കോട്ടയം ∙ ഒന്നാം ക്ലാസ് മുതൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവർ ‘കോട്ടിട്ട്’ കോടതിയിലേക്കും ഒന്നിച്ചു പോകും. കാണക്കാരി അംബൂരാൻ കുന്നിൽ പരേതനായ ജോയി കുന്നിലിന്റെയും ലൗലി ജോയിയുടെയും (ആർട്ടിസ്റ്റ്) മകൻ മാനസ് ജേക്കബ് ജോയിയും മാണിക്കുന്നം നായ്ക്കേരിയിൽ അഡ്വ. ഷിബു ജേക്കബിന്റെയും എസി ഷിബുവിന്റെയും മകൻ ഗൗതം ഷിബുവുമാണ് സൗഹൃദത്തിന്റെ കൈപിടിച്ച് അഭിഭാഷകരായി എൻറോൾ ചെയ്തത്.
ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒന്നിച്ചിരുന്നു പഠിക്കുന്ന കാലം മുതൽ ചങ്ങാത്തത്തിലായതാണ് ഇരുവരും. മധ്യവേനലവധിക്കാലത്തു പോലും ഇവർ വേർപിരിഞ്ഞിരുന്നിട്ടില്ല. കുട്ടികളുടെ സൗഹൃദത്തിലൂടെ മാതാപിതാക്കളും പരസ്പരം സുഹൃത്തുക്കളായി. ഇവരുടെ അച്ഛന്മാർ ചെറിയ ക്ലാസുകളിൽ സഹപാഠികളായിരുന്നുവെന്നു പിന്നീട് തിരിച്ചറിഞ്ഞു.
ഹൈസ്കൂൾ പഠനവും ഹയർസെക്കൻഡറി പഠനവും ബിരുദ പഠനവുമെല്ലാം ഒന്നിച്ചു തന്നെ. കോട്ടയം സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ നിന്ന് എൽഎൽബി ബിരുദമെടുത്തതും ഒരേ ബെഞ്ചിലിരുന്നു പഠിച്ചു തന്നെ. കഴിഞ്ഞ ദിവസം ഇരുവരും അഭിഭാഷകരായി എൻറോൾ ചെയ്തു.