ADVERTISEMENT

കോട്ടയം∙ ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ് ആശിച്ച സർക്കാർ ജോലിയും കിട്ടിയ ശേഷമാണ് പൂഞ്ഞാർ വരിക്കപ്ലാക്കൽ ഡിനു എം.ജോയിക്ക് എംഎസ്‌സി നഴ്സിങ് പഠിക്കണമെന്ന മോഹമുദിച്ചത്. അന്നു പ്രായം 32. വിവാഹിതയും രണ്ടു മക്കളുടെ അമ്മയും. ജീവിതം സെറ്റിൽ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്തെടുത്ത തീരുമാനത്തിന് സകല പിന്തുണയുമായി ഭർത്താവ് ജോബി ജോസഫ് കൂടെ നിന്നു. കൈക്കുഞ്ഞുമായി 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് സ്വപ്നം യാഥാർഥ്യമാക്കിയ ഡിനു ഇന്ന് വെറും നഴ്സ് അല്ല, മറിച്ച് ഡോക്ടറാണ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ.ഡിനു എം. ജോയി.

പാലാ അൽഫോൻസ കോളജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണ് ഡിനു ജനറൽ നഴ്സിങ്ങിന് ചേർന്നത്. പഠിച്ചിറങ്ങി ഉടനെ തന്നെ വിവാഹവും കഴിഞ്ഞു. തുടർന്ന് ബിഎസ്‌സി നഴ്സിങ്  രണ്ടാം റാങ്കോടെ പഠിച്ചിറങ്ങി.  2009ൽ സർക്കാർ സർവീസിൽ സ്റ്റാഫ് നഴ്സായി. തുടർന്നാണ് അവധിയെടുത്ത് എംഎസ്‍സി പഠനത്തിന് എംജി യൂണിവേഴ്സിറ്റിയിൽ ചേർന്നത്.അന്ന് രണ്ടാമത്തെ കുഞ്ഞിന് മാസങ്ങളേ പ്രായമുള്ളു. അവനെ വേർപിരിയാൻ കഴിയാതെ വന്നതോടെ 100 കിലോമീറ്ററോളം ദിവസവും പോയി വന്നു. റാങ്കോടെയാണ് ഡിനു എം‌എസ്‌സി പാസായത്.  36ാം വയസ്സിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. 

പെൺകുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നതിനെക്കുറിച്ചാണ് പഠിച്ചത്.ഡപ്യൂട്ടേഷനിൽ നാഷനൽ ഹെൽത്ത് മിഷന്റെ കീഴിൽ തിരുവനന്തപുരത്ത് കൗമാര വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി  ജോലി ചെയ്യുകയാണ് ഡിനു ഇപ്പോൾ.സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ജേതാവ് കൂടിയാണ് ഡിനു. കോട്ടയം കടനാട് പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് അവാർഡ് ലഭിക്കുന്നത്.  മക്കൾ: ഡിജിൽ, ജിയോൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com