടതുമാണ്.
∙ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി, പാഴ്സൽ എന്നിവയ്ക്കായി രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം.
∙വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർക്കു മാത്രം അനുമതി. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം.
∙ഇ– കൊമേഴ്സ്, കുറിയർ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 വരെ അനുവദനീയം.
∙ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർക്ക് രേഖകൾ സഹിതം യാത്ര ചെയ്യാം. സ്വന്തം വാഹനമോ ടാക്സിയോ ഉപയോഗിക്കാം. ഹോട്ടൽ, റിസോർട് താമസം അനുവദനീയമാണ്.
∙മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടി ഉള്ളവർക്കും അഡ്മിറ്റ് കാർഡ്, ഐഡി കാർഡ്, ഹാൾ ടിക്കറ്റ് എന്നിവ ഉപയോഗിച്ചു യാത്ര ചെയ്യാം.
∙ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്സിങ് ഹോം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയം.
∙ടോൾ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ മീഡിയ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദനീയം.
∙ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു യാത്ര അനുവദനീയം.
∙അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന വർക്ക്‌ഷോപ്പുകൾക്കു പ്രവർത്തിക്കാം.
∙കള്ളുഷാപ്പുകൾക്ക് പാഴ്‌സൽ സർവീസിനായി രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. അതേസമയം, ഇന്നും 30നും ബാറുകളുടെ പ്രവർത്തനം കലക്ടർ നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com