ADVERTISEMENT

ഏറ്റുമാനൂർ ∙ ഏറ്റുമാനൂരിനെ പ്രഭാപൂരിതമാക്കാൻ 110 കെവി, 220 കെവി കെവി സബ് സ്റ്റേഷനുകൾ പൂർത്തിയാകുന്നു. കാണക്കാരിയിൽ നിലവിലുള്ള 66 കെവി സബ് സ്റ്റേഷൻ നവീകരിച്ചാണ് പ്രസരണശേഷി കൂടുതലുള്ള സ്റ്റേഷനുകൾ വരുന്നത്. കിഫ്ബി സഹായത്തോടെ വൈദ്യുതി ബോർഡ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നിർമാണ പ്രവർത്തനം.      ഏറ്റുമാനൂർ മുതൽ ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി വരെ വൈദ്യുതി ലൈനുകളുടെ പ്രസരണശേഷി ഉൾപ്പെടെ വർധിപ്പിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണ് കാണക്കാരിയിലേയും സബ് സ്റ്റേഷന്റെ പണികൾ.   ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്.

നിലവിലുള്ള 66 കെവി സബ് സ്റ്റേഷൻ അപര്യാപ്തമായതിനാലാണ് പുതിയ സബ് സ്റ്റേഷനുകൾ പണിയുന്നത്. വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനും വോൾട്ടേജ് വർധിപ്പിക്കാനും പുതിയ സബ് സ്റ്റേഷനുകൾ വഴിയൊരുക്കും.ദശാബ്ദങ്ങൾക്കു മുൻപു രാജഭരണകാലത്തു കമ്മിഷൻ ചെയ്ത പള്ളിവാസൽ പദ്ധതിയിൽ നിന്നും കോട്ടയം പള്ളം ഭാഗത്ത് എത്തി വിവിധ ജില്ലകളിലേക്കു വിതരണം ചെയ്യുന്ന വൈദ്യുതി സംവിധാനമാണ് നവീകരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ നിലവിലുള്ള 66 കെവി വൈദ്യുത വിതരണ സംവിധാനം 110 കെവി, 220 കെവി എന്നിങ്ങനെ ഉയരും.

സബ് സ്റ്റേഷൻ പൂർത്തിയാകുമ്പോൾ കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി കടന്നു പോകുന്ന തിരുനെൽവേലി – ഇടമൺ – കൊച്ചി ലൈനുമായി ബന്ധിപ്പിക്കും. കുറവിലങ്ങാട് കെഎസ്ഇബി നിർമിക്കുന്ന 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാകും പുതിയ ക്രമീകരണം. 7 ദശാബ്ദത്തിലധികം പഴക്കമുള്ള ചെമ്പ് കമ്പികൾ മാറ്റിയാണു പല സ്ഥലത്തും പുതിയ ലൈൻ വലിക്കുന്നത്.

സബ് സ്റ്റേഷനുകളുടെ പരീക്ഷണ പ്രവർത്തനം അടുത്തയാഴ്ച നടത്തും. ഇവിടെ സ്ഥാപിച്ചിട്ടുള്ളത് 100 എംവിഎ ശേഷിയുള്ള 2 ട്രാൻസ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളുമാണ്. 13 കോടിയായിരുന്നു ആദ്യം കണക്കാക്കിയിരുന്ന നിർമാണ ചെലവ്. പിന്നീട് പുതുക്കി. വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം.

ഏറ്റുമാനൂരിനും സമീപ പ്രദേശത്തിനും മാത്രമായി സബ് സ്റ്റേഷനിൽ നിലവിൽ 10 എംവിഎ ശേഷിയുള്ള 2 ട്രാൻസ്ഫോമറുകളാണുള്ളത്. ഇത് മാറ്റി പകരം 20 എംവിഎ ശേഷിയുള്ളവ സ്ഥാപിക്കും. 110 കെവിയുടെ 6 ഫീഡറുകളിലൂടെയാകും വൈദ്യുതി വിതരണം. കൂടാതെ പൂർത്തിയാകുന്ന 110 ഫീഡറിൽ നിന്നു പാലാ മേഖലയിലേക്കും വൈദ്യുതി ലഭിക്കും. പുതിയ സബ് സ്റ്റേഷനുകൾ പൂർത്തിയാകുന്നതോടെ ഗാന്ധിനഗർ, പാലാ, ഏറ്റുമാനൂർ മേഖലകളിലെ വൈദ്യുതി ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com