ADVERTISEMENT

കടുത്തുരുത്തി ∙ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നു 10 അടി താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. മുങ്ങിത്താണ കാറിൽ നിന്നു യാത്രക്കാരായ യുവാക്കൾ വാതിൽ തുറന്ന് നീന്തി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന മല്ലപ്പള്ളി പെരുമ്പട്ടി ദിവ്യാ ഭവൻ വിശാൽ ഷാജ് ( 20), പെരുമ്പട്ടി കോതകരയിൽ കെ.എസ്. ശരത് ( 21) എന്നിവരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. 

ബുധനാഴ്ച രാത്രി 12 നു കോട്ടയം – എറണാകുളം റോഡിൽ മുട്ടുചിറ ഞായപ്പള്ളി പാലത്തിന് സമീപത്തു നിന്നുമാണ് കാർ ഞായപ്പള്ളി തോട്ടിലേക്ക് പതിച്ചത്.  വെള്ളം നിറഞ്ഞ കാറിന്റെ ഡോർ തള്ളിത്തുറന്ന് നീന്തി കരയ്ക്ക് എത്തുകയായിരുന്നു. രക്ഷപ്പെട്ട യുവാക്കൾ സഹായം തേടി സമീപമുള്ള വീട്ടിലെത്തിയതോടെയാണ് അപകടം സമീപവാസികൾ അറിയുന്നത്. പഞ്ചായത്തംഗം ജിൻസി എലിസബത്ത്  പൊലീസിനെ വിവരം അറിയിച്ചു.  

പെരുമ്പട്ടിയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ കമ്പനിയിലേക്ക് ജോലിക്കു പോവുകയായിരുന്നു ഇരുവരും.  മഴയിൽ കാർ നിയന്ത്രണംവിട്ട്  തോട്ടിലേക്കു പതിക്കുകയായിരുന്നു. ഇരുവർക്കും കാര്യമായ പരുക്കില്ല. റോഡിൽ ഈ ഭാഗത്ത് സംരക്ഷണ സംവിധാനങ്ങളില്ലാത്തതാണു കാരണം. രാത്രി തന്നെ ക്രെയിൻ എത്തിച്ച് നാട്ടുകാരും പൊലീസും ചേർന്ന് കാർ തോട്ടിൽ നിന്നു കരയ്ക്കു കയറ്റി. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com