ADVERTISEMENT

മുണ്ടക്കയം∙ മഴയും മഞ്ഞും നിറഞ്ഞ ഹൈറേഞ്ച് പാതയിൽ ഇരുവശങ്ങളും കാട് നിറഞ്ഞത് യാത്രക്കാർക്ക് ഇരട്ടി ദുരിതമാകുന്നു. കാട് വെട്ടാനുള്ള പദ്ധതികൾ  പലതും നടപ്പാകാതെ വന്നതോടെ ദേശീയപാതയിൽ അപകട സാധ്യതയും നിലനിൽക്കുന്നു.

കാഴ്ച മറച്ച് കാടുകൾ

കുട്ടിക്കാനം മുതൽ 35-ാം മൈൽ വരെയുള്ള പ്രദേശത്ത് ചെങ്കുത്തായ മലകളും കൊടും വളവുകളും നിറഞ്ഞ വഴിയിൽ ഇരുവശങ്ങളും പച്ച വിരിച്ച് കാടുകൾ തിങ്ങിനിറഞ്ഞു. അപകടമുണ്ടായാൽ വാഹനങ്ങൾ കുഴിയിലേക്ക് മറിയാതെ നിൽക്കാനുള്ള ക്രാഷ് ബാരിയറുകൾ പലയിടങ്ങളും കാണാൻ കഴിയാത്ത നിലയിലായി. വേഗം കുറയ്ക്കുക, അപകട സാധ്യത തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകളിൽ വള്ളി കാടുകൾ പടർന്നു കഴിഞ്ഞു. 

വളവുകളിൽ ടാറിങ്ങിനു സമീപം വരെ കാട് എത്തിയതോടെ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതായി. കാൽനട യാത്രക്കാർ ടാറിങ്ങിൽ കയറി നടന്നാൽ ഇഴ ജന്തുക്കളുടെ ആക്രമണത്തി‍ൽനിന്നു രക്ഷ നേടാം എന്നതാണ് അവസ്ഥ. 

കാട് കയറരുത് നടപടികൾ

കുട്ടിക്കാനം മുതൽ 35-ാം മൈൽ വരെയുള്ള സ്ഥലത്ത് ആഴ്ചയിൽ ചെറുതും വലുതുമായ ശരാശരി 3 അപകടങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. വാഹനങ്ങളുടെ അമിത വേഗമാണ് പ്രധാന കാരണമെങ്കിലും സുരക്ഷാ പിഴവുകളും പലപ്പോഴും അപകടങ്ങൾക്ക് ഇടവരുത്തുന്നു. റോഡരികിലെ കാട് ടാറിങ്ങിന് സമീപം വരെ എത്തിയാൽ മഴക്കാലത്ത് വാഹനങ്ങൾ ടാറിങ്ങിൽനിന്നു താഴേക്ക് വെട്ടിച്ചു മാറ്റേണ്ടി വന്നാൽ പുല്ലിൽ കയറി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കാടുകൾ വെട്ടി നീക്കാൻ കാലവർഷത്തിന് മുൻപേ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

മറിയുന്നത് ലക്ഷങ്ങൾ

ദേശീയപാതയിലെ കാട് നീക്കം ചെയ്തെന്ന പേരിൽ ലക്ഷങ്ങളുടെ ബില്ലുകളാണ് ഓരോ വർഷവും മാറി എടുക്കുന്നത്. 2020- 2021 കാലത്ത് 3,84,388 രൂപയുടെ കാട് വെട്ടൽ നടന്നു എന്ന് അധികൃതർ പറയുമ്പോൾ ശബരിമല സീസൺ കാലത്ത് പോലും യാതൊരു ജോലികളും കാട് വെട്ടുന്നതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ നാലും അഞ്ചും ലക്ഷങ്ങൾ വീതം രേഖപ്പെടുത്തിയിരിക്കുന്നു. 

2017ൽ പെരുവന്താനം പഞ്ചായത്ത് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം ഇൗസ്റ്റ് വരെ റോഡരികിലെ കാടുകൾ വെട്ടി നീക്കി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെടികൾ നട്ടു. ഇൗ പദ്ധതിയുടെ പിന്നാലെ തന്നെ ഇതേ സ്ഥലത്ത് കാടുകൾ നീക്കം ചെയ്തതായി ദേശീയപാത വിഭാഗവും അവകാശപ്പെടുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി 19 കോടി രൂപ മുടക്കി റോഡിന്റെ വീതി കൂട്ടി നിർമാണം നടത്തിയ സ്ഥലങ്ങളിൽ വരെ അതേ സമയത്ത് കാട് നീക്കി എന്നതിനും ലക്ഷങ്ങളുടെ കണക്കുകൾ പറയുന്നു അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com