ADVERTISEMENT

നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മുൻ രാജ്യാന്തര കായിക താരവും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് എഴുതുന്നു.

കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് എഴുതുന്നത്. കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേ‍ഡിയത്തിലെ കാഴ്ച കായികവേദിയെ ഇഷ്ടപ്പെടുന്ന ആരെയും വിഷമിപ്പിക്കും. പുല്ലു നിറഞ്ഞ് വെള്ളം കെട്ടി നിൽക്കുന്ന സ്റ്റേഡിയത്തിൽ കായിക താരങ്ങൾ എങ്ങനെ പരിശീലിക്കും? 1973ൽ ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റ് കാണാൻ ഞാൻ ഈ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ദേശീയ നിലവാരത്തിലുള്ള താരങ്ങളുടെ പ്രകടനം കണ്ട് അന്നത്തെ സ്കൂൾ വിദ്യാർഥിനിയായ ഞാൻ ആവേശം കൊണ്ടു.

 മഴ പെയ്താൽ  കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ  ഫുട്ബോൾ പരിശീലനം നടത്തുന്ന കുട്ടികൾ ഗ്രൗണ്ടിൽ നിന്നു  കയറും. പിന്നെ പരിശീലനം ഗാലറിയിലാണ്. മഴക്കാലം മുഴുവൻ  കുളമായി കിടക്കുന്ന സ്റ്റേഡിയം നോക്കി നെടുവീർപ്പിടാനേ  ഇവർക്കു കഴിയൂ.                                                 ചിത്രം: മനോരമ
മഴ പെയ്താൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്ന കുട്ടികൾ ഗ്രൗണ്ടിൽ നിന്നു കയറും. പിന്നെ പരിശീലനം ഗാലറിയിലാണ്. മഴക്കാലം മുഴുവൻ കുളമായി കിടക്കുന്ന സ്റ്റേഡിയം നോക്കി നെടുവീർപ്പിടാനേ ഇവർക്കു കഴിയൂ. ചിത്രം: മനോരമ

ജില്ലാ സ്കൂൾ കായികമേളയിൽ സ്പ്രിന്റ് ഇനങ്ങളിൽ മത്സരിക്കാൻ ഈ സ്റ്റേഡിയത്തിൽ ഞാനും ഇറങ്ങിയിയിട്ടുണ്ട്. അന്ന് ഈ സ്റ്റേഡിയത്തിൽ മൺട്രാക്ക് ഉണ്ടായിരുന്നു. പുല്ല് വളർന്ന് ഇങ്ങനെ വൃത്തികേടായിരുന്നില്ല. കേരളത്തിൽ അന്ന് ഇത്ര സൗകര്യമുള്ള സ്റ്റേഡിയങ്ങൾ വിരലിൽ എണ്ണാവുന്നത്ര മാത്രം. എന്നാൽ, ഇന്നത്തെ സ്ഥിതി എന്താണ് ?

ഇന്നലെ രാവിലെ അത്‌ലറ്റിക്സ് പരിശീലനത്തിനുള്ള കുട്ടികൾ ഇവിടെ വന്നു. സ്റ്റേ‍ിയത്തിൽ നിറയെ വെള്ളം കെട്ടി നിൽക്കുന്നു. അവരെ പരിശീലിപ്പിക്കാൻ പിന്നെ മറ്റ് ഗ്രൗണ്ടിലേക്ക് പരിശീലകർ കൊണ്ടു പോകുന്നതു കണ്ടു. ഏറ്റവും കൂടുതൽ കായിക താരങ്ങളെ സംഭാവന ചെയ്ത നമ്മുടെ ജില്ലയിലാണ് ഈ കാഴ്ച. ഒളിംപിക്സ് മെഡലൽ സ്വപ്നം കണ്ടാൽ മാത്രം പോരല്ലോ.. കാലുറപ്പിച്ചു നിൽക്കാൻ ഒരു ഗ്രൗണ്ട് വേണ്ടേ!

എല്ലാ ജില്ലയിലും സ്റ്റേഡിയം എന്നു സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമുണ്ട്. കായിക വികസനത്തിന് കേന്ദ്രഫണ്ട് ധാരാളമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്തിയാൽ സ്റ്റേഡിയം നവീകരിക്കാനുള്ള തുക കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. സ്റ്റേഡിയം ഉയർത്തണം. വെള്ളം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സൗകര്യം വേണം. ഇതിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നല്ല ഡ്രെയ്നേജ് സൗകര്യം ഏർപ്പെടുത്തി സ്റ്റേഡിയങ്ങൾ പരിപാലിക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്ക് അടക്കം വരണം. 8 ട്രാക്ക് നിർമിക്കാനുള്ള സ്ഥലം നാഗമ്പടത്തുണ്ട്. 

മഴയത്തു വെള്ളം കയറുന്ന സ്ഥലമല്ല നാഗമ്പടം. വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്നം. ഫുട്ബോൾ ടർഫും നിർമിക്കാം. ഗാലറികൾ പുനർനിർമിച്ചാൽ മത്സരങ്ങൾ വീണ്ടും കോട്ടയത്തേക്ക് എത്തും. മത്സരിക്കുന്നതിനൊപ്പം നിലവാരമുള്ള മത്സരം കാണുന്നതും കായിക താരങ്ങളെ വളർത്തി എടുത്തുന്നതിൽ പ്രധാനമാണ്. സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലുകൾക്കും പ്രയോജനപ്പെടും.ഇത്രയും സൗകര്യമുള്ള ഒരു സ്റ്റേഡിയം നശിച്ചു പോകുന്നതു കണ്ടിട്ട് ആർക്കും ഒന്നും തോന്നുന്നില്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com