എന്തൊരു വില !; നാടൻ പച്ചക്കറികളുടെ ഉൽപാദനം നിലച്ചു; വിപണിയിൽ വൻ വില

SHARE

കുറവിലങ്ങാട് ∙ കനത്ത മഴയിൽ നാടൻ പച്ചക്കറികളുടെ ഉൽപാദനം നിലച്ചതോടെ പച്ചക്കറികൾക്കു വിപണിയിൽ പൊള്ളുന്ന വില. തക്കാളി, ബീൻസ് എന്നിവയുടെ വില 100 കടന്നു. കിലോഗ്രാമിനു 60 രൂപയിൽ താഴെ വിലയുള്ളത് കോവയ്ക്ക പോലെ ചില ഇനങ്ങൾക്കു മാത്രം. നാടൻ ഏത്തപ്പഴം കിലോഗ്രാമിന് 70 രൂപ. പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചകൊണ്ടു വില ഇരട്ടിയിലേറെയായി.ഏതാനും ദിവസം മുൻപ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്കും കിട്ടിയിരുന്ന തക്കാളിയുടെ വില മൂന്നിരട്ടി ആയി.

40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ വഴുതന 50 രൂപ കടന്നു. ഡിമാൻഡ് കുറവായതിനാൽ കോവയ്ക്കയുടെ വില 40ൽ ഒതുങ്ങി. നാടൻ പച്ചക്കറികൾ ഒരിനം പോലും വിപണിയിൽ ഇല്ല. വിഎഫ്പിസികെ സ്വാശ്രയ കർഷക വിപണികളിൽ കർഷകർ ഇപ്പോൾ എത്തിക്കുന്നത് വാഴക്കുലകൾ മാത്രം. കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വർധനയും വില വർധിക്കുന്നതിന് കാരണമായി.

പച്ചക്കപ്പ വില വർധന മാത്രമാണ് കർഷകനു ആശ്വാസമായത്. പക്ഷേ, വില കൂടിയപ്പോൾ നാട്ടിൻപുറങ്ങളിൽ പോലും കപ്പ ഇല്ലാത്ത അവസ്ഥ. പുതിയ സീസൺ കപ്പ കൃഷിയുടെ സമയമാണ് ഇപ്പോൾ. കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുൻപ് പാടശേഖരങ്ങളിൽ കൃഷിയിറക്കിയ കർഷകരുടെ കൃഷി സ്ഥലത്തു നിന്നു മാത്രമാണ് ഇപ്പോൾ പച്ചക്കപ്പ വിപണിയിൽ എത്തുന്നത്. ലഭ്യത കുറഞ്ഞതോടെ സമീപ ജില്ലകളിൽ നിന്നു പച്ചക്കപ്പ എത്തുന്നുണ്ട്. അതിനിടെ തുടർച്ചയായി പെയ്യുന്ന കനത്ത മഴ പുതിയ സീസൺ കൃഷിക്കു ഭീഷണിയാണെന്നു കർഷകർ പറയുന്നു. മഴയുടെ അളവ് വർധിച്ചാൽ ഉൽപാദനം കുറയും.

∙ ഇഞ്ചി നടുന്ന സമയമാണിത്. പക്ഷേ മഴയുടെ അളവ് കൂടി മണ്ണിൽ ജലാംശം വർധിച്ചതോടെ കൃഷി ആരംഭിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇഞ്ചി നട്ടാൽ മുളയ്ക്കുന്നതിനു മുൻപ് തന്നെ ചീഞ്ഞു പോകും.
∙ പച്ചക്കറി, നെൽക്കൃഷികളും പ്രതിസന്ധിയിൽ. മഴ തുടർന്നാൽ ഉൽപാദനം ഗണ്യമായി കുറയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA