ADVERTISEMENT

ചോറ്റി∙ വിടാതെ പിന്തുടർന്നെത്തിയ ദുർവിധി അനന്തുവിനെ കവർന്നെടുത്തു. ദേശീയപാതയിൽ നിർമലാരാം ജംക്‌ഷനിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ, ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു(21) മരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീടും തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ എട്ടിനാണ് അപകടമുണ്ടായത്.

ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.. കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികൾക്കു പോകുന്ന അമ്മ രാധയും അനന്തുവും ഉൾപ്പെടുന്ന കുടുംബം ദുരന്തം തകർത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.

ആയുർവേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ചേരാനിരിക്കെയാണ് അപകടം. തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനോടു ശുപാർശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി.ഇ.ഷൈൻ കുമാർ അറിയിച്ചു. സംസ്കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com