ADVERTISEMENT

നീണ്ടൂർ ∙ കാലംതെറ്റി എത്തിയ മഴ ചതിച്ചു. 520 ഏക്കറിലെ നെൽക്കൃഷി വെള്ളത്തിലായി. കൊയ്ത്ത് യന്ത്രം ഇറക്കാനാകാതെയും കൊയ്തു കൂട്ടിയ നെല്ല് കൊണ്ടു പോകാനാകാതെയും കർഷകർ. ഗ്രാമ പഞ്ചായത്തിലെ വടക്കേതാഴത്തെക്കുഴി , തച്ചാറ വിശാഖംതറ, ചോഴിയെപ്പാറ എന്നീ പാടശേഖരങ്ങളിലെ കൃഷിയാണ് വിളവെടുക്കാനാകാതെ വെള്ളത്തിലായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കർഷകർ. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പാടശേഖരങ്ങൾ സന്ദർശിച്ചു.

   നീണ്ടൂർ പ്രാവട്ടം തച്ചാറ വിശാഖംതറ പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത നെല്ല് കൊണ്ടു  പോകാനാവാതെ പാടത്ത് കിടന്നു കിളിർത്തത് കർഷകൻ എടുത്തു മാറ്റുന്നു.               ചിത്രം: മനോരമ
നീണ്ടൂർ പ്രാവട്ടം തച്ചാറ വിശാഖംതറ പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത നെല്ല് കൊണ്ടു പോകാനാവാതെ പാടത്ത് കിടന്നു കിളിർത്തത് കർഷകൻ എടുത്തു മാറ്റുന്നു. ചിത്രം: മനോരമ

പ്രാവട്ടത്തിനു സമീപമാണ് വടക്കേതാഴത്തെക്കുഴി, തച്ചാറ വിശാഖംതറ പാടശേഖരങ്ങൾ. വടക്കേതാഴത്തെക്കുഴി പാടശേഖരത്തിൽ കൊയ്ത്ത് നടന്നില്ല. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതു മൂലം കൊയ്ത്ത് യന്ത്രം ഇറക്കാനായില്ല. തമിഴ്നാട്ടിൽ നിന്നു 5 കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിരുന്നു. ഇതിൽ 2 യന്ത്രങ്ങൾ തിരിച്ചയച്ചു. ബാക്കി മൂന്നെണ്ണം പാടശേഖരത്തിനു സമീപം റോഡിൽ തന്നെ ഇട്ടിരിക്കയാണ്. നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തിൽ 132 ഏക്കർ സ്ഥലത്തായിരുന്നു കൃഷിയിറക്കിയത്. 72 കർഷകരുടെ കൂട്ടായ്മയാണ് ഇവിടെയുള്ളത്. മേയ് ആദ്യ ആഴ്ചയിൽ കൊയ്ത്തിനു തയാറെടുത്തിരുന്നു. അപ്പോഴേക്കും മഴ തുടങ്ങി. മഴ കനത്തതോടെ കൊയ്ത്തിനുള്ള ശ്രമം പാഴായി. ഇതോടെ നെല്ല് നിലത്തടിഞ്ഞു. ഇപ്പോൾ കിളിർത്തു തുടങ്ങി.

തച്ചാറ വിശാഖംതറ പാടശേഖരത്തിൽ കുറച്ചുഭാഗത്ത് കൊയ്ത്ത് നടന്നു. പക്ഷേ, ലോഡ് കയറ്റി വിടാനായില്ല. ഇവിടെ വില്ലനായത് സമീപത്തെ റോഡാണ്. കൈതക്കനാൽ തോടിനു സമീപത്തു കൂടിയുള്ള ടാർ ചെയ്യാത്ത റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾ കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്. മഴ പെയ്തതോടെ ഇവിടം ചെളിക്കുളമായി. കാൽനട പോലും പറ്റാത്തവിധം റോഡ് താറുമാറായി. ലോറികൾ കൊണ്ടുവരാനാകാതെ കൊയ്തെടുത്ത കറ്റകളും മെതിച്ചെടുത്ത നെല്ലും പാടത്തു കൂടി കിടന്നു. ഇപ്പോൾ ഇതും കിളിർത്തു തുടങ്ങി. ഏകദേശം 53 ഏക്കറിലാണ് ഇവിടെ കൃഷിയിറക്കിയത്. കൂടുതൽ ഭാഗവും കൊയ്യാതെ കിടക്കുകയാണ്.

കൈപ്പുഴ പള്ളിത്താഴെയ്ക്കു സമീപമാണ് ചോഴിയെപ്പാറ പാടശേഖരം. കൈപ്പുഴ, ഓണംതുരുത്ത് വില്ലേജുകളിലായി 302 ഏക്കർ പാടശേഖരം ഇവിടെയുണ്ട്. കഴിഞ്ഞയാഴ്ച പുഞ്ചകൊയ്ത്ത് നടത്താൻ തീരുമാനിച്ചിരുന്നതാണ്. ഇവിടെയും കൊയ്ത്ത് യന്ത്രം വരുത്തി. വെള്ളക്കെട്ടായതിനാൽ പാടശേഖരങ്ങളിൽ ഇറക്കാൻ കഴിഞ്ഞില്ല. മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറ്റും മഴയും കാരണം നെല്ല് പാടത്തടിഞ്ഞു. പുറംബണ്ടിൽ 2 സ്ഥലത്ത് മട വീഴുകയും ചെയ്തു. മറ്റു വിവിധ സ്ഥലങ്ങളിൽ നിലം പാട്ടത്തിനെടുത്ത് ഒറ്റയ്ക്ക് കൃഷിയിറക്കിയവർക്കും ഇതേ അവസ്ഥയാണ്. പാടശേഖര സമിതികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

കല്ലറ – നീണ്ടൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പാടശേഖരങ്ങളിലെ കൃഷി നാശം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇൻ ചാർജ് ഗീതാ വർഗീസ്, ഡപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, നീണ്ടൂർ കൃഷി ഓഫിസർ സി.പി. നിത്യ, കൃഷി അസിസ്റ്റന്റ് റോഷിനി ടി. രഘുനാഥ് എന്നിവർ സന്ദർശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു ഇവർ പറഞ്ഞു.

നഷ്ടപരിഹാരം കിട്ടണം
വടക്കെതാഴത്തെക്കുഴി പാടശേഖരത്തിനു മറുവശത്തുള്ള പാടശേഖരങ്ങൾ തരിശു കിടക്കുകയാണ്. മഴക്കാലത്ത് അവിടെ വെള്ളം പൊങ്ങും. ഇവിടേക്ക് ഒഴുകിയെത്തും. 2 പാടശേഖരങ്ങളിലെ വെള്ളം കൂടിയാകുമ്പോൾ വിളനാശം നിയന്ത്രിക്കാനാവില്ല. പുറംബണ്ട് പൊട്ടുമെന്ന പേടിയിൽ കർഷകർ രാത്രിയിൽ പോലും കാവൽ കിടക്കുകയാണ്. നഷ്ടപരിഹാരം കിട്ടിയാലേ കടം വീട്ടാനാകു.
എം. വാസുദേവൻ നായർ, സെക്രട്ടറി ,വടക്കെതാഴത്തെക്കുഴി പാടശേഖര നെല്ലുൽപാദക സമിതി.

കടക്കെണിയിൽ
കൃഷി ചെയ്യുന്നതിനു പുറമേ, കൊയ്ത്ത് യന്ത്രം കൊണ്ടു വരുന്നതിനും പാടത്തെ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുമെല്ലാം പണം ചെലവായി. നെല്ല് പാടത്തു നിന്നു കയറ്റുന്നതിനു പോലും കയ്യിൽ നിന്നു പണം ചെലവാകും. ഒരേക്കർ നെൽക്കൃഷി വിളവിനു പാകമാകുമ്പോഴേക്കും 45,000 രൂപയെങ്കിലും ചെലവാണ്. എല്ലാവരും കടക്കെണിയിലാണ്.
ജോൺ മാത്യു, സെക്രട്ടറി,വിശാഖംതറ പാടശേഖര നെല്ലുൽപാദക സമിതി.

നഷ്ടപരിഹാരം നാമമാത്രമാകരുത്

കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ് കൃഷിയിറക്കിയത്. നാമമാത്രമായ നഷ്ടപരിഹാരം കിട്ടിയിട്ടു കാര്യമില്ല. നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ഉണ്ട്. ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്തവരെയെല്ലാം നഷ്ടപരിഹാരത്തിനു ഒരേപോലെ പരിഗണിക്കണം.

സി.സി. ഗോപി, സെക്രട്ടറി,ചോഴിയെപ്പാറ പാടശേഖര നെല്ലുൽപാദക സമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com