രണ്ടു തുരങ്കങ്ങളും ഒഴിവാക്കി പൂർണമായും രണ്ടു പാത; 29ന് ആദ്യ ട്രെയിൻ കടത്തി വിടാനാകുമെന്നു പ്രതീക്ഷ

  പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിനോടു ചേർന്ന ലൈനിന്റെ പണികൾ പുരോഗമിക്കുന്നു. 										     ചിത്രം:മനോരമ
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിനോടു ചേർന്ന ലൈനിന്റെ പണികൾ പുരോഗമിക്കുന്നു. ചിത്രം:മനോരമ
SHARE

കോട്ടയം ∙ ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നത് ഒരു ദിവസത്തേക്കു കൂടി നീണ്ടേക്കും. 28നാണ് നിലവിൽ പാത കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മുട്ടമ്പലത്ത് തുരങ്കത്തിന് പകരമായി നിർമിക്കുന്ന ഇരട്ട ലൈൻ പ്രധാന പാതയുമായി യോജിപ്പിക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയാകാനുള്ളതിനാൽ ഒരു ദിവസംകൂടി വൈകാനാണു സാധ്യത.മുട്ടമ്പലം റെയിൽവേ ഗേറ്റു മുതൽ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ പാത ബന്ധിപ്പിക്കുന്ന ജോലികൾ നാളെയാണു തുടങ്ങുന്നത്.

റബർ ബോർഡ്, പ്ലാന്റേഷൻ കോർപറേഷൻ ഓഫിസുകൾക്കു സമീപത്തെ രണ്ടു തുരങ്കങ്ങളും ഒഴിവാക്കി പൂർണമായും രണ്ടു പാതയായാണു മുട്ടമ്പലം റെയിൽവേ ഗേറ്റിനും കോട്ടയം സ്റ്റേഷനും ഇടയിൽ വരുന്നത്. ഇതു ചിങ്ങവനം ഭാഗത്തു നിന്നു വരുന്ന ലൈനുമായും കോട്ടയം സ്റ്റേഷനിലെ ലൈനുമായും ബന്ധിപ്പിക്കണം. ഇന്നലെ മുതൽ പാതകൾ കണക്ട് ചെയ്യുന്നതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. പൂർണമായി മഴ മാറി നിന്നതു പണി സുഗമമാക്കി.

29ന് വൈകിട്ട് അഞ്ചരയോടെ ഇരട്ടപ്പാതയിലൂടെ ആദ്യ ട്രെയിൻ കടത്തി വിടാനാകുമെന്നാണു പ്രതീക്ഷ. 29ന് പാതയിൽ റെയിൽ ഗതാഗത നിയന്ത്രണം നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. പാതയിലെ അന്തിമ ജോലികൾക്കു സിആർഎസിന്റെ കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി) അനുമതി ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ അനുമതിയുടെ കാര്യത്തിൽ അനുകൂല മറുപടിയാണു ലഭിച്ചതെന്നും ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറിയിച്ചതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.കോട്ടയം സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ ലൈൻ വഴി മാത്രമാണ് ഇന്നലെ രാവിലെ ട്രെയിൻ വിട്ടത്. ഇന്നു മുതൽ രണ്ടാം പ്ലാറ്റ്ഫോമിലെ ലൈൻ വഴി മാത്രമാകും കടത്തി വിടുക. പാത കമ്മിഷൻ ചെയ്യും വരെ കോട്ടയം വഴി ഈ ഒരു ലൈൻ മാത്രമാകും ഇനി പ്രവർത്തിക്കുക.

പാത കമ്മിഷൻ ചെയ്താലും ഒന്നാം പ്ലാറ്റ്ഫോം വഴിയുള്ള ലൈൻ സജ്ജമാകാൻ 3 ആഴ്ച കൂടി സമയമെടുക്കും. നാഗമ്പടം ഭാഗത്തു നിന്നു വരുന്ന പുതിയ ലൈനും ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നു വരുന്ന ലൈനും തമ്മിലുള്ള ഉയരവ്യത്യാസം മാറ്റുന്നതിനുള്ള ജോലികളാണു നടക്കുന്നത്. കൂടാതെ ഒന്നാമത്തെ പ്ലാറ്റ്ഫോം നാഗമ്പടം ഭാഗത്തേക്കു നീട്ടുന്ന ജോലികളും നടക്കുന്നുണ്ട്. പാത കമ്മിഷൻ ചെയ്താൽ 2,3,4,5 പ്ലാറ്റ്ഫോമുകൾ വഴിയാകും ട്രെയിനുകൾ പോവുക. ഗുഡ്സ് ലൈനും പാത കമ്മിഷൻ ചെയ്യുന്നതോടെ തുറക്കും.

പിടിച്ചിടൽ ഓർമയിലേക്ക്
കെ.സി.ജോസഫ്,മുൻമന്ത്രി

നിയമസഭാ സമ്മേളനങ്ങൾക്കു ശേഷം തിരുവനന്തപുരത്തു നിന്നു മിക്കവാറും ഉച്ചയ്ക്ക് 2.15ന്റെ ചെന്നൈ മെയിലിലാണു മടക്കം. 5ന് കോട്ടയത്ത് എത്തുമെന്ന പ്രതീക്ഷയിലാണു കയറുന്നത്. അടുത്തിടെ ചങ്ങനാശേരി വരെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാറില്ലെങ്കിലും പിന്നീട് എപ്പോൾ വേണമെങ്കിലും ട്രെയിൻ പിടിച്ചിടും.ചിങ്ങവനത്താണു പലപ്പോഴും പിടിച്ചിടാറുള്ളത്. ക്രോസിങ്ങുകൾ കഴിഞ്ഞ് ഒടുവിൽ ട്രെയിൻ കോട്ടയത്ത് എത്തുമ്പോഴേക്കും ഏറ്റിരുന്ന പല പരിപാടികളും പൂർത്തിയായിട്ടുണ്ടാകും. നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കാമെന്നുള്ള ലക്ഷ്യവുമായി രാവിലെ വഞ്ചിനാടിനു കയറിയാലും ഇതേ അവസ്ഥ തന്നെ.

കണ്ണൂരിൽ നിന്നു കോട്ടയത്തേക്കു മലബാർ എക്സ്പ്രസിൽ വരുമ്പോഴും പ്രശ്നമുണ്ടാകാറുണ്ട്. ഏറ്റുമാനൂർ വരെ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ എത്തും. പിന്നീടു കോട്ടയം വരെ എത്താനാണു ബുദ്ധിമുട്ട്. ഏതു രീതിയിൽ നോക്കിയാലും ഏറ്റുമാനൂരിനും ചങ്ങനാശേരിക്കും ഇടയിൽ ട്രെയിൻ പിടിച്ചിട്ട അനുഭവങ്ങളാണു കൂടുതൽ ഓർമയിലുള്ളത്.

സഹപ്രവർത്തകരുമായി സൗഹൃദം പുതുക്കാനും മറ്റും ട്രെയിൻ യാത്രകൾ സഹായിച്ചിരുന്നു. പി.ടി.തോമസ്, സി.എഫ്.തോമസ്, മാമ്മൻ മത്തായി, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, തോമസ് ചാഴികാടൻ, ജോസഫ് എം.പുതുശേരി ഇങ്ങനെ നീളുന്നു ട്രെയിനിലെ സഹയാത്രികരുടെ പട്ടിക. ഡി.സി.കിഴക്കേമുറി ഉൾപ്പെടെയുള്ളവരും പഴയ കാലത്തു ട്രെയിൻ യാത്രയിലെ പരിചിത മുഖങ്ങളാണ്. ഇത്തരം ആളുകളുമായി സംസാരിക്കാനും ചർച്ചകൾ നടത്താനും ഈ യാത്രകൾ അവസരമൊരുക്കി. സന്തോഷപ്രദവും വിജ്ഞാനപ്രദവുമായ യാത്രകൾ ആയിരുന്നു അത്. ഇരട്ടപ്പാത വരുന്നതോടെ നിശ്ചയമായും കോട്ടയം റൂട്ടിൽ ട്രെയിൻ യാത്രയ്ക്കു സമയലാഭം ഉണ്ടാകും.

ഇന്നത്തെ ട്രെയിൻ നിയന്ത്രണം

പൂർണമായി റദ്ദാക്കിയത്
1. 06431 കോട്ടയം–കൊല്ലം പാസഞ്ചർ
2.12082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
3.. 16327 പുനലൂർ–ഗുരുവായൂർ
4. 16328 ഗുരുവായൂർ–പുനലൂർ
5. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
6. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ
7. 06444 കൊല്ലം - എറണാകുളം മെമു
8. 06443 എറണാകുളം - കൊല്ലം മെമു
9. 12623 ചെന്നൈ –തിരുവനന്തപുരം മെയിൽ
10. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ
11. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട്
12. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട്
13. 16526 ബെംഗളൂരു– കന്യാകുമാരി ഐലൻഡ്
14. 06451 എറണാകുളം–കായംകുളം പാസഞ്ചർ (ആലപ്പുഴ വഴിയുള്ളത്)
15. 06450 കായംകുളം–എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴിയുള്ളത്)

ഭാഗികമായി റദ്ദാക്കിയത്
1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് (കൊല്ലം വരെ മാത്രം)
2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് (എറണാകുളം വരെ)
3. 16649/16650 നാഗർകോവിൽ–മംഗളൂരു പരശുറാം (ഷൊർണൂർ–മംഗളൂരു റൂട്ടിൽ മാത്രം)
4. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (സെക്കന്തരാബാദിൽ നിന്ന് തൃശൂർ വരെ)
5. 17729 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (തൃശൂരിൽ നിന്നു പുറപ്പെടും)

ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
1. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
2. 16382 കന്യാകുമാരി–പുണെ ജയന്തിജനത
3. 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള
4. 12257 യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ്
5. 22113 ലോക്മാന്യതിലക്– കൊച്ചുവേളി
6. 12258 കൊച്ചുവേളി–യശ്വന്ത്പുര ഗരീബ്‌രഥ്

റീഷെഡ്യൂൾ ചെയ്തത്
1. 16792 പാലക്കാട്–തിരുനൽവേലി പാലരുവി (1.15 മണിക്കൂർ വൈകിയേ പാലക്കാട്ടുനിന്നു പുറപ്പെടൂ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA