ADVERTISEMENT

കോട്ടയം ∙ മൂന്നിലവ് ലൈഫ് ഭവന പദ്ധതി തട്ടിപ്പിൽ നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറുടെ (വിഇഒ) പങ്ക് കൂടുതൽ വെളിച്ചത്ത്. ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണു  അഴിമതി വെളിച്ചത്തു വന്നത്. ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഹഡ്കോ വായ്പത്തുകയുടെയും സംസ്ഥാന വിഹിതത്തിന്റെയും വിനിമയം നടത്തുന്ന കേരള ഗ്രാമീൺ ബാങ്കിന്റെ ഈരാറ്റുപേട്ട ശാഖയിൽ നിന്നു ശേഖരിച്ച വിവരങ്ങളിൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കല്ല പല വലിയ തുകകളും കൈമാറിയതെന്നു കണ്ടെത്തി.

2018 – 19 വർഷത്തിലും ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ലൈഫ് ഗുണഭോക്താക്കൾക്ക് ഹഡ്കോ വായ്പയിനത്തിലും സംസ്ഥാന വിഹിതം ഇനത്തിലും തുക നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ബിൽ റജിസ്റ്റർ, പേമെന്റ് വൗച്ചർ എന്നിവയുടെ അടിസ്ഥാനത്തിലും, ഗുണഭോക്താക്കൾക്ക് പ്ലാൻഫണ്ട്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതം എന്നിവ നൽകിയതിന്റെ വിശദാംശങ്ങൾ ട്രഷറി സോഫ്റ്റ്‌വെയറിൽ നിന്നു ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തിലും  പരിശോധിച്ചു. ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഹഡ്കോ വായ്പത്തുകയുടെയും സംസ്ഥാന വിഹിതത്തിന്റെയും വിനിമയം  കേരള ഗ്രാമീൺ ബാങ്കിന്റെ ഈരാറ്റുപേട്ട ശാഖയിൽ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലൂടെയാണ് നടത്തുന്നത്.

വിഇഒയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു നൽകുന്ന തുകയുടെ ചെക്ക് സഹിതം സെക്രട്ടറി ബാങ്കിന് അറിയിപ്പു നൽകുകയാണ് രീതി. 2020 മാർച്ച് 13ന് ചെക്ക് നമ്പർ 13892 പ്രകാരം 7 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനു സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഗുണഭോക്തൃ പട്ടികയാണു വിഇഒ ബാങ്കിനു നൽകിയിരിക്കുന്നത്. ക്രമക്കേട് വ്യാപകമായത് 2020 ഓഗസ്റ്റ് തൊട്ടാണെന്നാണു കണ്ടെത്തൽ. ഓഗസ്റ്റ് 11നു ചെക്ക് നമ്പർ 13893 പ്രകാരം 3.18 ലക്ഷം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സെക്രട്ടറി നൽകിയ  പട്ടിക മാറ്റി വിഇഒ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടിക ബാങ്കിൽ നൽകി. 

യഥാർഥ പട്ടികയിലുണ്ടായിരുന്ന ആലയ്ക്കൽ മേരി തോമസ് എന്ന ഗുണഭോക്താവിനെ മാറ്റി ഓമന ഓനച്ചനെ ഉൾപ്പെടുത്തി. ഓമന ഓനച്ചന്റെ അക്കൗണ്ടിലേക്ക് 2.18 ലക്ഷം മാറ്റി. ഇതു വിജയിച്ചതോടെ   തുടർച്ചയായി വിതരണ പട്ടിക മാറ്റി ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേട് നടത്തുകയായിരുന്നു.  സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ പട്ടികയ്ക്കു പകരം വിഇഒ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടിക ബാങ്ക് എന്തിന് അംഗീകരിച്ചുവെന്ന ചോദ്യം ബാക്കിയാണ്.

തട്ടിപ്പിന് മറ്റൊരു ഉദാഹരണം

ജനറൽ വിഭാഗത്തിൽ 5 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി  2020 ഓഗസ്റ്റ് 25ന് സെക്രട്ടറി 10 ലക്ഷത്തിന്റെ ചെക്ക് നൽകി. സെക്രട്ടറി വിഇഒയ്ക്കു നൽകിയ പട്ടിക ഇങ്ങനെ:

1. അമ്പിളി രഘു – 2.4 ലക്ഷം
2. മേഴ്സി ഏബ്രഹാം –
2.2 ലക്ഷം
3. ഓമന തങ്കപ്പൻ – 2.2 ലക്ഷം
4. മേരി തോമസ് – ഒരു ലക്ഷം
5. മറിയാമ്മ ഏബ്രഹാം – 2.2 ലക്ഷം
മൂന്നിലവ് വിഇഒ ബാങ്കിൽ നൽകിയ പട്ടിക
1. മേരി തോമസ് – ഒരു ലക്ഷം
2. എ.ആർ.രാജിമോൾ –
4.5 ലക്ഷം
3. ഓമന ഓനച്ചൻ – 4.5 ലക്ഷം ഇതിൽ 4.5 ലക്ഷം കൈമാറിയ എ.ആർ. രാജിമോൾ ലൈഫ് ഗുണഭോക്താവല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com