ADVERTISEMENT

ഏറ്റുമനൂർ ∙ പട്ടിത്താനത്ത് നിയന്ത്രണം വിട്ട  പച്ചക്കറി ലോറി 2 വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തകർത്ത ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഏറ്റുമാനൂർ – കുറവിലങ്ങാട് റോഡിൽ  പട്ടിത്താനം ചുമടുതാങ്ങി ജംക്‌ഷന്  സമീപം വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.  മേട്ടുപാളയത്ത് നിന്നു  ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിലേയ്ക്ക് പച്ചക്കറികൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.  ഇറക്കവും വളവും ചേർന്ന ഈ ഭാഗത്ത് നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകൾ തകർത്ത ശേഷം സമീപത്തെ  വീട്ടിലെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. തുടർന്ന് പൊലീസിന്റെ വാഹനത്തിൽ  മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലോറിയുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം  തടസ്സപ്പെട്ടു. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഹൈവേ പൊലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

പട്ടിത്താനം : സ്ഥിരം അപകട മേഖല

ഏറ്റുമാനൂർ ∙ എംസി റോഡിൽ പട്ടിത്താനം അപകട മേഖലയായിട്ട് നാളേറെയായി. തിരിഞ്ഞു നോക്കാതെ അധികൃതർ. കഴിഞ്ഞ ഫെബ്രുവരിയിൽ പട്ടിത്താനം ഗ്യാസ് ഏജൻസിക്കു സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ കടപ്പൂര് കരിമ്പിൻകാലാ മുല്ലിപ്പിലാത്ത് എം.എൻ.ദിലീപിനു ദാരുണാന്ത്യം സംഭവിച്ചു. ഗ്യാസ് ഏജൻസി ഓഫിസിൽ നിന്നു പാചകവാതക സിലിണ്ടർ എടുക്കാൻ വരികയായിരുന്ന ദിലീപിന്റെ എതിർദിശയിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.

മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഇതേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ഓട്ടോയും അപകടത്തിൽപെട്ടു. നേരത്തെ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച അപകടം നടന്ന സ്ഥലത്തിനു മീറ്ററുകൾ അകലെയാണു അന്നു വീണ്ടും അപകടം ഉണ്ടായത്. ചങ്ങനാശേരി സ്വദേശി യുവാവിനാണ് പരുക്കേറ്റത്. 2021 ജൂണിൽ തടി കയറ്റി തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന ലോറിയും ഇവിടെ അപകടത്തിൽപെട്ടു. പട്ടിത്താനം റേഷൻകടപ്പടിയിൽ  അപകട വളവിലാണ് ലോറി മറിഞ്ഞത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com