ADVERTISEMENT

കോട്ടയം ∙ അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴ എത്തിയതോടെ ജില്ല വെള്ളപ്പൊക്ക ഭീതിയിൽ. കിഴക്കൻ മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിൽ കയറിയ വെള്ളം പിന്നീട് ഇറങ്ങി. ശരാശരി ഒന്നര അടിയോളം വെള്ളം മീനച്ചിൽ, മണിമല ആറുകളിൽ ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ തോടുകളിലും ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. 

ജലനിരപ്പ് ഉയർന്നതോടെ വിരിപ്പു കൃഷിക്കുള്ള പുറം ബണ്ടുകളിലെ ജോലികൾ കർഷകർ നിർത്തി. കിഴക്കൻ വെള്ളം കായലിൽ എത്തുന്നതോടെ ഇവിടത്തെയും ജലനിരപ്പ് ഉയരും. തണ്ണീർമുക്കം ബണ്ട് അടഞ്ഞു കിടക്കുന്നതിനാൽ വെള്ളം ബണ്ടിന്റെ വടക്ക് ഭാഗത്തേക്ക് ഒഴുകപ്പോകാതെ നിൽക്കുകയാണ്. ഇതു വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്. ഇന്നലെ പകൽ മഴ കുറഞ്ഞു നിന്നതോടെ ഉയർന്ന വെള്ളം പല സ്ഥലങ്ങളിലും താഴുന്നുണ്ട്. എന്നാൽ രാത്രിയോടെ പല സ്ഥലങ്ങളിലും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ 15 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീതിവിതച്ച് മേഘവിസ്ഫോടനം 

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവം. പിൻവാങ്ങാതെ നിൽക്കുന്ന വേനൽമഴ. രണ്ടും കൂടി ചേർന്നപ്പോൾ ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്തത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന കനത്ത മഴ. മുണ്ടക്കയം മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിക്കൂറിൽ പെയ്തത് 103 മില്ലിമീറ്റർ മഴ. ഇതു ലഘു മേഘവിസ്ഫോടനം ആണെന്നും മഴയുടെ അളവ് ഓരോ വർഷവും വർധിക്കുകയാണെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അന്തരീക്ഷ പഠനവിഭാഗം അസി.പ്രഫസർ ഡോ.എസ്.അഭിലാഷ് പറയുന്നു. മലയോര മേഖലകൾ കരുതലും ശ്രദ്ധയും വർധിപ്പിക്കണം. 

ഒരു മേഖലയിൽ രണ്ടു മണിക്കൂറിനുള്ളിൽ 5 സെന്റിമീറ്റർ മഴ പെയ്താൽ ലഘു മേഘവിസ്ഫോടനമായി കണക്കാക്കാമെന്നു ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഉയരത്തിൽ സഞ്ചരിക്കുന്ന കൂമ്പാര മേഘങ്ങളിൽ പെട്ടെന്നു സംഭവിക്കുന്ന മാറ്റമാണ് കാരണം. വേനൽമഴയുടെ പ്രഭാവം അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചുഴലിക്കാറ്റ് മൂലമുള്ള മഴ സാധ്യത വർധിക്കുകയും ചെയ്യുമ്പോൾ മഴയുടെ അളവ് അപ്രതീക്ഷിതമായി വർധിക്കുന്നു.

റോഡുകളിൽ വെള്ളം; തടസ്സം

ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാറും കൈവഴികളും നിറഞ്ഞു കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ്‌വേ, അരുവിത്തുറ കോളജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലത്തിനൊപ്പം എത്തി. ശക്തമായ വെള്ളമൊഴുക്കിൽ ഈരാറ്റുപേട്ട വാഗമൺ റോഡിൽ പത്താഴപ്പടി ഭാഗത്തെ ടാറിങ് അടക്കം കുത്തിയൊലിച്ച് പോയി.ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം, ഇടമറുക് രണ്ടാറ്റുമുന്നി വാകക്കാട് റോഡ്, പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി, ഭരണങ്ങാനം-വിളക്കുമാടം റോഡിൽ വളഞ്ഞങ്ങാനം, പാലാ-വലവൂർ റോ‍ഡിൽ മുണ്ടുപാലം, പാലാ-ഏഴാച്ചേരി-രാമപുരം റോ‍ഡിൽ കരൂർ, കൊല്ലപ്പള്ളി-കടനാട് റോഡിൽ വെള്ളരിങ്ങാട്, തലനാട് പഞ്ചായത്ത് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡ്, ഇവലവുംപാറ ചൊവ്വൂർ റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി.

മഴ കൂടുതൽ തീക്കോയിൽ

ഇന്നലെ ജില്ലയിലെ കൂടുതൽ മഴ ലഭിച്ചത് തീക്കോയി, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ്. തീക്കോയി – 151.– മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ 115.0 മില്ലി മീറ്ററാണ്. ജില്ലയിൽ മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴ കണക്ക് ഇങ്ങനെ. (എല്ലാം മില്ലി മീറ്ററിൽ) കോട്ടയം - 39.6, കോഴ 70.0, പാമ്പാടി 56.6, മുണ്ടക്കയം - 90.0, കാഞ്ഞിരപ്പള്ളി – 86.4.

വ്യാപക മണ്ണിടിച്ചിൽ

കടനാട് പഞ്ചായത്തിലെ കുറുമണ്ണ്, മേരിലാൻഡ്, പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കയ്യൂർ-കുറുമണ്ണ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്താണ് ഏറെ നാശം. തലനാട്, തീക്കോയി പഞ്ചായത്തുകളിൽ നേരിയ മണ്ണിടിച്ചിലുണ്ടായി. എന്നാൽ ജില്ലയിൽ  ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നു  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com