ADVERTISEMENT

കൂരോപ്പട ∙ കുറുനരിശല്യത്തിൽ ബുദ്ധിമുട്ടി ചെന്നാമറ്റം കൊച്ചുവെളിക്കല്ലുങ്കൽ പ്രദേശം. ഡസൻ കണക്കിനു കുറുനരികളാണ് ഈ ഭാഗത്തുള്ളത്. കഴിഞ്ഞ ദിവസം നരിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഓടിയ പ്ലസ് വൺ വിദ്യാർഥിക്കു പരുക്കേറ്റു. മീനടം ഗവ. എച്ച്എസ്എസ് വിദ്യാർഥി മാടപ്പള്ളിക്കുന്നേൽ ആഷ്‌ലിനാണു കാലിനു പൊട്ടൽ ഉൾപ്പെടെ പരുക്കേറ്റത്. 

നാളുകളായി ഈ ഭാഗത്ത് കുറുനരിശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പകൽ ഒറ്റയ്ക്കും സന്ധ്യയായാൽ കൂട്ടമായും കുറുനരികൾ ഇറങ്ങുകയാണ്. ഇവയുടെ ഓരിയിടലും അരോചകമാകുന്നതായി നാട്ടുകാർ പറയുന്നു. വിവിധ വീടുകളിലെ കോഴികളെ ഇവ പിടികൂടി. പ്രദേശത്ത് കാടു പിടിച്ചു കിടക്കുന്ന പുരയിടങ്ങളിലാണു കുറുനരികളുടെ വാസം. മുപ്പതിലേറെ കുറുനരികൾ ഈ ഭാഗത്തു തന്നെയുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവയുടെ ശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 

രക്ഷപ്പെട്ടത് വളർത്തുനായയെ അഴിച്ചുവിട്ട്

കുറുനരിയുടെ ആക്രമണത്തിൽ നിന്നു കഷ്‌ടിച്ചു രക്ഷപ്പെടുകയും വീണു പരുക്കേൽക്കുകയും ചെയ്‌ത മാടപ്പള്ളിക്കുന്നേൽ ആഷ്‌ലിൻ പറയുന്നു: ‘‘കഴിഞ്ഞ ദിവസം സന്ധ്യയോടെ മുറ്റത്തു കോഴികളെ ആക്രമിക്കുന്ന ശബ്‌ദം കേട്ട് ഇറങ്ങി നോക്കുമ്പോഴാണു കുറുനരി കോഴികളെ ഓടിക്കുന്നതു കണ്ടത്. ഇവയെ ഓടിക്കാൻ എത്തിയപ്പോൾ തിരികെ ആക്രമിക്കാൻ ശ്രമിച്ചു.

ഇതിനിടെ തെന്നിവീഴുകയായിരുന്നു. വീണ്ടും എഴുന്നേറ്റ് വളർത്തുനായയെ അഴിച്ചുവിട്ടു. ഇതോടെ വീടിനരികിൽ നിൽക്കുകയായിരുന്ന മറ്റ് 2 കുറുനരികൾ കൂടി നായയെ ആക്രമിക്കാനെത്തി. വീഴ്‌ചയിൽ കാലിന്റെ ലിഗ്‌മെന്റിനു പൊട്ടലുണ്ടായതിനെത്തുടർന്ന് 6 ആഴ്‌ച വിശ്രമം പറഞ്ഞിരിക്കുകയാണ്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com