ADVERTISEMENT

കടുത്തുരുത്തി ∙ കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതോടെ ഭാവി അനിശ്ചിതത്വത്തിലായി സുരക്ഷിതമല്ലാത്ത വീട്ടിൽ കഴി‍ഞ്ഞിരുന്ന 4 പെൺമക്കൾക്കായി ബാബു ചാഴികാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നടന്നു. ബാബു ചാഴികാടന്റെ 31–ാം ചരമദിനമായ ഇന്നലെ വീടിന്റെ താക്കോൽ കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു-ജോളി ദമ്പതികളുടെ നാലു പെൺമക്കളും ബാബുവിന്റെ സഹോദരിയും ചേർന്ന് ജോസ് കെ. മാണി എംപിയിൽ നിന്ന് ഏറ്റുവാങ്ങി.

കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ചേർന്ന് വീടിന്റെ ആശീർവാദം നിർവഹിച്ചു. ബാബു ചാഴികാടൻ ഫൗണ്ടേഷൻ 1600 ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലയിലാണ് വീടു പൂർത്തിയാക്കിയത്. 30 ലക്ഷം രൂപയാണ് ചെലവ്. 3 കിടപ്പുമുറികളും അടുക്കളയും ഹാളും  അടങ്ങുന്നതാണ് വീട്.

ഇവരുടെ പിതാവ് ബാബു (54) കോവി‍ഡ് ബാധിച്ച് 2021 മേയ് രണ്ടിനാണ് മരിച്ചത്. 11 ദിവസങ്ങൾക്കു ശേഷം ഭാര്യ ജോളിയും (50) മരിച്ചു.  മക്കളായ ചിഞ്ചു, ദിയ, അഞ്ജു, ബിയ എന്നിവർ വിദ്യാർഥികളാണ്.  മാതാപിതാക്കൾ മരിച്ചതോടെ ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി ‘മനോരമ’യിലൂടെയാണ് നാടറിഞ്ഞത്.  തുടർന്ന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി ഇവരുടെ വീട്ടിലെത്തുകയും കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സ്റ്റീഫൻ ജോർജ്, പി.എം.മാത്യു കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, മണ്ണാറപ്പാറ പള്ളി വികാരി ഫാ. ഏബ്രഹാം കുപ്പപുഴയ്ക്കൽ, സെന്റ് തോമസ് പള്ളി വികാരി ഫാ. ജോയി കാളവേലിൽ, ഫൗണ്ടേഷൻ അംഗങ്ങളായ ഡോ. കുര്യാസ് കുമ്പളക്കുഴി, പ്രഫ. ബാബു പൂഴിക്കുന്നേൽ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com