കിറ്റോ? തൽക്കാലം ഇല്ല,പച്ചക്കറികൾക്കു തീവില; സാമ്പാർ ‘മുങ്ങി’, തോരൻ ‘കണാനില്ല’

Kottayam News
SHARE

കോട്ടയം ∙ പച്ചക്കറി വിലയിൽ പൊള്ളി അടുക്കള. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്നു പച്ചക്കറിവില കുതിച്ചുയരുകയാണ്. കോട്ടയം മാർക്കറ്റിൽ രണ്ടാഴ്ചയ്ക്കിടെ മിക്ക പച്ചക്കറികൾക്കും വില ഇരട്ടിയിലധികമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറി കൊണ്ടുവരുന്ന ലോറിക്കാർ വാടക വർധിപ്പിച്ചതും വിലക്കയറ്റിനു കാരണമായിട്ടുണ്ടെന്നു കച്ചവടക്കാർ പറഞ്ഞു.

തക്കാളി, ബീൻസ് എന്നിവയ്ക്കാണു വിലക്കൂടുതൽ. രണ്ടാഴ്ച മുൻപു മൊത്തവില കിലോയ്ക്ക് 28 രൂപയായിരുന്ന തക്കാളിക്ക് ഇന്നലത്തെ കോട്ടയം മാർക്കറ്റിലെ മൊത്തവില 120 രൂപ. ചില്ലറവില 160 രൂപയ്ക്കു മുകളിലാണ്. ബീൻസിനു കിലോ മൊത്തവില 100 രൂപയാണ്. ചില്ലറ വില 120 രൂപ. കിലോ 50 രൂപയിൽ താഴെയായിരുന്നു ബീൻസിന്റെ വില. വില ഉയർന്നതോടെ ഹോട്ടലുകളിൽ ഊണിനൊപ്പം തക്കാളി ഉപയോഗിച്ചുള്ള കറികളും ബീൻസ് തോരനും കാണാനില്ല.

വിദേശിക്കും വില

വിദേശ ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവയിൽ ചേർക്കുന്ന പച്ചക്കറികൾക്കും വില ഉയർന്നു. കിലോയ്ക്ക് 70– 75 രൂപ ആയിരുന്ന കാപ്സിക്കത്തിന്റെ വില 90 രൂപയായി . ഇതിൽ തന്നെ പീത്സയിലും മറ്റും ചേർക്കുന്ന വിവിധ നിറങ്ങളിൽ ലഭിക്കുന്ന കാപ്സിക്കത്തിന്റെ വില 300 രൂപയായി.ബ്രോക്കോളി വില 300 രൂപയായി, നേരത്തേ 80 രൂപയായിരുന്നു. ചൈനീസ്, ഇറ്റാലിയൻ ഭക്ഷണങ്ങളിലാണ് ഇതു കൂടുതലായി ചേർക്കുന്നത്. ഷവർമയിലും ബർഗറിലും ഉപയോഗിക്കുന്ന കാബേജ് വിലയും ഉയർന്നു. കിലോ 100 രൂപ ആയിരുന്നത് 250 രൂപ വരെയായി.

കിറ്റോ? തൽക്കാലം ഇല്ല

നൂറും നൂറ്റിയൻപതും രൂപയ്ക്കു പച്ചക്കറികളുടെ കിറ്റ് നൽകുന്ന പതിവ് വ്യാപാരികൾ നിർത്തി.കിറ്റിൽ 250 ഗ്രാം തക്കാളി ചേർത്താൽ തന്നെ 25 രൂപയിലധമാകും. ബീൻസ്, തക്കാളി, അച്ചിങ്ങപ്പയർ, വെണ്ടയ്ക്ക, കോവയ്ക്ക, പച്ചമുളക്, കാരറ്റ്, കാബേജ് തുടങ്ങിയവയാണു ചില്ലറ വിൽപനശാലകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന പച്ചക്കറികൾ. ആവശ്യക്കാർ കുറവായതു കൊണ്ടു കോവയ്ക്ക വില കാര്യമായി ഉയർന്നില്ല.

പച്ചക്കറി പൊള്ളും

പച്ചക്കറി ഉൽപാദനം ഏറ്റവും കൂടുതൽ നടക്കുന്ന മാസങ്ങളാണ് ഏപ്രിൽ, മേയ്. പക്ഷേ, അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേനൽമഴ കർഷകരുടെ പ്രതീക്ഷകൾ വെള്ളത്തിലാക്കി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കണക്കനുസരിച്ചു ജില്ലയിലെ സ്വാശ്രയ കർഷക വിപണികളിൽ കർഷകർ എത്തിക്കുന്ന പച്ചക്കറികളുടെ അളവു ക്രമാതീതമായി കുറഞ്ഞു, ക്വിന്റൽ കണക്കിന് അച്ചിങ്ങാപ്പയറും പാവയ്ക്കയും പടവലങ്ങയും എത്തിയ സ്ഥലങ്ങളിൽ ഇപ്പോൾ എത്തുന്നത് പത്തോ ഇരുപത്തിയഞ്ചോ കിലോ മാത്രം.

ജില്ലയിൽ അവർമ, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണു ശരാശരിയിലും കൂടിയ ഉൽപാദനം നടക്കുന്നത്. നാടൻ പച്ചക്കറികൾ ഒരിനം പോലും വിപണിയിൽ ഇല്ല. വാഴക്കുലകൾ മാത്രമാണ് ഇപ്പോൾ മിക്ക വിപണികളിലും എത്തുന്നത്. ഏത്തക്കായ വില ദിവസവും വർധിക്കുകയാണ്. കഴിഞ്ഞദിവസം കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്നത് ഇന്നലെ 65 രൂപയിൽ എത്തി. കേരളത്തിലേക്കു പ്രധാനമായും പച്ചക്കറി എത്തുന്ന കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വർധനയും പച്ചക്കറി വില വർധിക്കുന്നതിനു കാരണമായി.

മഴ മാത്രമല്ല ചതിച്ചത്

∙ രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില ക്രമാതീതമായി വർധിച്ചു.
∙ രാസവളം വില 50 ശതമാനത്തിലധികം വർധിച്ചു.
∙ കൂലിച്ചെലവു വർധിച്ചു. 2018ലെ പ്രളയം മുതൽ തുടങ്ങിയ പ്രതിസന്ധി അതിജീവിക്കാൻ കഴിയാതെ പലരും കൃഷിയിൽ നിന്നു പിൻവാങ്ങി.

സർക്കാർ നടപടികൾ

സംസ്ഥാനത്ത് 5 ഇനം പഴം – പച്ചക്കറികൾക്കു കൂടി താങ്ങുവില പ്രഖ്യാപിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. ചേന, മത്തൻ, ചുരയ്ക്ക, വഴുതന (ഉരുണ്ടത്, നീണ്ടത്), തണ്ണിമത്തൻ തുടങ്ങിയവയ്ക്കാണു താങ്ങുവില വരുന്നത്. മരച്ചീനി, നേന്ത്രക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണു നിലവിൽ താങ്ങുവിലയുള്ളത്.

തൻവർഷക്കൃഷി നശിക്കുന്നു

മഴയോടു മഴ, വെയിൽ കാണാനില്ല, മൂടിക്കെട്ടിയ അന്തരീക്ഷം... കാലാവസ്ഥ പ്രതികൂലമായതിനാൽ തൻവർഷക്കൃഷി ഒട്ടുമുക്കാലും നശിച്ചു തുടങ്ങി. ഉള്ളവയ്ക്കു രോഗബാധയും. തുടരെ പെയ്യുന്ന മഴ മൂലം കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ് അടക്കമുള്ളവ കൃഷി നശിച്ചു പോകുന്നതായി കർഷകർ പറയുന്നു. വിളവെത്തും മുൻപേ ഇവയുടെ തണ്ട് പഴുക്കുന്നു. പാകമാകാത്തതിനാൽ വിത്തുകൾ ഭക്ഷ്യയോഗ്യമല്ലാതെ നശിച്ചു പോകുന്നു.

നൂറ്റാണ്ടുകളായി ഉപയോഗത്തിലും പരിചയത്തിലുമുള്ള കാർഷിക കലണ്ടർ അനുസരിച്ചാണു കർഷകർ കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണു തൻവർഷക്കൃഷികളുടെ തുടക്കം. ഇടവപ്പാതി ആരംഭിക്കുന്നതോടെ വിത്തുപൊട്ടി മുളകൾ തഴച്ചു വളരും. ഈ സമയം മഴയുടെ പെയ്ത്തു ദീർഘമെങ്കിലും ശക്തമല്ല. വിളകളുടെ വളർച്ചയ്ക്കും സഹായകരമാകുമായിരുന്നു. ഇത്തവണ മഴയുടെ സമയക്രമവും രീതിയും തെറ്റിയതു വിളകളുടെ വളർച്ചയെ സാരമായി ബാധിച്ചു. അതിരൂക്ഷ മഴ മലയോര മേഖലയിലെ കൃഷിയെ പാടേ തകർത്തു. നാശം സംഭവിക്കാത്ത പ്രദേശങ്ങളിൽ ഉൽപാദനക്കുറവും പ്രകടമാണ്.

വാഴയ്ക്കു രോഗം

തുടർച്ചയായുള്ള മഴ കൂടുതൽ ദോഷകരമായി ബാധിച്ചതു വാഴക്കൃഷിയെയാണ്. വാഴയിലയിൽ ഇലപ്പുള്ളി രോഗം വ്യാപകമാണ്. രോഗം ബാധിച്ച ഇലകൾ ഒടിഞ്ഞു പോകും. ഈ ഇലകൾ വെട്ടിമാറ്റി കോപ്പർ ചേർന്ന മിശ്രിതം പുരട്ടുകയാണു വേണ്ടെതെന്നും വെട്ടി മാറ്റിയ ഇലകൾ പറമ്പിനു വെളിയിൽ കൊണ്ടുപോയി കത്തിച്ചുകളയണമെന്നും കർഷകൻ ചെങ്ങളം പുതുവേലി സലേഷ് ആന്റണി പറയുന്നു. വെള്ളക്കെട്ടുണ്ടായി വാഴയുടെ വേരുകൾ അഴുകുന്നുണ്ട്. കപ്പ, ചേമ്പ് തുടങ്ങിയ നടുതല കൃഷികൾക്കു മണ്ണുകൂട്ടി സംരക്ഷണം ഒരുക്കുകയാണു ചെയ്യുന്നതെന്നും ഇത്തവണത്തെ മഴ മൂലം പച്ചക്കറി കൃഷി തുടങ്ങിയില്ലെന്നും സലേഷ് പറഞ്ഞു.

നഷ്ടപരിഹാരം നാമമാത്രം

വിള നാശത്തിനു കർഷകർക്കു ലഭിക്കുന്ന നഷ്ടപരിഹാരത്തുക തീരെക്കുറവായതിനാൽ ഒട്ടുമിക്ക കർഷകരും ഇതിന് അപേക്ഷ നൽകാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പാവൽ, പയർ, കോവൽ, പടവലം തുടങ്ങിയ കൃഷികൾ പൂർണമായി നശിച്ചു. ഇതോടെ അയൽനാടുകളിൽ നിന്നെത്തുന്ന പച്ചക്കറികൾക്കു തീവിലയായി.

കൊപ്ര സംഭരണം:കൃഷി സെക്രട്ടറി ഡൽഹിയിലേക്ക്

കൊപ്ര സംഭരണം ഊർജിതമാക്കാൻ നാ‍ഫെഡിന്റെ സംഭരണ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതു സംബന്ധിച്ചു കൃഷി സെക്രട്ടറി അടുത്ത ദിവസം ഡൽഹിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.സംഭരണം സംബന്ധിച്ച പരാതികളെത്തുടർന്നു മന്ത്രി പി.പ്രസാദ് വിളിച്ച യോഗത്തിലാ‍ണു തീരുമാനം.

കിലോയ്ക്കു 105.90 രൂപയാണു നിലവിൽ കൊപ്രയുടെ സംഭരണവില. പച്ചത്തേങ്ങ സംഭരണം വിപുലീകരി‍ക്കുന്നതിനു പദ്ധതി തയാറാക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി. കേരഫെഡിന്റെ 22 സൊസൈറ്റികൾ വഴിയും മാർക്കറ്റ് ഫെഡിന്റെ 20 സൊസൈറ്റികൾ വഴിയും കൊപ്ര സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കും. കിലോയ്ക്കു 32 രൂപയാണു പച്ചത്തേങ്ങ സംഭരണ വില. നാളികേര വികസന കോർ‍പറേഷനും കേര‍ഫെഡും ഈ നിരക്കിൽ നിലവിൽ പച്ചത്തേങ്ങ സംഭരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറി വില നിയന്ത്രിക്കാനും നടപടി

പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും നടപടി തുടങ്ങി. അമിത വിലയുള്ള പച്ചക്കറികൾ ഹോർട്ടികോർ‍പ് വഴി സംഭരിച്ചു കുറഞ്ഞ നിരക്കിൽ ജനങ്ങൾക്കു വിതരണം ചെയ്യും. ഇത്തരം അവസരങ്ങളിൽ വിപണിയിൽ ഉടനടി ഇടപെട്ടു വിലക്കയറ്റം നിയന്ത്രിക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും. ഇതിനായി കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.

കോട്ടയം മാർക്കറ്റിലെ മൊത്തവില(കിലോയ്ക്ക്)

∙മുരിങ്ങക്കായ : 95 –100 രൂപ.
∙വെണ്ടയ്ക്ക : 50 – 60 രൂപ.
∙ബീറ്റ്റൂട്ട് : 50 – 60 രൂപ.
∙പടവലം : 45 – 50 രൂപ.
∙പാവയ്ക്ക : 60 – 65 രൂപ.
∙കിഴങ്ങ് : 40 രൂപ.
∙കാബേജ് : 40 –45 രൂപ.
∙ഏത്തപ്പഴം : 60– 65 രൂപ.

വില കുറഞ്ഞത്

∙ചെറുനാരങ്ങ : 80 രൂപ (രണ്ടാഴ്ച മുൻപ് 180 രൂപ വരെ)
∙പൈനാപ്പിൾ : 30 രൂപ (രണ്ടാഴ്ച മുൻപ് 58 – 60 രൂപ വരെ).

വ്യത്യാസമില്ലാതെ തുടരുന്നത്

∙ വെളുത്തുള്ളി : 80 രൂപ.
∙ചെറിയ ഉള്ളി : 30 – 40 രൂപ.
∙സവാള (പൊടി) : 15 രൂപ.
∙സവാള (വലുത്) : 25 രൂപ.
∙വെള്ളരി, മത്തൻ, ചേന: 25 –30 രൂപ.

ചിക്കൻവിലയും ഉയർന്നു
∙കിലോ 140 –145
രൂപയാണു ചിക്കൻ വില

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA