ADVERTISEMENT

ലോഫ്ലോർ ബസുകൾ ക്ലാസ് മുറികളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും പറയുന്നു.ഇക്കാര്യം എങ്ങനെ നടപ്പാക്കും?

കറുകച്ചാൽ ∙ ലോ ഫ്ലോർ ബസുകൾ ഷോപ്പുകളായി മാറ്റിയെങ്കിൽ ക്ലാസ് മുറികളുമായി മാറ്റാമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പറയുന്നു.ഒന്നോ രണ്ടോ ബസുകൾ ചേർത്ത് മുറികൾ നിർമിക്കാൻ കഴിയും. മറ്റ് ബസുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥല സൗകര്യവും ലോ ഫ്ലോർ ബസുകൾക്കുണ്ട്. 

ഒരു ക്ലാസ് മുറിക്ക് ഒരു ലക്ഷം

ഒരു ലക്ഷം രൂപയ്ക്ക് ഓരോ ബസും ക്ലാസ് മുറികളാക്കി മാറ്റിയെടുക്കാനാകുമെന്ന് മെക്കാനിക്കൽ എൻജിനീയർമാർ പറയുന്നു. 50 സീറ്റ് കപ്പാസിറ്റിയുള്ള ബസുകൾ ക്ലാസ് മുറികളാക്കുമ്പോൾ 25 പേർക്കു സൗകര്യമായിരുന്നു പഠിക്കാൻ കഴിയും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളിൽ 6 എംഎം ചില്ല് വിൻഡോയാണ് ഷട്ടറിനു പകരം സ്ഥാപിച്ചിരിക്കുന്നത്. ഇവ എടുത്തുമാറ്റുകയോ വായു സഞ്ചാരം ലഭിക്കാൻ‌ മറ്റു സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണം.

12 മീറ്റർ നീളവും 2.74 മീറ്റർ വീതിയുമുള്ള ലോ ഫ്ലോർ ബസുകളിൽ 33 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥലം ലഭിക്കും. ഇതു ക്ലാസ് മുറിയാക്കാൻ വലിയ നിർമാണം വേണ്ടി വരില്ല.അതേസമയം 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കോൺക്രീറ്റ് മുറി നിർമിക്കുന്നതിന് 7 ലക്ഷം രൂപ ചെലവ് വരുമെന്ന് റജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്‌) ജില്ലാ പ്രസിഡന്റ് മനോജ് സലാം പറയുന്നു.

‘വണ്ടി സ്കൂൾ’ വേറിട്ട അനുഭവം

കെഎസ്ആർടിസി ബസുകളിൽ ക്ലാസ് നടത്തുന്നത് വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. സ്കൂൾ മുറ്റത്ത് തയാറാക്കുന്ന ‘ ബസ് ക്ലാസ് മുറികൾ ’ ആവശ്യത്തിന് അനുസരിച്ച് മാറ്റിയിടാൻ കഴിയും. എന്നാൽ സ്കൂൾ വളപ്പിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്ത് ക്ലാസ് മുറികൾ നടത്തുമ്പോൾ കുട്ടികളുടെ വിനോദത്തിനുള്ള സ്ഥലം നഷ്ടമാകാൻ ഇടയുണ്ടെന്ന ആശങ്കയുമുണ്ട്.

 എന്തിന് ക്ലാസ് മുറി;  ബസ് ഓടിക്കാല്ലോ

അധികൃതർ മനസ്സു വച്ചാൽ കൊച്ചി തേവരയിലും തിരുവനന്തപുരം ഇഞ്ചക്കലും ഓടാതെ കയറ്റിയിട്ടിരിക്കുന്ന ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കാൻ കഴിയുമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ പറയുന്നു.50,000 മുതൽ 4 ലക്ഷം രൂപ വരെ മുടക്കിയാൽ ബസുകൾ നിരത്തിലോടും.  സമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാതെ വന്നതാണ് ദുർഗതിക്കു കാരണം. 2012, 2018 കാലഘട്ടങ്ങളിലാണ് ലോ ഫ്ലോർ ബസുകൾ കെഎസ്ആർടിസിക്കു ലഭിച്ചത്. ആദ്യ ഘട്ടത്തിൽ വന്ന ബസുകളാണ് കട്ടപ്പുറത്തെന്നു ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com