ADVERTISEMENT

കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിൽ നിന്ന് അഞ്ചാം പ്ലാറ്റ്ഫോം വരെ യാത്രക്കാർക്ക് എത്താനായി മേൽപാലം കൂടി നിർമിക്കണമെന്ന തോമസ് ചാഴികാടൻ എംപിയുടെ നിർദേശത്തിന് അംഗീകാരം. റെയിൽവേ തന്നെ ഈ പാലം നിർമിക്കും. 4,5 പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ ഇപ്പോഴുള്ള മേൽപാലം പ്രധാന കവാടത്തിൽ നിന്ന് അകലെയാണ്.

പാലം നിർമിക്കാൻ എംപി ഫണ്ട് അനുവദിക്കാമെന്ന് തോമസ് ചാഴികാടൻ അറിയിച്ചെങ്കിലും റെയിൽവേ ഫണ്ട് ഉപയോഗിച്ചു തന്നെ പാലം നിർമിക്കാമെന്നു ഡിവിഷനൽ റെയിൽവേ മാനേജർ അറിയിച്ചു. ചിങ്ങവനം ഏറ്റുമാനൂർ ഇരട്ടപ്പാത പൂർത്തിയാകുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ പ്രധാന നാഴികക്കല്ലാകുമെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു.

കേരളത്തിലെ റെയിൽവേയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടും. ക്രോസിങ്ങിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാകുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.എറണാകുളത്തിന്റെ സബേർബൻ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി കൂടുതൽ മെമു ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്നും എംപി പറഞ്ഞു.

നീണ്ട കാത്തിരിപ്പ്; വായിച്ചുതീർത്തത് എത്രയോ താളുകൾ
കെ.സുരേഷ് കുറുപ്പ് മുൻ എംഎൽഎ

ട്രെയിൻ യാത്ര 22–ാം വയസ്സ് മുതൽ ജീവിതത്തിന്റെ ഭാഗമാണ്. ഒറ്റവരിപ്പാതയാണല്ലോ. ക്രോസിങ്ങിനായി ട്രെയിൻ പിടിച്ചിടും. അതിനായി മാനസികമായി ഒരുങ്ങിത്തന്നെയാണ് അന്നൊക്കെ ട്രെയിനിൽ കയറിയിരുന്നത്. ട്രെയിൻ വൈകിയാണ് എത്തുന്നതെങ്കിൽ പിന്നെ യാത്രയിലുടനീളം പലപ്പോഴും ഈ ട്രെയിൻ തന്നെയാകും എല്ലായിടത്തും ക്രോസിങ്ങിനായി പിടിച്ചിടുക.

പുസ്തക വായനയാണ് ട്രെയിൻ യാത്രയിലെ പ്രധാന പരിപാടി. ക്രോസിങ്ങിനായി ട്രെയിൻ പിടിച്ചിടുന്നത് പതിവായതിനാൽ ഇറങ്ങേണ്ട സ്ഥലമാകുമ്പോൾ ഈ പുസ്തകം വായിച്ചു തീർത്തിട്ടുണ്ടാകും. തിരുവനന്തപുരത്തേക്കു പോകാൻ വഞ്ചിനാട് ആയിരുന്നു പതിവു ട്രെയിൻ.ട്രെയിൻ വൈകുന്നതിനാൽ യോഗങ്ങൾക്കും മറ്റും വൈകിയെത്തുന്ന അനുഭവങ്ങളും ഓർമകളും ഒട്ടേറെ.

എറണാകുളത്ത് അഭിഭാഷകനായി പ്രാക്ടിസ് ചെയ്തിരുന്ന സമയത്ത് യാത്രയിൽ സ്ഥിരം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രയ്ക്ക് നല്ല സമയലാഭം ലഭിക്കുമെന്ന് ഉറപ്പാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com