അയർക്കുന്നം ∙ ഏറെ ആഗ്രഹിച്ചു വാങ്ങിയ കൃഷ്ണവിഗ്രഹം പൊട്ടിത്തകർന്നപ്പോൾ അത് അനു ഉണ്ണിക്കൃഷ്ണൻ എന്ന ഭക്‌തയ്ക്കു സഹിച്ചില്ല. ക്ഷേത്രമുറ്റത്ത് നിന്നു കരഞ്ഞ അനുവിനെ ആശ്വസിപ്പിക്കാനെത്തിയ ആളുകൾക്കിടയിൽ നിന്ന് ഒരു യുവാവ് മുന്നോട്ടു വന്നു. അനുവിന്റെ സങ്കടത്തിന്റെ കാരണം ആരാഞ്ഞു. രണ്ടു മണിക്കൂറിനകം യുവാവ് ഒരു കൃഷ്ണന്റെയും രാധയുടെയും വിഗ്രഹവുമായി വന്ന് അനുവിനു സമ്മാനിച്ചു മടങ്ങി.
ആരാണ് ആ യുവാവെന്ന് അനുവിനും നാട്ടുകാർക്കും അറിയില്ല. ആളെ കണ്ടെത്തി ആദരിക്കാൻ ഒരുങ്ങുകയാണ് ആറുമാനൂർ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞ വേദിയിലായിരുന്നു സംഭവം. സപ്താഹ വേദി അലങ്കരിക്കാൻ മറ്റു വീട്ടിൽ നിന്നുള്ള കൃഷ്ണ വിഗ്രഹം മറ്റു ഭക്തരോടൊപ്പം അനു സമർപ്പിച്ചിരുന്നു.
സപ്താഹത്തിനു ശേഷം എല്ലാവരും വിഗ്രഹങ്ങൾ തിരികെ വാങ്ങി. അനുവിന്റെ വിഗ്രഹം വേദിയിൽ അബദ്ധത്തിൽ വീണ് പൊട്ടിയിരുന്നു. പൊട്ടിപ്പോയ വിഗ്രഹം ടാപ്പുഴ കടവിൽ ഒഴുക്കി അനു വീട്ടിലേക്കു മടങ്ങി. തുടർന്നാണ് 2 വിഗ്രഹങ്ങളുമായി യുവാവ് അമ്പലത്തിൽ എത്തി അനുവിനെ വിളിച്ചുവരുത്തി കൈമാറിയത്.