ADVERTISEMENT

കോവിഡ് ബാധിച്ചു മരിച്ച ഇരുനൂറിലേറെ പേരുടെ സംസ്കാരം നടത്തി തുരുത്തി  മർത്ത്മറിയം ഫൊറോന പള്ളിയിലെയുവദീപ്തി എസ്എംവൈഎം അംഗങ്ങൾ 

കോവിഡ് കാലത്തിന്റെ തുടക്കത്തിൽ അധികമാരും കടന്നു ചെല്ലാൻ മടിച്ചുനിന്ന ജോലിയെ സേവനമായി കണ്ട് ധൈര്യപൂർവം ഏറ്റെടുത്ത ഒരുകൂട്ടം യുവാക്കൾ  തുരുത്തിയിലുണ്ട്. 2020 സെപ്റ്റംബർ മുതൽ ഇന്നലെ വരെ കോവിഡ് ബാധിച്ച് മരിച്ച ഇരുനൂറിലധികം ആളുകളുടെ സംസ്കാരം നിർവഹിച്ചാണ് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിലെ     യുവദീപ്തി എസ്എംവൈഎം അംഗങ്ങൾ മാതൃകയായത്. കോവിഡ് ബാധിതരുടെ സംരക്ഷണം, രോഗം ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകാനും മറ്റുമായി ചങ്ങനാശേരി അതിരൂപത സമരിറ്റൻ സേന എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. ഇതിന്റെ ആദ്യ പരിശീലന പരിപാടിയിൽ പങ്കെടുത്തതിൽ അധികവും തുരുത്തിയിൽനിന്നുള്ള യുവാക്കളായിരുന്നു.  

ഇതായിരുന്നു തുടക്കം. പിന്നീട് കോവിഡ് മുന്നണിപ്പോരാളികളിൽ മാറ്റിനിർത്താൻ കഴിയാത്ത സംഘമായി കൂട്ടായ്മ വളർന്നു. ലോക്ഡൗണിനു ശേഷം ചിലർ ജോലിക്കും ഉപരിപഠനത്തിനുമായി മറ്റു സ്ഥലങ്ങളിലേക്കു പോയെങ്കിലും പുതിയ ആളുകൾ ഈ ഒഴിവുകളിലേക്ക് എത്തി. കുടുംബത്തിലെ ഒരാൾ കോവിഡ് ബാധിച്ചു മരിച്ചാൽ മറ്റുള്ള അംഗങ്ങൾ ക്വാറന്റീനിൽ പോകും. സംസ്കാരം എങ്ങനെ നടത്തുമെന്ന് ആലോചിച്ച് നിസ്സഹായരായി നിൽക്കുമ്പോഴാണ് രക്ഷകരായി യുവ സംഘം എത്തുന്നത്. 

ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ കയറ്റുന്നതു മുതൽ സംസ്കാരം പൂർത്തിയാക്കുന്നതു വരെയുള്ള മുഴുവൻ കാര്യങ്ങളും ഇവരാണ് നിർവഹിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ ചിതാഭസ്മം പിന്നീട് കല്ലറയിലോ കുഴിയിലോ അടക്കം ചെയ്യുന്നതും ഇവർ തന്നെ. അരുൺ ജോസഫ്, മെബിൻ തോമസ്, ജോജോ ജോസഫ്, ജിനു ജോസഫ്, സോമു ജോസഫ്, റോഷൻ ജയിംസ്, മാത്യൂസ് സ്കറിയ, അഗ്‌നൽ തോമസ്, അഖിൽ ജോസഫ്, അഖിൽ അഗസ്റ്റിൻ, ഡിക്സൺ സാജൻ എന്നിവരാണ് ഇപ്പോൾ സേവന രംഗത്ത് സജീവമായുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com