ADVERTISEMENT

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ നൃത്തം അവതരിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് കോട്ടയം ബസേലിയസ് കോളജ് സംഘത്തെ നയിച്ച ആരതി ഷാജി എഴുതുന്നു

കലാകാരി എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ വേദി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ 10 പേരും. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പരേഡ് നേരിൽ കാണാൻ എത്തിയ രാജ്യത്തെ അതിവിശിഷ്ട വ്യക്തികൾക്കൊപ്പം നേരിട്ട് എല്ലാവരും പ്രകടനം കണ്ടു. ഭരതനാട്യത്തിന്റെ ചുവടുകൾ ഡൽഹിയിലെ പ്രശസ്തമായ രാജ്പഥിൽ അവതരിപ്പിച്ചപ്പോൾ അത് അഭിമാനത്തിന്റെ നിമിഷം. ശക്തമായ പിന്തുണയുമായി നിന്ന കോളജിനും അധികൃതർക്കും എല്ലാം നന്ദി.7ന് ഡൽഹിയിൽ എത്തിയതാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്നു മുതൽ ബയോബബ്ളിൽ ആയിരുന്നു. ഡൽഹിയിൽ സെവൻ സ്റ്റാർ ഹോട്ടലായ അശോകയിലാണു കേന്ദ്ര സാസ്കാരിക മന്ത്രാലയം താമസം ഒരുക്കിയിരുന്നത്. 

പ്രാക്ടിസ് ഉണ്ടായിരുന്നു ഓരോ ദിവസവും. 23ന് റിപ്പബ്ലിക് ദിനത്തിലെ പരേഡ് എങ്ങനെയോ അതു പോലെ തന്നെ ഡ്രസ് റിഹേഴ്സലുമുണ്ടായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതോടെ സന്തോഷം ഇരട്ടിയായി. പരേഡ് കഴിഞ്ഞ ശേഷമാണ് സത്യത്തിൽ ഡൽഹി കാണാൻ സാധിച്ചത്. കുറച്ച് രക്ഷിതാക്കൾ പരേഡ് കാണാനായി എത്തിയിരുന്നു. അവർക്കൊപ്പം 2 ദിവസം കൊണ്ട് ഡൽഹിയിൽ ഒന്നു കറങ്ങണം. ഇന്ന് ഇവിടെ നിന്നു നാട്ടിലേക്കു തിരിക്കും. ദൂരെ നിന്നെങ്കിലും കാണണമെന്നു വിചാരിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി തീരാൻ സാധിച്ച സന്തോഷം, അതു വാക്കുകളിൽ ഒതുക്കാനാവില്ല.

കോട്ടയത്തിന്റെ പെൺസംഘം

റിപ്പബ്ലിക് ദിന പരേഡിൽ നൃത്തം അവതരിപ്പിക്കാനാണു കോട്ടയം ബസേലിയസ് കോളജിലെ 10 അംഗ പെൺകുട്ടികളുടെ സംഘത്തെ തിര‍ഞ്ഞെടുത്തത്. എൻഎസ്എസ് വൊളന്റിയർമാരായ ഇവർ 4 തലങ്ങളിലായി നടന്ന വന്ദേഭാരത് നൃത്തോത്സവം വഴിയാണു രാജ്പഥിലെ പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ഏക സംഘമായിരുന്നു ഇവർ. കോട്ടയം ബസേലിയസ് എൻഎസ്എസ് എന്നായിരുന്നു ടീമിന്റെ പേര്. കോളജിലെ ഡിഗ്രി വിദ്യാർഥികളാണ് ഇവർ 10 പേരും.ആരതി ഷാജി, ഗോപിതാ ഗോപൻ, പി.മീരാ രാജ്, അഞ്ജിത എ.നായർ, എം.കെ.ആര്യാമോൾ, ആർ.നന്ദന, കെ.എസ്.കൃഷ്ണപ്രിയ, വി.എ.നീലാംബരി വർമ, പി.എം.അമ്പിളി, ആദിത്യ പ്രദീപ് എന്നിവരായിരുന്നു ടീം അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com