ADVERTISEMENT

കാറ്റിലും മഴയിലും വീട് തകർന്നു വീണു. ശാരീരിക പരിമിതിയുള്ള ഗൃഹനാഥനും ഭാര്യയും കഷ്ടിച്ചു രക്ഷപ്പെട്ടു. കടുത്തുരുത്തി അലരി ഇടമ്പാടം ഇ.പി. ബിജുവിന്റെ വീടാണ് ഇന്നലെ പുലർച്ചെ നാലിനു തകർന്നുവീണത്. ഓടിട്ട മേൽക്കൂരയും ഭിത്തികളും നിലംപതിച്ചു. മേൽക്കൂര തകരുന്ന ഒച്ച കേട്ട് ബിജുവും ഭാര്യ സനിയമ്മയും പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ആഹാര വസ്തുക്കളും നനഞ്ഞ് നശിച്ചു.

വീട് പൂർണമായും തകർന്ന നിലയിലാണ്. വലിയ തോട്ടിൽ നിന്നു വെള്ളം ഇരച്ചെത്തി വീടിന്റെ പരിസരം മുഴുവൻ നിറഞ്ഞു. വീട്ടിൽ ശേഷിക്കുന്ന സാധനങ്ങൾ കൂടി നശിക്കുമെന്ന സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതരും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു മടങ്ങിയതല്ലാതെ സഹായമൊന്നും ലഭിച്ചില്ല.

മാറ്റമില്ലാതെ നദികളിലെ ജലനിരപ്പ്

രാവിലെ മുതൽ ശക്തമായ മഴയ്ക്ക് സൂചന നൽകി മാനം ഇരുണ്ടു നിന്നെങ്കിലും ജില്ലയിൽ ഇന്നലെ കാര്യമായ മഴ ഉണ്ടായിരുന്നില്ല. നദികളിലെ ജലനിരപ്പും മാറ്റമില്ലാതെ നിന്നു. എന്നാൽ ഒറ്റപ്പെട്ട മഴ പലയിടത്തും കനത്തു പെയ്തു. വൈക്കം മേഖലയിലെ ജല നിരപ്പ് ഉയരുന്നത് തീരവാസികളെ ആശങ്കയിലാഴ്ത്തി. സാധാരണ നിലയിൽ നിന്ന് ഏകദേശം 2 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിൽ മാത്താനം കോലത്താർ പാടശേഖരങ്ങളിൽ വിളവെടുപ്പ് പ്രായമായ 50 ഏക്കറോളം നെല്ല് അടിഞ്ഞ് നശിച്ചു. ഇന്നലെ രാവിലെ 11 മുതൽ മഴ ശമിച്ചെങ്കിലും വൈകിട്ട് ആറോടെ വീണ്ടും ശക്തമായി.

മഴയിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളക്കെട്ടിലാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. ഓടകളിൽ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. മാലിന്യം റോഡിലേക്ക് ഒഴുകിയെത്തുന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. ചെങ്ങളം, തിരുവാർപ്പ്, കാഞ്ഞിരം, കുമ്മനം തുടങ്ങി തിരുവാർപ്പ് പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ ജല നിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവു വർധിച്ചതോടെയാണു ജല നിരപ്പ് ഉയർന്നത്. ഇവിടങ്ങളിലെ പല പുരയിടങ്ങളിലും വെള്ളം കയറി

ആറുകളിലെ ജലനിരപ്പ് (മീറ്ററിൽ) ഇന്നലെ വൈകിട്ട് 4ന് രേഖപ്പെടുത്തിയത്:

മീനച്ചിലാർ

സ്ഥലം, ജലനിരപ്പ്, ജാഗ്രതാ ലവൽ, അപായ ലവൽ, നിലവിലെ സ്ഥിതി ക്രമത്തിൽ

∙തീക്കോയി – 99.95, 101.53, 102.53, ജലനിരപ്പ് കുറയുന്നു
∙ചേരിപ്പാട്– 10.11, 11.58, 11.935, ജലനിരപ്പ് കുറയുന്നു
∙പാലാ– 9.485, 11.385, 12.385, ജലനിരപ്പ് ഉയരുന്നു
∙പേരൂർ‌– 3.55, 3.8, 4.8, ജലനിരപ്പ് ഉയരുന്നു

മണിമലയാർ

∙മുണ്ടക്കയം– 55.845, 58.895, 59.895, ജലനിരപ്പ് കുറയുന്നു
∙മണിമല – 17.303, 21.733, 22.733, ജലനിരപ്പ് ഉയരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com