ADVERTISEMENT

കുമരകം ∙ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വിനോദ സഞ്ചാരികളും നാട്ടുകാരും ആശ്രയിക്കുന്ന അമ്മങ്കരി റോഡ് തകർച്ചയിലാണ്. കായലോരത്തെ 10 ലേറെ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകുന്ന റോഡിന്റെ ശോച്യാവസ്ഥ മാറ്റാൻ അധികൃതർ തയാറാകുന്നില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ആണു വിദേശ വിനോദ സഞ്ചാരികളടക്കം യാത്ര ചെയ്യുന്നത്.

മഴക്കാലമായതോടെ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടി. കുമരകം റോഡിൽ നിന്നു തുടങ്ങുന്ന ഈ റോഡിൽ കുഴികൾ ഇല്ലാത്ത സ്ഥലങ്ങളില്ല. വഴിവിളക്കുകൾ തെളിയാത്തത് രാത്രി യാത്ര ദുഷ്കരമാക്കുന്നു. ബസ് സർവീസുള്ള ഈ റോഡ് നന്നാക്കാൻ പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ താൽപര്യമെടുക്കുന്നില്ല . ഹോട്ടലുകാരോ റിസോർട്ടുകാരോ സ്വന്തം  പണം ചെലവഴിച്ചാണു റോഡ് പലപ്പോഴും നന്നാക്കുന്നത്. പല തവണ റോഡ് നന്നാക്കിയതോടെ ഇവരും ഇപ്പോൾ പിൻമാറി.

പൂഴി മണ്ണ് കുഴഞ്ഞു റോഡ് 

പുനർ നിർമാണം നടക്കുന്ന ഗവ.ആശുപത്രി –ഹൈസ്കൂൾ റോഡിൽ പൂഴി മണ്ണ് കുഴഞ്ഞു കിടക്കുന്നതിനാൽ നടക്കാനാവാത്ത അവസ്ഥയായി. പൂഴി മണ്ണിനു മീതെ ഓലയിട്ട് നടപ്പാത ഒരുക്കുകയാണ് നാട്ടുകാരുടെ യാത്ര. റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമാണം നടക്കുന്ന റോഡിൽ പൂഴിയിറക്കിയതിനു ശേഷം മറ്റു ജോലികൾ ഒന്നും നടന്നില്ല.

ശക്തമായ മഴയിൽ റോഡ് താറുമാറായതോടെ ഇതു വഴി കാൽനട യാത്ര പോലും പറ്റാതായിരിക്കുന്നു . വാഹനങ്ങൾ ഇവിടെ താഴ്ന്ന് അപകടവും പതിവായി. ഗവ. ആശുപത്രിയിൽ എത്തുന്നതിന് പോകുന്നതിന് ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡ് എത്രയും വേഗം നവീകരണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബദൽ റോഡ്

കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന് സമാന്തരമായി നിർമിക്കുന്ന താൽക്കാലിക റോഡ് നിർമാണം പൂർത്തിയാക്കി വാഹനങ്ങൾക്ക് തുറന്ന് കൊടുക്കുമ്പോൾ ആശുപത്രി –ഹൈസ്കൂൾ റോഡിലൂടെ തെക്കൻ മേഖലയിലേക്കുള്ള ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയും. വാഹനങ്ങളെ ഇങ്ങനെ തിരിച്ച് വിട്ടാൽ ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു ഒരു പരിധിവരെ പരിഹാരമാകും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com