ADVERTISEMENT

ഏറ്റുമാനൂർ ∙ ബസ് സ്റ്റാൻഡ് വികസനത്തിന് കെഎസ്ആർടിസിയുടെ ഡബിൾ ബെൽ.! ആദ്യപടിയായി സ്റ്റാൻഡിലെ കയ്യേറ്റം ഒഴിപ്പിക്കും. അനധികൃത നിർമാണങ്ങൾ പൊളിക്കും. യഥാർഥ സ്ഥലം അളന്നു തിട്ടപ്പെടുത്തും.  സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കും. അതിനുശേഷം വികസന പദ്ധതി തയാറാക്കും. ഇതാണ് ഇപ്പോഴത്തെ ആലോചന. സ്റ്റാൻഡ് വികസനത്തിനു ഭൂമി വിട്ടുനൽകിയെങ്കിലും ഒന്നും ചെയ്യാതെ സ്ഥലം പണയംവച്ചതിൽ നഗരസഭ എതിർപ്പുമായി രംഗത്ത് എത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

കെഎസ്ആർടിസി എസ്റ്റേറ്റ് ഓഫിസർക്കാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന്റെ ചുമതല. ഏറ്റുമാനൂർ പഞ്ചായത്തായിരുന്ന അവസരത്തിൽ സ്ഥലം കൈമാറിയെങ്കിലും പിന്നീട് സ്റ്റാൻഡിൽ വികസന പ്രവർത്തനം നടന്നില്ല. കൈമാറാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്തിൽ 13 സെന്റ് കുറവാണെന്നു കണ്ടെത്തിയതിനെ തുടർന്നു സ്‌ഥലം ഏറ്റെടുക്കാൻ കെഎസ്ആർടിസി തയാറായില്ല. പിന്നീട് 2011 ൽ പഞ്ചായത്ത് സ്‌ഥലം കെഎസ്ആർടിസിക്ക് വേണ്ടി സർക്കാർ ഏറ്റെടുത്തു.

അന്നത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റജിസ്ട്രേഷനു സ്‌റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. ഔദ്യോഗിക രേഖകൾ കൈമാറുന്ന ചടങ്ങ് പിന്നീട് വിപുലമായി നടത്തി. ഏറ്റുമാനൂരിൽ നിലവിലുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ഡിപ്പോ കം ഓപ്പറേറ്റിങ് സ്റ്റേഷനായി ഉയർത്തുന്നതിനാണ് നഗരസഭ സ്ഥലം കൊടുത്തത്. എന്നാൽ പദ്ധതി നടപ്പാക്കാത്തതിനാൽ സ്ഥലം തിരികെ ഏറ്റെടുക്കണമെന്ന ചർച്ചയും ഉണ്ടായി. ഏറ്റുമാനൂർ നഗരസഭയായി മാറിയപ്പോഴും ഈ ആവശ്യം ഉന്നയിച്ചിരുന്നു, ഫലം കണ്ടില്ല.

കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറികൾ തുറന്നു പ്രവർത്തിക്കുന്നില്ല. മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടും നടപടിയായില്ല. അടുത്തകാലത്ത് നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ 2 ശുചിമുറികളാണുള്ളത്. കെട്ടിടം ഉദ്ഘാടനത്തിനു ശേഷം ഇതു തുറന്നതു ദിവസങ്ങൾ മാത്രം. ഇവിടേക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതു ജല അതോറിറ്റിയാണ്. പക്ഷേ, ശുചിമുറിയിൽ വെള്ളം കിട്ടാതായിട്ടു മാസങ്ങളായി.ജി. ജഗദീഷ് (സ്വാമിയാശാൻ)കെഎസ്ആർടിസി റിട്ട. ഡ്രൈവർ.

സ്റ്റാൻഡിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. രാത്രിയിൽ സുരക്ഷാ ജീവനക്കാരില്ല.  പകൽ സമയത്തു പോലും സാമൂഹിക വിരുദ്ധ ശല്യമുണ്ട്. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പിൽഗ്രിം ടൂറിസം ആരംഭിക്കണം. ശബരിമല തീർഥാടനകാലത്ത് പോലും നല്ല രീതിയിൽ സർവീസ് നടത്താറില്ല. ഉഷ സുരേഷ്, കൗൺസിലർ.

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് മുൻപു രാത്രി 10 വരെ പ്രവർത്തിച്ചിരുന്നു. 2005 മുതലാണ് രാത്രിയിലും ഓഫിസ് പ്രവർത്തിക്കാൻ തുടങ്ങിയത്. ഇപ്പോൾ പകൽ മാത്രമേ ഓഫിസ് തുറക്കുന്നുള്ളു. വൈകിട്ട് 6 വരെ ഉണ്ടാകും. അതിനുശേഷം യാത്രക്കാർക്ക് ബസുകളെക്കുറിച്ച് അറിയാൻ ഒരു മാർഗവുമില്ല. രാത്രി ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ല. വി.ആർ. മഹേഷ് വെച്ചുവീട്ടിൽ, കൈപ്പുഴ.

ദീർഘദൂര സർവീസുകൾ പോലെ ഓർഡിനറി ബസുകളും കൂടുതൽ ആരംഭിക്കണം. നിയോജക മണ്ഡലത്തിലെ സ്ഥലങ്ങൾ കോർത്തിണക്കി സർവീസ് വേണം. മെഡിക്കൽ കോളജ് ആശുപത്രിയും എംജി സർവകലാശാലയും കുമരകവും അയ്മനവും എല്ലാം ബന്ധപ്പെടുത്തി സർവീസ് വേണം. ഇതിനായി സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തണം.കുഞ്ഞ് കളപ്പുര, നാൽപാത്തിമല.കോൺട്രാക്ടർ.

കെഎസ്ആർടിസിയുടെ അവഗണനയ്ക്കെതിരേ പൊതുവേ രോഷം ഉയർ‍ന്നിട്ടുണ്ട്. നഗരസഭ സ്‌ഥലം തിരികെ പിടിച്ചു വിപുലമായ വികസന പ്രവർത്തനങ്ങൾക്കു തയാറാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.  നഗരസഭയിൽ മുൻപ് പലതവണ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഭരണസമിതി ഇടപെടണം. ബോബൻ ദേവസ്യ, മുൻ കൗൺസിലർ, ഏറ്റുമാനൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com