'കേരളത്തിൽ നിന്നിരുന്നെങ്കിൽ എത്രയോ വളരേണ്ടിയിരുന്നു സംഗീത'; ആറാം വയസ്സിൽ കോട്ടയം കേട്ട പാട്ട്!

അന്തരിച്ച ഗായിക സംഗീത സചിത് മകൾ അപർണയ്ക്കൊപ്പം.
അന്തരിച്ച ഗായിക സംഗീത സചിത് മകൾ അപർണയ്ക്കൊപ്പം.
SHARE

കോട്ടയം ∙ സംഗീത സചിത് എന്ന ഗായികയെ കോട്ടയം ആദ്യം കേൾക്കുന്നത് നാലു പതിറ്റാണ്ടു മുൻപാണ്. അന്നു സംഗീതയ്ക്ക് 5 വയസ്സ്. കോട്ടയത്തു സംഗീതയുടെ ആദ്യ കച്ചേരി അന്നായിരുന്നു. നാഗമ്പടത്തായിരുന്നു വീട്. 3–ാം വയസ്സിൽ കലാക്ഷേത്രയിൽ പാട്ടു പഠിച്ചു തുടങ്ങിയതാണ്. കുട്ടിക്കാലത്തു റേഡിയോയിലെ കീർത്തനങ്ങൾ കേൾക്കുന്ന കുഞ്ഞിനു പാട്ടിനോടുള്ള ഇഷ്ടം ആദ്യം കണ്ടെത്തിയത് അച്ഛൻ വി.ജി.സചിത് ആയിരുന്നു. 6–ാം ക്ലാസിൽ പഠിക്കുമ്പോൾ മാതംഗി സത്യമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. കോട്ടയം സെന്റ് ജോസഫ്സ് ഹൈസ്കൂളിലാണ് 10 വരെ പഠിച്ചത്. 15–ാം വയസ്സിൽ ചെന്നൈയിലേക്കു പോയി.

‘അമ്മയ്ക്കു പാട്ടായിരുന്നു ജീവൻ. ദിവസവും ഓരോ പാട്ടുകൾ പാടിത്തരും. എനിക്കേറ്റവും ഇഷ്ടം അമ്മയുടെ കഥയുറങ്ങുന്നൊരു വീട് എന്ന പാട്ടായിരുന്നു’ – മകൾ അപർണ അമ്മയെ ഓർമിക്കുന്നതിങ്ങനെ. ‘കഥയുറങ്ങുന്നൊരു വീട്, എന്റെ കവിതകൾ തളിരിട്ട വീട്, എൻ അനുരാഗം പിറന്ന വീട്, സ്നേഹിതനാണെന്റെ കളിവീട് എന്ന 4 വരികളാണ് എനിക്കും അമ്മയ്ക്കും ഏറ്റവും ഇഷ്ടം. ഇനി ഞങ്ങളുടെ ആ വീട്ടിൽ അമ്മയില്ല...’ – ചെന്നൈയിൽ ബികോം വിദ്യാർഥിയാണ് അപർണ.

‘റിക്കോർഡിങ്ങിനും കച്ചേരിക്കുമൊക്കെ പോകുമ്പോൾ അമ്മ എന്നെയും കൊണ്ടുപോകുമായിരുന്നു. എ.ആർ.റഹ്മാൻ അടക്കമുള്ള പ്രശസ്ത സംഗീത സംവിധായകരുടെ ഇഷ്ട ഗായിക ആയിരുന്നു അമ്മ. ഇടയ്ക്കു സംഗീത സംവിധാനത്തോട് താൽപര്യം വന്നു.   കുറെ പാട്ടുകൾക്കു സംഗീതമേകി. മൂന്നു ദിവസം മുൻപ് മ്യൂസിക് ഡയറക്ടർ ജെറി അമൽദേവ് തില്ലാന എന്ന ഒരു പാട്ടിന്റെ കാര്യം പറയാൻ വിളിച്ചിരുന്നു. പക്ഷേ, അമ്മ അന്ന് അബോധാവസ്ഥയിലായിരുന്നു. പാട്ടിന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിയാതെ, അതു കേട്ട് അമ്മ സന്തോഷിക്കാതെ ഇരുന്ന ദിവസം അതായിരുന്നു’ – അപർണ പറഞ്ഞു. 

എന്റെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല: മാതംഗി സത്യമൂർത്തി

‘കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ സംഗീത വിളിച്ചിരുന്നു. കാണാൻ വരാമെന്നു പറഞ്ഞപ്പോൾ അരുതെന്ന് എന്നെ വിലക്കി. ഞായറാഴ്ച ബെംഗളൂരുവിൽ കച്ചേരിക്കു പോകാൻ ഒരുങ്ങുമ്പോഴാണു സംഗീതയുടെ വിയോഗം ഞാൻ അറിഞ്ഞത്. ആ വേദിയിൽ ഞാൻ എന്താണു പാടിയതെന്ന് എന്നെനിക്ക് ഓർമയില്ല. കണ്ണുനീർ ഇനിയും തോർന്നിട്ടില്ല.’

പ്രശസ്ത ഗായിക മാതംഗി സത്യമൂർത്തി തന്റെ പ്രിയ ശിഷ്യ സംഗീത സചിത്തിന്റെ ഓർമകൾ പങ്കിട്ടു. ‘6–ാം വയസ്സിൽ ശിഷ്യയായി വരുമ്പോൾത്തന്നെ അസാധ്യമായി പാടുന്ന പെൺകുട്ടിയായിരുന്നു സംഗീത. ചെന്നൈയിലേക്കു പോകാനുള്ള അവരുടെ തീരുമാനത്തെ ഞാനന്ന് ഒരുപാട് എതിർത്തിരുന്നു. കേരളത്തിൽ നിന്നിരുന്നെങ്കിൽ എത്രയോ വളരേണ്ടിയിരുന്നു സംഗീത’ – മാതംഗി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA