ADVERTISEMENT

കോട്ടയം ∙ മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ ട്രഷറി വഴിയും തട്ടിപ്പു നടന്നതായി കണ്ടെത്തൽ. ഒരു ഗുണഭോക്താവിനു വീടു നിർമിക്കാൻ 4 ലക്ഷം രൂപ 2 ഘട്ടമായാണ് അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ പദ്ധതി വിഹിതത്തിൽ നിന്നു ട്രഷറി വഴി 1.8 ലക്ഷം രൂപ നൽകും. രണ്ടാം ഘട്ടമായി ഹഡ്കോ വായ്പയിൽ നിന്നുള്ള 2.20 ലക്ഷം ബാങ്കിലൂടെ കൈമാറും.എന്നാൽ നിബന്ധനകളോടെ ഒറ്റയടിക്കു 4 ലക്ഷം വരെ ട്രഷറി വഴി മാറ്റാൻ കഴിയും.

ഈ ഇളവു മറയാക്കി ഉപയോക്താക്കളുടെ പേരിൽ 4 ലക്ഷം രൂപ വീതം ട്രഷറി വഴി മാറ്റിയതായാണു പുതിയ കണ്ടെത്തൽ. പട്ടികവർഗ സങ്കേതങ്ങളിലുള്ളവർക്ക് 1.80 ലക്ഷത്തിനു പകരം 2 ലക്ഷം നൽകാം. പട്ടികവർഗ സങ്കേതങ്ങൾ ഏറെയുള്ള പഞ്ചായത്താണ് മൂന്നിലവ്. ഇത്തരത്തിൽ പണം നൽകുമ്പോൾ പട്ടികവർഗ വകുപ്പിന്റെ സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണമെന്നാണു നിയമം.

സർട്ടിഫിക്കറ്റ് വാങ്ങാതെ 2 ലക്ഷം വീതം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.അങ്ങനെ ഹഡ്കോയിൽ നിന്നുള്ള വായ്പ വഴി 67.28 ലക്ഷവും പ്ലാൻ ഫണ്ടിൽ നിന്നുള്ള 58.8 ലക്ഷവും ഉൾപ്പെടെ 1.26 കോടിയുടെ തട്ടിപ്പു നടന്നതായാണു പ്രാഥമിക വിലയിരുത്തൽ. എന്നാൽ തട്ടിപ്പിന്റെ ആഴം ഇതിലും കൂടുതലാണെന്നാണ്   വിലയിരുത്തുന്നത്.

ലക്ഷങ്ങൾ പോയത് പല അക്കൗണ്ടുകളിലേക്ക്

കോട്ടയം ∙ മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താവിനുള്ള പണം പോയത് കൂത്താട്ടുകുളത്തെ ഒരാളുടെ അക്കൗണ്ടിലേക്ക്. തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ അക്കൗണ്ടിലും വന്നു 4.5 ലക്ഷം. എസ്‌സി പ്രമോട്ടറുടെ അക്കൗണ്ടിലേക്കു പോയത് 14 ലക്ഷം. മേലുകാവുള്ള ഒരാളുടെ അക്കൗണ്ടിലേക്കും പോയി ലക്ഷങ്ങൾ. 

ലോക്കൽ ഫണ്ട് ഓഡിറ്റിൽ തട്ടിപ്പു കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ സ്പെഷൽ ഓഡിറ്റിലാണു പണം പോയ വഴികൾ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതോടെ തട്ടിപ്പിനു പിന്നിൽ വലിയ ഗൂഢാലോചനയും സംഘവുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വരും.

സാധാരണ ലോക്കൽ ഫണ്ട് ഓഡിറ്റിനു പുറമേ പെർഫോമൻസ് ഓഡിറ്റും നടക്കാറുണ്ട്. എന്നാൽ കോവിഡ് കാലത്തെ രണ്ടു വർഷങ്ങളിൽ ഇതു രണ്ടും നടക്കാതിരുന്നതിനാൽ തട്ടിപ്പിനു സാഹചര്യമൊരുങ്ങി. കൂടാതെ വിഇഒ ഓഫിസിലെ രേഖകളെല്ലാം വെള്ളപ്പൊക്കത്തിൽ നഷ്ടമായി എന്ന ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറുടെ സാക്ഷ്യപത്രം കൂടിയായതോടെ രേഖകൾ ഓഡിറ്റ് സംഘത്തിനു മുന്നിൽ ഹാജരാക്കേണ്ട എന്ന സാഹചര്യവും വന്നു. 

എന്നാൽ, വിഇഒ ഓഫിസിനോടു ചേർന്നുള്ള എൽഎസ്ജിഡി എൻജിനീയറുടെ ഓഫിസിലെ രേഖകളെല്ലാം ഓഡിറ്റിനു ഹാജരാക്കിയതോടെയാണു സംശയം ആരംഭിച്ചത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലും അന്വേഷണത്തിലുമാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്.

വിജിലൻസ് കോടതിയെ സമീപിക്കാൻ മൂന്നിലവ് പഞ്ചായത്ത് ഭരണസമിതി

ലൈഫ് മിഷൻ തട്ടിപ്പു സംബന്ധിച്ചു വിജിലൻസിനു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം മാത്രം നടത്തി ഒതുക്കാൻ ശ്രമിക്കുന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്നു നേരിട്ടു വിജിലൻസ് കോടതിയിൽ ഹർജി നൽകാൻ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.ആവശ്യമായ രേഖകൾ വിജിലൻസ് കോടതിയിൽ പഞ്ചായത്ത് ഹാജരാക്കും.

പണം തട്ടിപ്പു നടത്തിയെന്ന ആരോപണത്തെത്തുടർന്നു വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) സസ്പെൻഷനിലാണ്. ഗ്രാമവികസന വകുപ്പിന്റെ ജീവനക്കാരനാണ് വിഇഒ. പഞ്ചായത്ത് പ്രസിഡന്റിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അതിനാൽ സസ്പെൻഷനിൽ കാര്യമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവി‍ഡ് കാലം മറയാക്കി തട്ടിപ്പ്

മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് മിഷൻ തട്ടിപ്പിനു മറയാക്കിയത് കോവിഡ് കാലത്ത് ഓഡിറ്റ് നടക്കാത്ത സാഹചര്യമെന്നു വിലയിരുത്തൽ. 2020 മാർച്ച് 22നു ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 31നു മുൻപു ചെലവഴിക്കേണ്ട പണം ചെലവാക്കാൻ കഴിയാതെ വന്നു. ഈ പണം ലൈഫ് മിഷനിലേക്കു മാറ്റാൻ സർക്കാർ അനുവദിച്ചതോടെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകളുടെ പണം ലൈഫിലേക്കു മാറ്റി. ഇതോടെ പ്ലാൻ ഫണ്ടിൽ ആവശ്യത്തിനു പണം വന്നു.

ഓഡിറ്റ് നടക്കാത്ത സാഹചര്യം വന്നതോടെ പദ്ധതിത്തുകയുടെ വിനിയോഗം സംബന്ധിച്ചു കാര്യമായ ശ്രദ്ധയില്ലാതായി. ഹഡ്കോ വായ്പ ഗുണഭോക്താവിനു നൽകാൻ ബാങ്കിനു നിർദേശം കൊടുക്കുന്ന കത്തിൽ പ്രസിഡന്റും സെക്രട്ടറിയും ഒപ്പു വയ്ക്കണം. ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കുന്നതിനും ഇവരുടെ രണ്ടു പേരുടെയും ഒപ്പു വേണം. ഇങ്ങനെ ഒപ്പിട്ടു വാങ്ങിയ ശേഷം ഗുണഭോക്താക്കളുടെ പേരടങ്ങിയ പട്ടിക മാറ്റിയെഴുതി പുതിയ ലിസ്റ്റുണ്ടാക്കി പണം അപഹരിച്ചുവെന്നാണ് മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ആരോപണം.

ഗുണഭോക്താവ് പണം കൈപ്പറ്റിക്കഴിഞ്ഞാൽ ഇവരുടെ കൈപ്പറ്റ് രസീത് വാങ്ങി പഞ്ചായത്തിൽ ഹാജരാക്കണം എന്നു വ്യവസ്ഥയുണ്ട്. തങ്ങൾക്ക് ഇത്തരത്തിൽ കൈപ്പറ്റ് രസീത് കിട്ടിയിട്ടില്ലെന്നു പ്രസിഡന്റും സെക്രട്ടറിയും പറയുന്നു. 2020 ഓഗസ്റ്റ് മുതലാണ് തട്ടിപ്പ് ആരംഭിച്ചിട്ടുള്ളതെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com