ADVERTISEMENT

നാടുകാണികളേ, തീക്കോയിലേക്കു വരൂ... മേടും മലയും ചെറുതാഴ്‌വാരങ്ങളും കുഞ്ഞരുവികളും നിറഞ്ഞൊരു നാടു കാണാം. കാലങ്ങൾക്കു മുൻപു കാടുകൾ നിറഞ്ഞൊരു ഇടമായിരുന്നു. വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ നിറഞ്ഞ നാട്. കോട്ടയത്തു നിന്നു വാഗമണ്ണിലേക്കു പോകും വഴി തീക്കോയിയിൽ എത്താം. 11ാം നൂറ്റാണ്ടിൽ തെക്കുംകൂർ നാടുവാഴികളുടെ ഭരണത്തിലായിരുന്നു ഇവിടം. ജന്മിമാർ ഭൂമി പാട്ട വ്യവസ്ഥയിൽ കൃഷിക്കു കൊടുത്തു. നെല്ല്, മരച്ചീനി, ചേന, ചേമ്പ് അങ്ങനെ മണ്ണിൽ പൊന്നുവിളഞ്ഞു.

തീക്കോയി ആറ്റുതീരത്തെ കൊട്ടാരത്തുപാറയ്ക്കു സമീപത്തെ പുരയിടത്തിൽ നിന്നു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു കിട്ടിയതായി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ തെക്കുംകൂർ നാടുവാഴികളുടെ കുടുംബത്തിൽപെട്ടവർ ഇവിടെ താമസിച്ചിരുന്നെന്നു വേണം കരുതാൻ. തെക്കുംകൂർ നാടുവാഴികളുടെ ഉപ ആസ്ഥാനമായിരുന്നു ഇവിടത്തെ കോവിലകമെന്നും കീഴ്കോവിൽ എന്നാണു കോവിലകം അറിയപ്പെട്ടിരുന്നതെന്നും പറയുന്നു. കീഴ്കോവിൽ എന്ന കൊട്ടാര നാമത്തിൽ നിന്നാണ് തീക്കോയി എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരഭിപ്രായമുണ്ട്.

ഇംഗ്ലണ്ടിലെ ഡാറാസ് മെയിൽ കമ്പനി തീക്കോയിയിൽ റബർ കൃഷി ആരംഭിക്കുന്നത് 1908ലാണ്. അതു മറ്റൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. ഡാറാസ് മെയിൽ കമ്പനിക്കു സിലോണിൽ റബർ തോട്ടങ്ങളുടെ ഒരു ശൃംഖല തന്നെയുണ്ടായിരുന്നു. അവിടത്തെ ‘തിക്കോയ’ എന്ന സ്ഥലമായിരുന്നു കമ്പനി വക സ്ഥലങ്ങളുടെ ആസ്ഥാനം. തിക്കോയ ആസ്ഥാനമായ കമ്പനിയുടെ എസ്റ്റേറ്റ് ആയതിനാൽ തിക്കോയ എന്നു വിളിച്ചു തീക്കോയി ആയി എന്നാണു മറ്റൊരു കഥ.സിലോണിൽ പരിശീലനം പൂർത്തിയാക്കിയ 1500 തമിഴ് വംശജരായിരുന്നു എസ്റ്റേറ്റിലെ ആദ്യ തൊഴിലാളികൾ. അടുത്ത വർഷം അവധിക്കു നാട്ടിൽ പോയത് ഇവരിൽ 650 പേർ മാത്രം. ബാക്കിയുള്ളവർ മലമ്പനിയും വസൂരിയും പിടിപെട്ടു മരിച്ചു. എസ്റ്റേറ്റ് ആവശ്യത്തിനായി ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയിയിലേക്കു കമ്പനിക്കാർ റോഡ് ഉണ്ടാക്കിയതോടെ ഈ നാട്ടിലേക്കു കുടിയേറ്റം ആരംഭിച്ചു.

കഥകൾ കേട്ടു യാത്ര ഇല്ലിക്കൽക്കല്ലിൽ നിന്നു വരുന്ന മീനച്ചിലാറിന്റെ കൈവഴി ഒഴുകുന്നിടത്തെത്തി. ഈ കൈവഴിക്കു കുറുകെ ചാമപ്പാറയിലേക്കു നടന്നു കയറാനുള്ള തൂക്കുപാലം കാണാം. ബ്രിട്ടിഷുകാർ നിർമിച്ച പാലം പലതവണ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഇക്കഴിഞ്ഞ പ്രളയത്തിലും ഉരുൾപൊട്ടലിലും അപകടാവസ്ഥയിലായി. തീക്കോയി പഞ്ചായത്തിനെയും തലനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തെ 150ൽ അധികം പേർ ദിവസവും ആശ്രയിക്കുന്നു. ചരിത്രം കഥപറയുന്ന പാലം കാണാൻ ദിവസവും നൂറു വിനോദസഞ്ചാരികളെങ്കിലും എത്താറുണ്ടെന്ന് പരിസരവാസിയായ ഇല്ലിക്കുന്ന് മുല്ലയ്ക്കൽ കൃഷ്ണൻ പറഞ്ഞു. എന്തായാലും ഒന്നു പറയാതെ വയ്യ, പറഞ്ഞറിയിക്കുന്നതിലും മനോഹരമാണ് തീക്കോയിയുടെ സൗന്ദര്യം. വരൂ, ചരിത്രത്തിന്റെ കഥയറിഞ്ഞു കാണാം ഈ നാടിന്റെ സൗന്ദര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com