വേമ്പനാട്ട് കായൽ നീന്തിക്കടക്കാനൊരുങ്ങി അഞ്ചുവയസ്സുകാരൻ
Mail This Article
വൈക്കം ∙ വേമ്പനാട്ട് കായലിനു കുറുകെ നീന്തിക്കടക്കാനൊരുങ്ങി അഞ്ചുവയസ്സുകാരൻ. കോതമംഗലം പല്ലാരിമംഗലം സ്വദേശി കണ്ണാപറമ്പിൽ നീരജ് ശ്രീകാന്ത് ആണു കായൽ നീന്തിക്കടക്കാൻ തയാറെടുക്കുന്നത്. 21നു രാവിലെ 8നാണ് ഈ ചരിത്രമുഹൂർത്തം സൃഷ്ടിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവ് വരയുള്ള മൂന്നര കിലോമീറ്ററാണു നീരജ് നീന്താനൊരുങ്ങുന്നത്.
കോതമംഗലത്തെ നീന്തൽ പരിശീലന കേന്ദ്രമായ ഡോൾഫിൻ അക്വാറ്റിക് ക്ലബ് ആണു നീന്തൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണു നീരജ് നീന്തുന്നത്. ചേർത്തല അരൂക്കുറ്റിയിൽ നിന്നു ദലീമ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ഏതു പ്രതികൂല സാഹചര്യത്തിലും ദൗത്യം പൂർത്തിയാക്കാൻ ആവശ്യമായ തയാറെടുപ്പുകൾ നീരജ് നടത്തിയിട്ടുണ്ടെന്നു സംഘാടക സമിതിക്കു വേണ്ടി ഷിഹാബ് കെ.സൈനു പറഞ്ഞു. നമ്മുടെ നാട്ടിൽ നിന്നു നീന്തൽ വിദഗ്ധരായ കുട്ടികളെ വളർത്തിക്കൊണ്ടുവരികയാണു ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. കോതമംഗലം സ്വദേശിയായ അനന്തദർശൻ മാസങ്ങൾക്കു മുൻപ് കൈകൾ ബന്ധിച്ച് രണ്ടര മണിക്കൂർ കൊണ്ടു കായൽ നീന്തിക്കടന്നിരുന്നു.