ADVERTISEMENT

കോട്ടയം ∙ സ്വർണപ്പണയ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തുന്ന സംഘം ജില്ലയിൽ കറങ്ങുന്നു. മുക്കുപണ്ടം പണയം വച്ച് 40000 രൂപ തട്ടിയെടുത്ത കട്ടപ്പന സ്വദേശിയായ യുവതിയെ സ്ഥാപന അധികൃതരുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി കഴിഞ്ഞ ദിവസം ഗാന്ധിനഗർ പൊലീസിന് കൈമാറിയിരുന്നു.  പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സ്ഥാപനങ്ങളുടെ കൂട്ടായ്മ നടത്തിയ ശ്രമങ്ങളിൽ ഈ വർഷം മാത്രം 6 മുക്കുപണ്ടം തട്ടിപ്പുകളാണ് പിടികൂടിയത്.

ഇതിൽ 3 ശ്രമങ്ങളും നടത്തിയത് കോട്ടയം താലൂക്കിൽ ആണെന്നു ബാങ്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ഗോപൻ ജി.നായർ പറഞ്ഞു. കഴിഞ്ഞ ദിവസം പനമ്പാലം ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ചൈതന്യ ഫിനാൻസിൽ നിന്ന് വ്യാജ രേഖകൾ നൽകി മുക്കുപണ്ടം പണയം വച്ച് കട്ടപ്പന വലിയപറമ്പ് ശാലിനി സത്യൻ (22) ആണ് അറസ്റ്റിലായത്. ഈ തട്ടിപ്പിനു പിന്നിൽ ഇവർ തനിച്ചല്ല എന്നും ഈ തട്ടിപ്പിനു പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുന്നതായും ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.

പിടികൂടിയത് നാടകീയമായി

ഒന്നര പവന്റെ മുക്കുപണ്ടം ആണ് ശാലിനി സത്യൻ പണയം വയ്ക്കാനായി കൊണ്ടുവന്നത്. അച്ഛൻ ആശുപത്രിയിലാണെന്നും അതിനാലാണ് പണയം വയ്ക്കുന്നതെന്നും ഇവർ പറഞ്ഞു. പി.എസ്. അഞ്ജലി എന്ന പേരും വിലാസവും ആണ് പറഞ്ഞത്. സംശയം തോന്നാത്ത വിധം ആധാർ കാർഡിന്റെ കോപ്പിയും നൽകി. എന്നാൽ മെഡിക്കൽ കോളജിനു സമീപത്തെ ഒരാളെ കൂടി പരിചയത്തിനു കൊണ്ടുവന്നിരുന്നു.

മുക്കുപണ്ടം വച്ച് പണം വാങ്ങി പോയി മിനിറ്റുകൾക്കുളളിൽ ഉള്ളിൽ തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇവർ കൂട്ടത്തിലുണ്ടായിരുന്ന ആളെ വിളിച്ചുവരുത്തി. ഇവർ ഒന്നാം നിലയിലെ ഫിനാൻസിൽ എത്തിയതോടെ താഴെ നിന്ന് ഷട്ടർ അടയ്ക്കുകയും ഇവരെ തടഞ്ഞു വയ്ക്കുകയും ചെയ്തു. പണയം വച്ച ആൾ വന്നാൽ മോചിപ്പിക്കാം എന്നു പറഞ്ഞതോടെയാണു പണയം വച്ച ശാലിനി എത്തിയത്. ഇതോടെ ശാലിനിയെ പൊലീസിനു കൈമാറുകയായിരുന്നു.

പിന്നിൽ ഒരു സംഘമോ?

പനമ്പാലം ഫിനാൻസ് സ്ഥാപനത്തിനു പുറമേ പുറമേ കുറിച്ചി, മാണിക്കുന്നം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനങ്ങളിൽ കബളിപ്പിക്കൽ നടന്നിരുന്നു. ബാങ്ക് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിൽ തട്ടിപ്പു നടത്തുന്നവരുടെ വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് എല്ലാവരിലും വിവരം എത്തിച്ചതോടെ ആണ് തട്ടിപ്പുകൾ തടയാൻ കഴിഞ്ഞത്. ഒറിജിനൽ തന്നെ എന്ന് തോന്നിക്കുന്ന വിധമുള്ള മുക്കുപണ്ടം ആണ് തട്ടിപ്പുകാരുടെ കൈവശം ഉള്ളത്.

പുതിയ ഫാഷനിൽ ഉള്ള മാല, വള, മോതിരം എന്നിവയാണ് ഇവർ കൊണ്ടുവരുന്നത്. 916 ഹാൾ മാർക്ക് വിവരങ്ങളും മുക്കുപണ്ടത്തിന് ഉണ്ടായിരിക്കും. ഉരച്ച് നോക്കിയാൽ പോലും മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള സ്വർണമാണ്. മുക്കുപണ്ടം പണയം വയ്ക്കുന്ന സ്ഥലങ്ങളിലെ തന്നെ വ്യാജ തിരിച്ചറിയൽ രേഖയും ഹാജരാക്കും. വ്യാജ ആധാർ കാർഡ് ആണ് തയാറാക്കുന്നത്. പണയം വയ്ക്കുന്ന സ്ഥലത്തെ വ്യാജ ആധാർ കാർഡ് ആണ് ഉണ്ടാക്കുക. ആധാർ കാർഡിന്റെ ആധികാരികത പരിശോധിക്കാൻ കഴിയാത്ത ഫിനാൻസ് സ്ഥാപനങ്ങളാണ് തട്ടിപ്പ് നടത്തുന്നതിനു തിരഞ്ഞെടുക്കുന്നത്.

ഒരു സംഘം പിന്നാലെ

മുക്കുപണ്ടത്തട്ടിപ്പ് നടത്താൻ എത്തുന്ന ആളിനൊപ്പം ഒരാൾ കൂടി ഉണ്ടാകും. ഒരു സംഘം ആൾക്കാർ വാഹനത്തിൽ ഇവരെ പിന്തുടരും. മുക്കുപണ്ടം പണയം വച്ച് പണം വാങ്ങിയാൽ ഉടൻ ഇവർ വാഹനത്തിൽ ഇവിടെ നിന്ന് രക്ഷപ്പെടും. പിടിക്കപ്പെട്ടാൽ പണം തിരികെ നൽകി ക്ഷമ പറഞ്ഞ് രക്ഷപെടും. മുൻപ് പലതവണ പല ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും മുക്കുപണ്ടം തട്ടിപ്പ് നടന്നപ്പോഴും പണം നൽകി കേസിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്. കേസിനു പിന്നാലെ പോകുന്നത് ഒഴിവാക്കാനായി സ്ഥാപന ഉടമകളും പണം തിരികെ കിട്ടുമ്പോൾ പരാതിയുമായി പോകാറില്ല.

സംശയം തോന്നാതിരിക്കാൻ വിധം പെൺകുട്ടികളെയും വീട്ടമ്മമാരെയും ആണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. കമ്മിഷൻ വ്യവസ്ഥയിലാണ് ഇടപാടുകൾ. പണത്തിന്റെ നിശ്ചിത ശതമാനം ആണ് മുക്കുപണ്ടം പണയം വയ്ക്കുന്ന ആളിനു ലഭിക്കുക. ബാക്കി തുക തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിനു നൽകണം. കേസ് ഉണ്ടായാലും ഈ സംഘം ഇടപെട്ട് ജാമ്യത്തിൽ എടുക്കും. തട്ടിപ്പ് പിടിക്കപ്പെട്ട മൂന്ന് സംഭവങ്ങളിലും സ്വർണം നൽകിയത് കട്ടപ്പന സ്വദേശിയാണെന്നാണു പറയുന്നത്. മുറിച്ചു നോക്കിയാലോ രാസ ലായനിയിൽ ഇട്ടാൽ മാത്രമാണ് മുക്കുപണ്ടം ആണെന്ന് മനസിലാകുന്നതെന്നു ഫിനാൻസ് സ്ഥാപന ഉടമകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com