ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലാ ക്യാംപസിലെ പഠന വകുപ്പുകളിലെ പരീക്ഷകൾ മാറ്റി, ക്ലാസുകൾ ഓൺലൈനാക്കി. അതേസമയം കോളജുകളിൽ പരീക്ഷകൾ തുടരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർഥികൾ രംഗത്തെത്തി. സർവകലാശാലാ ക്യാംപസിലെ കോവിഡ് വ്യാപനം മൂലം പഠനവകുപ്പുകളിലെ ക്ലാസുകൾ ഓൺലൈനാക്കി. പരീക്ഷകൾ മാറ്റിവച്ചു. ഈ സാഹചര്യത്തിൽ കോളജുകളിലെ പരീക്ഷകൾ ഓഫ്‌ലൈനായി തുടരുന്നതാണു വിദ്യാർഥികളെ ചൊടിപ്പിച്ചത്.

ഒരേ സർവകലാശാലയിൽ 2 നിയമങ്ങൾ പിന്തുടരുന്നുവെന്നാണ് അവരുടെ ആരോപണം. 5ാം സെമസ്റ്റർ ബിരുദ, 2ാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. എന്നാൽ സർവകലാശാലാ പഠനവകുപ്പുകളിലെ പരീക്ഷകളും അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷകളും തമ്മിൽ കൂട്ടിവായിക്കേണ്ട കാര്യമില്ലെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. പഠനവകുപ്പുകളിലെ എല്ലാ പരീക്ഷകളും നടത്തുന്നത് അവരുടേതായ സമയക്രമത്തിലാണ്.

വ്യത്യസ്ത കേന്ദ്രങ്ങളുടെ കീഴിലാണു 2 പരീക്ഷകളും നടക്കുന്നത്. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ഇപ്പോൾ തന്നെ പരീക്ഷ നടത്തുന്നതെന്ന് സിൻഡിക്കറ്റ് അംഗവും പരീക്ഷാ വിഭാഗം കൺവീനറുമായി ഡോ. ബി.കേരള വർമ പറഞ്ഞു. 2020ൽ നടക്കേണ്ടതും കോവിഡ് സാഹചര്യങ്ങൾ മൂലം പലവട്ടം മാറ്റിവയ്ക്കപ്പെട്ടതുമായ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴെങ്കിലും നടത്തിയില്ലെങ്കിൽ സമയബന്ധിതമായി വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കാൻ സാധിക്കാതെ വരും.

നിലവിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കു പിന്നീട് ആദ്യ അവസരമായി തന്നെ എഴുതാനുള്ള അവസരം സർവകലാശാല ഒരുക്കുന്നുണ്ട്. പരീക്ഷയിൽ മെച്ചപ്പെട്ട ഫലം വേണമെന്നുള്ളവർക്കായി നടത്തേണ്ട ഇംപ്രൂവ്മെന്റ് പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും നടത്തേണ്ടതുണ്ട്. ഇപ്പോൾ പരീക്ഷ മാറ്റിവച്ചാൽ ഇതൊന്നും നടത്താൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com