ADVERTISEMENT

കോട്ടയം ∙ ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയിൽ കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്) പരിശോധന നടത്തി.ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിൽ നിന്നു കോട്ടയം സ്റ്റേഷൻ വരെയും മുട്ടമ്പലം റെയിൽവേ ഗേറ്റ് മുതൽ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ വരെയും മോട്ടർ ട്രോളിയിൽ യാത്ര ചെയ്തായിരുന്നു ദക്ഷിണ റെയിൽവേയുടെ ചുമതലയുള്ള സിആർഎസ് അഭയ്കുമാർ റായി പരിശോധന നടത്തിയത്.

വേഗപരിശോധന നടത്തിയ ആദ്യ ട്രെയിൻ മുട്ടമ്പലം റെയിൽവേ ഗേറ്റിലേക്ക് എത്തിയപ്പോൾ.  മുട്ടമ്പലത്ത് നിന്നു ചിങ്ങവനത്തേക്ക് പുറപ്പെടാൻ തയാറായി നിൽക്കുന്ന ട്രെയിനും കാണാം.
വേഗപരിശോധന നടത്തിയ ആദ്യ ട്രെയിൻ മുട്ടമ്പലം റെയിൽവേ ഗേറ്റിലേക്ക് എത്തിയപ്പോൾ. മുട്ടമ്പലത്ത് നിന്നു ചിങ്ങവനത്തേക്ക് പുറപ്പെടാൻ തയാറായി നിൽക്കുന്ന ട്രെയിനും കാണാം.

പാലങ്ങൾ, പുതിയതായി സ്ഥാപിച്ച ലൈനുകൾ, വൈദ്യുതത്തൂണുകൾ, റെയിൽവേ ലൈനിനു മുകളിലൂടെയുള്ള വൈദ്യുത ലൈനുകൾ തുടങ്ങിയവ പരിശോധിച്ചു. നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അദ്ദേഹം ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്കു കൈമാറും. ഇന്നു മുതൽ 28 വരെ കോട്ടയം പാതയിൽ പകൽ 10 മണിക്കൂർ ഗതാഗത നിയന്ത്രണമുണ്ട്. പഴയ ലൈൻ പുതിയ ലൈനിലേക്ക് കണക്ട് ചെയ്യുന്ന ജോലികളാണ് ഇനി നടക്കുക.

പരിശോധനയ്ക്കായി എത്തിച്ച ട്രോളികൾ മുട്ടമ്പലം റെയിൽവേ ഗേറ്റിൽ വച്ചു പഴയ ട്രാക്കിൽ നിന്നു പുതിയ ട്രാക്കിലേക്ക് റെയിൽവേ ജീവനക്കാർ എടുത്തുമാറ്റുന്നു. കോട്ടയം യാഡിൽ നിന്നു പുതിയ ലൈനിലേക്കു കണക്‌ഷൻ നൽകാത്തതിനാലാണു ട്രോളികൾ ജീവനക്കാർ എടുത്ത് പുതിയ ട്രാക്കിലേക്ക് വച്ചത്.
പരിശോധനയ്ക്കായി എത്തിച്ച ട്രോളികൾ മുട്ടമ്പലം റെയിൽവേ ഗേറ്റിൽ വച്ചു പഴയ ട്രാക്കിൽ നിന്നു പുതിയ ട്രാക്കിലേക്ക് റെയിൽവേ ജീവനക്കാർ എടുത്തുമാറ്റുന്നു. കോട്ടയം യാഡിൽ നിന്നു പുതിയ ലൈനിലേക്കു കണക്‌ഷൻ നൽകാത്തതിനാലാണു ട്രോളികൾ ജീവനക്കാർ എടുത്ത് പുതിയ ട്രാക്കിലേക്ക് വച്ചത്.

തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.പി.ജിംഗാർ, ചീഫ് എൻജിനീയർ വി.രാജഗോപാൽ, ചീഫ് ബ്രിജ് എൻജിനീയർ സുമിത് സിംഗാൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. സിആർഎസുമായി തോമസ് ചാഴികാടൻ എംപി കൂടിക്കാഴ്ച നടത്തി.

ഉത്സവഛായയിൽ തുടക്കം

പൂജ, പടക്കം പൊട്ടിക്കൽ.. ഉത്സവ ഛായയിൽ ഇരട്ടപ്പാതയിലെ സുരക്ഷാ പരിശോധന. ഏറ്റുമാനൂർ പാറോലിക്കൽ ഗേറ്റിൽ നിന്നു സിആർഎസിന്റെ സുരക്ഷാ പരിശോധന ആരംഭിക്കും മുൻപേ പൂജ നടത്തി. നാസിക് ഡോൽ വാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു പൂജ. പാളത്തിൽ തേങ്ങ ഉടച്ച ശേഷമാണു സിആർഎസ് അഭയ്കുമാർ റായി ട്രോളിയിൽ കയറിയത്. പാറോലിക്കൽ നിന്നു മുട്ടമ്പലം വരെ ഒരു ട്രെയിനിലും മുട്ടമ്പലം മുതൽ ചിങ്ങവനം വരെ മറ്റൊരു ട്രെയിനിലും യാത്ര ചെയ്താണ് ഉന്നത ഉദ്യോഗസ്ഥൻ വേഗപരീക്ഷണം നടത്തിയത്.

വേണ്ടത് സുരക്ഷാ അനുമതി

പ്രധാന കടമ്പ കടന്ന് ഇരട്ടപ്പാത. ഇനി പ്രതീക്ഷിക്കുന്നത് അനൂകൂല റിപ്പോർട്ട്. ഇരട്ടപ്പാത കമ്മിഷൻ ചെയ്യാനുള്ള സുരക്ഷാ അനുമതിയാണു കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി നൽകേണ്ടത്. അതൃപ്തി പ്രകടിപ്പിക്കാത്തതിനാൽ അനുകൂല റിപ്പോർട്ട് റെയിൽവേ പ്രതീക്ഷിക്കുന്നു. നിർമാണങ്ങളുമായി മുന്നോട്ടുപോകാൻ സിആർഎസ് അനുമതി നൽകിയിട്ടുമുണ്ട്.

ഇനി നടക്കുന്നത്

∙പാറോലിക്കൽ ഗേറ്റിന് സമീപം ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുന്ന പഴയ ലൈൻ പുതിയ ലൈനുമായി യോജിപ്പിക്കണം.
∙മുട്ടമ്പലം ഗേറ്റിൽ നിന്ന് പഴയ ലൈൻ പുതിയതായി നിർമിച്ച രണ്ട് ലൈനുമായി യോജിപ്പിക്കണം. ഇവിടെയുള്ള രണ്ടു ടണലുകളും ഒഴിവാക്കി പുതിയ രണ്ട് ലൈനുകളാണ് നിർമിച്ചത്. ഇതു കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ലൈനുകളുമായും യോജിപ്പിക്കണം.
∙ലൈനുകൾ കണക്ട് ചെയ്യുന്നത് അനുസരിച്ച് സിഗ്നൽ മാറ്റങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com