ADVERTISEMENT

കൂരോപ്പട∙  ളാക്കാട്ടൂരിലെ ബനിയൻ ചേട്ടനും ചേട്ടന്റെ പുഞ്ചിരിയും ഇപ്പോൾ ‘ഇ – ലോക’ പ്രസിദ്ധമാണ്. പല നാടുകളിൽ നിന്നു വ്ലോഗർമാർ രുചി പിടിച്ച് ചന്ദ്രശേഖരൻ നായർ (ശേഖരൻ കുട്ടി) എന്ന ബനിയൻ ചേട്ടനെത്തേടി ഗ്രാമപ്രദേശത്തെ ഈ ചായക്കടയിൽ എത്തുന്നുണ്ട്. ഇതോടെ നവമാധ്യമങ്ങളിൽ ചേട്ടൻ താരമായി.കുടുംബ കാര്യമാണ് ബനിയൻ ചേട്ടന്റെ ചായക്കട.  കുടുംബാംഗങ്ങൾ ചേർന്നു വിറകടുപ്പിലാണ് പാചകം. സഹോദരങ്ങളായ പുരുഷോത്തമൻ നായർ, കരുണാകരൻ നായർ, സുകുമാരൻനായർ എന്നിവർക്കൊപ്പം  43 വർഷം മുൻപാണ് ളാക്കാട്ടൂരിൽ ശേഖരൻകുട്ടി ചായക്കട തുറന്നത്. ഇപ്പോൾ കരുണാകരൻ നായരും ശേഖരൻ കുട്ടിയും ചേർന്നാണ് കട നടത്തിപ്പ്.

കരുണാകരൻ നായരുടെ ഭാര്യ ശ്യാമളയും ശേഖരൻ കുട്ടിയുടെ ഭാര്യ പുഷ്‌പകുമാരിയും കൂടി ചേരുന്നതോടെ ചായക്കടയുടെ അടുക്കളയിൽ കുടുംബ സാന്നിധ്യമേറുന്നു. മീറ്റർ ചായ ശേഖരൻ കുട്ടിയുടെ സ്പെഷലാണ്. പൊറോട്ട തയാറാക്കുന്നത് മക്കളാണ്. ചായക്കട തുടങ്ങിയതു മുതൽ ലുങ്കിയും ബനിയനുമാണ് ശേഖരൻ കുട്ടിയുടെ യൂണിഫോം. ആ വേഷത്തിൽ എവിടെപ്പോകാനും മടിയൊന്നുമില്ല. തൊട്ടടുത്തുള്ള ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസിൽ ചായയുമായി ചെല്ലുമ്പോഴും വേഷത്തിനു മാറ്റമില്ല. സ്കൂളിലെ അല്മ്നെ അസോസിയേഷൻ അംഗങ്ങൾക്കു പ്രിയപ്പെട്ടയാളാണ് ബനിയൻ ചേട്ടൻ. വിവിധ നാടുകളിൽ ജോലി ചെയ്യുന്ന പലരും നാട്ടിലെത്തുന്ന വേളയിൽ ചേട്ടന്റെ ചായക്കടയിലുമെത്തുന്നു.

ചായ കുടിച്ച് ഭക്ഷണം കഴിച്ച് സെൽഫിയുമെടുത്തു മടങ്ങുമ്പോൾ ഓർമകളിൽ നിറയുന്നത് പഴയ സ്കൂൾ കാലം. നാട്ടുവിശേഷങ്ങൾ സംസാരിക്കാൻ മാത്രമല്ല, കടയിൽ എത്തുന്നവർക്കു നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു വാർത്താ ബോർഡ് ചായക്കടയിലുണ്ട്. നാട്ടിൽ ആരെങ്കിലും നോട്ടിസടിച്ചാൽ ഒരു കോപ്പി ശേഖരൻകുട്ടിച്ചേട്ടനും കൊടുക്കുന്നു, ഈ ബോർഡിൽ പതിക്കാൻ.ബനിയൻ മാറ്റാത്തതിന്റെ സീക്രട്ട് ചോദിച്ചാൽ ശേഖരൻ കുട്ടി പറയും; മാസ്ക് വച്ചാലും ബനിയൻ ഉണ്ടെങ്കിൽ എന്നെ തിരിച്ചറിയാം.  ഒരിക്കൽ ചേട്ടന്റെ മകന്റെ കല്യാണത്തിനു ഷർട്ടിട്ടു പോയിട്ടു ആരും തിരിച്ചറി​​​​ഞ്ഞില്ല !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com