ADVERTISEMENT

വാസവൻ എന്ന ഗ്രാമീണനെ ജയരാജ് സിനിമയിലെടുത്ത കഥ 

കുമരകം ∙ വാസവന്റെ കൊമ്പൻമീശയിലാണു സംവിധായകൻ ജയരാജിന്റെ കണ്ണുടക്കിയത്. ‘ഒറ്റാൽ’ സിനിമയിലെ താറാവുകർഷകനായ വല്യപ്പച്ചൻ എന്ന നായക കഥാപാത്രത്തിനു പറ്റിയ ആളെ അന്വേഷിച്ച് ജയരാജിന് അധികം അലയേണ്ടി വന്നില്ല. ചിത്രീകരണം തുടങ്ങുന്നതിനു 3 ദിവസം മുൻപു നടത്തിയ കായൽ യാത്രയ്ക്കിടെയാണു വാസവനെ കണ്ടുമുട്ടിയത്. ‍ജയരാജും സംഘവും സഞ്ചരിച്ച ബോട്ടിനെതിരെ വള്ളവും തുഴഞ്ഞെത്തിയ വാസവന്റെ വേഷവും പ്രകൃതവും അവർക്കു നന്നേ പിടിച്ചു. 

വള്ളം ബോട്ടിന്റെ അടുത്തെത്തിയപ്പോൾ ജയരാജ് വാസവനോടു ചോദിച്ചു: ‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?’പണം കിട്ടിയാൽ എന്തും ചെയ്യുമെന്നായിരുന്നു മറുപടി.കവിളിന്റെ പാതിയും മറഞ്ഞുനിൽക്കുന്ന കൊമ്പൻമീശ, കഴുത്തിൽ മാല, തോളിൽ തോർത്ത്– ഈ നാടൻ വേഷത്തിൽ അധികം മാറ്റം വരുത്താതെ വാസവൻ സിനിമയിലേക്കു പ്രവേശിച്ചു. ‘ഒറ്റാൽ’ പ്രകൃതി തന്നെ സൃഷ്ടിച്ച സിനിമയായിരുന്നുവെന്നും കഥാപാത്രങ്ങൾ തനിയെ വന്നുചേരുകയായിരുന്നെന്നും ജയരാജ് ഓർമിച്ചു. കുട്ടനാട്ടിലെ കായലും മരങ്ങളും പാടവും താറാവിൻകൂട്ടങ്ങളും വരെ സിനിമയുടെ കഥാപാത്രങ്ങളാകുകയായിരുന്നു.

മരണം വരെയും തന്റെ കൊമ്പൻമീശ ഉപേക്ഷിക്കില്ലെന്ന വാശിയിലായിരുന്നു വാസവൻ. ത്വക്ക് രോഗം വന്നപ്പോൾ തലമുടി  വെട്ടി ‘മൊട്ട’യാകാൻ തയാറായെങ്കിലും മീശയെ തൊടാൻ വാസവൻ അനുവദിച്ചില്ല. ഒറ്റാലിന് അവാർഡ് ലഭിച്ചപ്പോൾ ജയരാജ് വാസവനു കൊടുത്ത സമ്മാനം മീൻ പിടിക്കാനൊരു വള്ളമാണ്. വള്ളത്തിന് ഒറ്റാൽ എന്നു പേരിടുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം വാസവനു പിന്നീടു വള്ളം വിൽക്കേണ്ടിവന്നു. ആരുടെയും കടക്കാരനായി മരിക്കാൻ വയ്യെന്ന കാരണം പറഞ്ഞാണ് അന്നു വള്ളം വിറ്റതും കിട്ടിയ പണം കൊണ്ടു കടം വീട്ടിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com