വേനൽമഴയിൽ നാടാകെ കണ്ണീർക്കയം; 248 ഏക്കർ ‘വെള്ളത്തിൽ’, 3 ദിവസം കൊണ്ട് 15.27 കോടിയുടെ കൃഷി നാശം

  മാഞ്ഞൂർ അയിരാറ്റുകിളി പാടശേഖരത്തിൽ മട വീണതിനെത്തുടർന്നു പടുതയും ചെളിയും ഉപയോഗിച്ചു താൽക്കാലിക ബണ്ട് നിർമിക്കുന്നു.
മാഞ്ഞൂർ അയിരാറ്റുകിളി പാടശേഖരത്തിൽ മട വീണതിനെത്തുടർന്നു പടുതയും ചെളിയും ഉപയോഗിച്ചു താൽക്കാലിക ബണ്ട് നിർമിക്കുന്നു.
SHARE

കോട്ടയം ∙ അപ്രതീക്ഷിതമായെത്തിയ വേനൽമഴ കനത്തതോടെ നെൽപാടങ്ങൾ കണ്ണീർക്കയങ്ങളായി.മറ്റു വഴികളൊന്നും ഇല്ലാതെ വന്നതോടെ     ഇതരസംസ്ഥാനത്തൊഴിലാളികളെ  ഉപയോഗിച്ച് കൊയ്യാവുന്നത്ര നെല്ല് കൊയ്തെടുക്കുകയാണു കടുത്തുരുത്തി കൃഷി ഭവനു കീഴിലെ മധുരവേലി വടക്കേ മനയ്ക്കത്താഴം പാടശേഖരത്തെ കർഷകർ.  32 തൊഴിലാളികളാണു മുട്ടറ്റം വെള്ളത്തിൽ നിന്നു നെൽക്കതിർ മുറിച്ചെടുക്കുന്നത്. മുറിച്ചെടുക്കുന്ന കതിരുകൾ ചെരുവത്തിൽ വച്ചു വെള്ളത്തിലൂടെ വലിച്ചു കരയ്ക്ക് എത്തിക്കാൻ 900 രൂപയും ഭക്ഷണവുമാണ് ഇതരസംസ്ഥാനത്തൊഴിലാളികൾക്കു കൂലി. 

  കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ നെല്ല്  ഇതരസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചെടുത്ത് ചെരുവത്തിലാക്കി കരയിലേക്കു വലിച്ചുകൊണ്ടുവരുന്ന  കർഷകർ. കടുത്തുരുത്തി ആയാംകുടി വടക്കേ മനയ്ക്കത്താഴം പാടത്തു നിന്നുള്ള കാഴ്ച.
കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ നെല്ല് ഇതരസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചെടുത്ത് ചെരുവത്തിലാക്കി കരയിലേക്കു വലിച്ചുകൊണ്ടുവരുന്ന കർഷകർ. കടുത്തുരുത്തി ആയാംകുടി വടക്കേ മനയ്ക്കത്താഴം പാടത്തു നിന്നുള്ള കാഴ്ച.

ഒരേക്കറിന് 40,000 രൂപ മുടക്കിയാണു നെല്ല് വിളവെടുപ്പിനു പാകമാക്കിയതെങ്കിലും ഒരേക്കറിലെ നെല്ല് മെതിച്ചെടുത്താൽ 10,000 രൂപ പോലും ലഭിക്കില്ലെന്നു പാടശേഖരസമിതി ഭാരവാഹികളായ ജോൺ പൈലി, ജോസഫ് അലക്സാണ്ടർ എന്നിവർ പറഞ്ഞു. രാത്രിയും പകലും പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ അധ്വാനം വെള്ളം കയറി നശിക്കുന്നതു കാണാൻ കഴിയാത്തതിനാലാണ് അമിതകൂലി നൽകി കുറച്ചെങ്കിലും കതിരുകൾ മുറിച്ചെടുക്കുന്നത്. 

മാഞ്ഞൂർ കൃഷിഭവനു കീഴിലെ കുറിഞ്ഞിക്കാട്ട് പാടശേഖരവും പുനമ്പുചാൽ – അയിരാറ്റുകിളി പാടശേഖരവും മുളക്കുളത്തെ 125 ഏക്കറിലധികം നെൽപാടവും എല്ലാം കണ്ണീർക്കഥകളാകുകയാണ്.

വയലേലകളിൽ കർഷകവിലാപം...

കൊയ്ത്തുപാട്ടിന്റെ ആരവവും സന്തോഷവും ഉയരേണ്ട വയലുകളിൽ നിന്നു കേൾക്കുന്നതു കർഷകവിലാപം. കഠിനാധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന നെൽക്കർഷകർ നേരിടുന്നതു സമാനതകളില്ലാത്ത പ്രതിസന്ധി. കലി തുള്ളിയെത്തിയ മഴയും കിഴിവിനെച്ചൊല്ലിയുള്ള തർക്കങ്ങളും തെറ്റിച്ചതു വിളവെടുപ്പിന്റെ ലാഭക്കണക്കുകൾ മാത്രമല്ല ഭാവിയെക്കുറിച്ചുള്ള കർഷകസമൂഹത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്. 

ഒഴിയാതെ വെള്ളപ്പൊക്കം; തീരാതെ ആശങ്ക

മഴ ഏറിയും കുറഞ്ഞും നിൽക്കുന്ന ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നില്ല. ഇന്നലെ പകൽ മഴ കാര്യമായി പെയ്യാതിരുന്നതോടെ കിഴക്കൻ മേഖലയിൽ നിന്നു വെള്ളം കാര്യമായി താഴ്ന്നെങ്കിലും പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് താഴുന്നില്ല. ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം മീനച്ചിലാർ, മണിമലയാർ എന്നിവ ജാഗ്രതനിരപ്പു കടന്നിട്ടില്ല. ഇന്നലെ രാത്രിയോടെ പലയിടങ്ങളിലും വീണ്ടും മഴ ശക്തമായത് ആശങ്കയുണ്ടാക്കുന്നു. 

മലയോര മേഖലയിൽ ശക്തമായ മഴ നീണ്ടുനിൽക്കുന്നില്ലെങ്കിലും കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് പ്രദേശങ്ങളിൽ ചാറ്റൽമഴ തോരുന്നില്ല. ഇത്തരത്തിലുള്ള മഴയാണു നേരത്തേ മണ്ണിടിച്ചിലുകൾക്കും മറ്റു ദുരന്തങ്ങൾക്കും കാരണമായിട്ടുള്ളത്. രാത്രികളിൽ മാത്രമാണു ശക്തമായ മഴ ഉണ്ടാകുന്നത്. നദികളിലെ നീരൊഴുക്കു സുഗമമാക്കുന്ന പുനർജനി പദ്ധതി പ്രകാരം മണ്ണും മണലും പാതിയോളം നീക്കിയതോടെ വെള്ളപ്പൊക്ക സാധ്യതകൾ കുറഞ്ഞിട്ടുണ്ട്. മഴ പെയ്ത് ആറ്റിൽ ഒഴുക്കു കൂടിയതോടെ പുനർജനി പദ്ധതി മന്ദഗതിയിലായി. വെള്ളം കുറവുള്ള ഭാഗത്താണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.

ഏറ്റുമാനൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരസഭ 6–ാം വാർഡിൽ ആര്യങ്കാല പിണ്ടിച്ചിറ റോഡിൽ സേവാഗ്രാമിന് എതിർവശം പൂണൻചിറ ജോൺസന്റെ വീടിന്റെ കൽക്കെട്ട് ഇടിഞ്ഞു. വീടു ഭാഗികമായി തകർന്നു. പേരൂർ, പായിക്കാട്, പുളിമൂട്, വെച്ചൂർക്കവല, പാറേക്കടവ്, പൂവത്തുംമൂട്, അരയരം, ഊറ്റക്കുഴി, പുന്നത്തുറ, മാടപ്പാട് എന്നീ ഭാഗങ്ങളിലാണു വീടുകൾ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. പുന്നത്തുറ – കറ്റോട് കമ്പനിക്കടവ് എന്നീ ഭാഗങ്ങളിലും ശക്തമായ മഴയിൽ വീടുകളുടെ മുറ്റത്തു വരെ വെള്ളം കയറി.ഏറ്റുമാനൂർ–മണർകാട് ബൈപാസ് റോഡിലെ സമീപ പാടശേഖരങ്ങളിൽ വെള്ളം കയറി.

അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പലയിടവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുമരകം മങ്കുഴി, ഇടവട്ടം പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതു ജനജീവിതം ദുരിതമാക്കി. ഇവിടത്തെ വീടുകളുടെ മുറ്റത്തും പുരയിടങ്ങളിലും വെള്ളമായി. അയ്മനം പഞ്ചായത്തിന്റെ പരിപ്പ്, ഒളശ്ശ, തിരുവാർപ്പ് പഞ്ചായത്തിന്റെ ചെങ്ങളം, കാഞ്ഞിരം, കിളിരൂർ, കുമ്മനം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട്. 

മഴ വന്നു; 248 ഏക്കർ ‘വെള്ളത്തിൽ’

248 ഏക്കർ വരുന്ന കൊയ്ത്തിനു പാകമായ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ നെല്ല് കനത്ത മഴയിൽ വെള്ളത്തിലായി. കൊയ്ത്ത്–മെതി യന്ത്രങ്ങൾ പാടത്ത് ഇറക്കാൻ കഴിയാതായതോടെ കൃഷി നശിക്കുമെന്ന ആശങ്കയിലാണു കർഷകർ. ഏപ്രിൽ 25നു ബുക്ക് ചെയ്തിരുന്ന കൊയ്ത്ത്–മെതി യന്ത്രങ്ങൾ കഴിഞ്ഞ ദിവസമാണു ലഭിച്ചത്. അപ്പോഴേക്കും കനത്ത മഴയിൽ പാടത്തു വെള്ളം നിറഞ്ഞു. 

85 കർഷകരാണു പാടത്തുള്ളത്. യന്ത്രം ഇറങ്ങാതായതോടെ 25 ഏക്കറിലെ നെല്ല് കർഷകർ തന്നെ കൊയ്തെങ്കിലും കനത്ത മഴ ഇതിനും തടസ്സമായി. 10 ഏക്കറോളം നെല്ല് കാറ്റിലും മഴയിലും നിലത്തടിഞ്ഞുകിടക്കുകയാണ്. വൈദ്യുതി തടസ്സം മൂലം വെള്ളം വറ്റിക്കാനും കഴിയുന്നില്ല. കനത്ത നഷ്ടമാണു കർഷകർക്ക് ഉണ്ടായതെന്നു പാടശേഖരസമിതി സെക്രട്ടറി തങ്കച്ചൻ ഉപ്പൂരത്തിൽ പറഞ്ഞു. 

സമയത്തു കൊയ്ത്ത്–മെതി യന്ത്രം ലഭിക്കാതെ പോയതു മൂലമാണു കൊയ്ത്തു വൈകിയത്. 8 യന്ത്രങ്ങൾ ബുക്ക് ചെയ്ത് അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ, വെള്ളത്തിലായ നെല്ല് എങ്ങനെ കൊയ്തെടുക്കും എന്ന ആശങ്കയിലാണു കർഷകർ. ഒരേക്കർ കൃഷിക്ക് 40,000 രൂപയോളം മുടക്കിയാണു നെല്ല് വിളവെടുപ്പിനു പാകമാക്കിയത്. 85 കർഷകർക്കു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

മഴ: 3 ദിവസം കൊണ്ട് 15.27 കോടിയുടെ കൃഷി നാശം

3 ദിവസത്തെ കനത്ത മഴയിൽ സംസ്ഥാനത്തു 15.27 കോടി രൂപയുടെ കൃഷി നാശം. ആലപ്പുഴയിൽ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു.വിവിധ ജില്ലകളിലായി 1,469 ഹെക്ടർ പ്രദേശത്തെ 2,954 കർഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്. 14 മുതൽ ഇന്നലെ വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. വാഴയ്‍ക്കാണു കൂടുതൽ നാശം. 

ഗതാഗതം നിരോധിച്ചു

നിർമാണം നടക്കുന്ന ഒളശ്ശ പാലത്തിനു സമാന്തരമായി നിർമിച്ച താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ആറ്റിലെ ജലനിരപ്പ് ഉയർന്ന് വെള്ളം താൽക്കാലിക പാലത്തിനു മുകളിലൂടെ ഒഴുകുന്നതിനാലാണു സുരക്ഷ മുൻനിർത്തി താൽക്കാലികമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA