ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടന്ന ഘോഷയാത്ര ജനത്തിനു ദുരിതങ്ങളുടെ ഘോഷയാത്ര

കോട്ടയം ∙ സർക്കാരിനു ഘോഷയാത്ര, യാത്രക്കാർക്കു ദുരിതയാത്ര. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നഗരത്തിൽ അരങ്ങേറിയ ഘോഷയാത്രയിൽ കുടുങ്ങിയതു ജനങ്ങൾ. തിരുനക്കര മൈതാനത്തു നിന്നു നാഗമ്പടത്തേക്കായിരുന്നു ഘോഷയാത്ര. നഗരത്തിലേക്കുളള പ്രവേശനം രാവിലെ 9 മുതൽ തന്നെ പൊലീസ് നിയന്ത്രിച്ചു.

  നല്ല മനസ്സാണ് പൊലീസ്!! നഗരത്തിലെത്തിയപ്പോഴാണു ‘നരക’ക്കുരുക്കിൽ ഇദ്ദേഹം പെട്ടത്. കുമരകം സ്റ്റേഷനിൽ നിന്നു വിരമിച്ച  എസ്ഐ ആനന്ദക്കുട്ടൻ കുരുക്കു കണ്ട് പിടിച്ചുനിൽകാനാവാതെ വന്നപ്പോൾ കുറച്ചു സമയത്തേക്കു പഴയ പൊലീസ് ആയി, ഗതാഗതം നിയന്ത്രണം ഏറ്റെടുത്തു.

മുൻകൂട്ടി അറിയിച്ച ശേഷമായിരുന്നു നിയന്ത്രണമെങ്കിലും വിവിധ ആവശ്യങ്ങൾക്കു കോട്ടയത്ത് എത്തിയവർ 2 മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽ കിടന്നു. കുരുക്കഴിക്കാൻ പൊലീസുകാർ നന്നേ പണിപ്പെട്ടു. എംസി റോഡിലും കെകെ റോഡിലും ഗതാഗതക്കുരുക്ക് 5 കിലോമീറ്ററിലധികം നീണ്ടു. ഇതോടെ വിവിധ ആവശ്യങ്ങൾക്കു നഗരത്തിൽ എത്തിയവർ നടുറോഡിൽ നട്ടംതിരിഞ്ഞു. പലരും വാഹനങ്ങളിൽ നിന്നിറങ്ങി നടന്നാണു ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്.

  കരഞ്ഞുപോകും... ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ട യാത്രക്കാർ ഒട്ടേറെയാണ്. 33 ഡിഗ്രിയോളം ചൂട്. അനക്കമില്ലാതെ മണിക്കൂറോളം  ബസിലെ ഇരുപ്പ്. വണ്ടിക്കുള്ളിൽ ഇരുന്നു ചുട്ടുപൊള്ളുന്ന യാത്രക്കാർ.
കരഞ്ഞുപോകും... ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ട യാത്രക്കാർ ഒട്ടേറെയാണ്. 33 ഡിഗ്രിയോളം ചൂട്. അനക്കമില്ലാതെ മണിക്കൂറോളം ബസിലെ ഇരുപ്പ്. വണ്ടിക്കുള്ളിൽ ഇരുന്നു ചുട്ടുപൊള്ളുന്ന യാത്രക്കാർ.

പല വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ വൈകി. ഉച്ച വരെ നഗരത്തിലെ കച്ചവടം പൂർണമായും സ്തംഭിച്ച നിലയിലായിരുന്നെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ പറഞ്ഞു.ഏറെ വലഞ്ഞതു ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗികളാണ്. കെകെ റോഡിലൂടെയുള്ള ബസുകൾ കലക്ടറേറ്റ് ജംക്‌ഷനിൽ നിന്നു വഴി തിരിച്ചുവിട്ടതോടെ രോഗികൾ പലരും വെയിലത്തു നടന്നു വലഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. മിക്ക ഒപി വിഭാഗങ്ങളും ഏറെ വൈകിയാണു പൂർത്തിയായത്.

  അവിടെ വീണവായന, ഇവിടെ.... സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കരയിൽ നിന്നു ഘോഷയാത്ര തുടങ്ങും മുൻപേ നഗരത്തിലെ മറ്റു വഴികൾ എല്ലാം നിശ്ചലമായി. എംസി റോഡിൽ സ്റ്റാർ ജംക്‌ഷൻ ഭാഗത്തെ ഗതാഗതക്കുരുക്ക്.       ചിത്രം: മനോരമ

നഗരസഭയിലെ കുമാരനല്ലൂർ മേഖലാ ആരോഗ്യ വിഭാഗം ഓഫിസ് രാവിലെ തുറന്നില്ല. ജീവനക്കാർ കോട്ടയത്തെ പരിപാടിക്കു പോയി എന്നായിരുന്നു മേഖലാ ഓഫിസിൽ നിന്നു ലഭിച്ച മറുപടി. നാട്ടകം മേഖലാ ഓഫിസ്, നഗരസഭാ കാര്യാലയം, കലക്ടറേറ്റ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലും ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു.

ഏതെങ്കിലും ഓഡിറ്റോറിയത്തിൽ വച്ചുനടത്തിയാൽ പോരേ? എന്തിനാണു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?
രാജേഷ് മോഹൻ (എംസി റോഡിലെ ഗതാഗതക്കുരുക്കിൽ പെട്ടുപോയയാൾ)

കോടിമതയിൽ നിന്നു നാഗമ്പടത്തേക്ക് എത്താൻ മണിക്കൂറുകളാണ് എടുത്തത്. രാവിലെ 9 മുതൽ ‍ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
സി.ഗോപാലൻ (ഡ്രൈവർ)

എന്തൊരു കഷ്ടമാണിത്, എത്ര നേരം കിടന്നെന്നോ കുരുക്കിൽ? എന്തു മാത്രം പെട്രോളാണു വെറുതേ കത്തിപ്പോയത്!
എം.ആനന്ദ് (ഡ്രൈവർ)

9.15നു കടയിൽ എത്തുന്നതാണു ‍ഞാൻ. ഇന്നലെ 10.30നു ശേഷമാണ് എത്താൻ കഴിഞ്ഞത്.
ജോസഫ് കുര്യാക്കോസ് (സ്റ്റാർ ജംക്‌ഷനിലെ വ്യാപാരി)

രാവിലെ വൈകിയാണു സ്കൂളിൽ എത്താനായത്. തിരിച്ചുപോകാനായി വന്നപ്പോൾ ബസും ഇല്ല.
ആതിര അജയൻ (പ്ലസ്ടു വിദ്യാർഥിനി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com