ADVERTISEMENT

കുമരകം ∙ കോട്ടയം–കുമരകം റൂട്ടിലെ ആറ്റാമംഗലം പള്ളിക്കു സമീപത്തെ കോണത്താറ്റ് പാലം പൊളിക്കുമ്പോൾ ആംബുലൻസ് ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കു പോകാനുള്ള താൽക്കാലിക റോഡിന്റെ നിർമാണം അവസാനഘത്തിൽ. അടുത്തയാഴ്ച ആദ്യം റോഡ് പണി പൂർത്തിയായേക്കും. പാലത്തിന്റെ തെക്കുവശത്താണു താൽക്കാലിക റോഡ്. ട്രയൽ റൺ നടത്തി റോഡ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം പാലം പൊളിച്ചുതുടങ്ങും.

പാലം പൊളിച്ചു കഴിയുമ്പോൾ ഭാരവാഹനങ്ങൾക്കും ബസുകൾക്കും താൽക്കാലിക റോഡിലൂടെ പോകാൻ കഴിയാതെ വരും. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ നിർമാണപ്രവർത്തനം നടക്കുന്നതു മൂലം കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു ഭാരവാഹനങ്ങളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെ കടന്നുപോയിരുന്നതു കുമരകം വഴിയായിരുന്നു. കോട്ടയത്തു നിന്നു കൈപ്പുഴമുട്ടിൽ എത്തി പോകാവുന്ന ചീപ്പുങ്കൽ-മണിയാപറമ്പ് റോഡ് നിർമാണം പൂർത്തിയാക്കാൻ ഓഗസ്റ്റ്–സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടിവരും.

ഭാരവാഹനങ്ങൾക്കു പോകാൻ പകരം റോഡായി കാണിക്കാവുന്നതു കല്ലറ– കൈതക്കനാൽ റോഡാണ്. ഇവിടത്തെ പ്രലേൽ പാലം ബലപ്പെടുത്തേണ്ടതുണ്ട്. ഈ പാലം പണിക്കുള്ള നടപടി വരുന്നതേയുള്ളൂ. കുമരകം, ചങ്ങനാശേരി വഴിയുള്ള ഭാരവാഹനങ്ങൾക്കുള്ള വഴി അടയുന്നതോടെ ഗതാഗതപ്രശ്നം രൂക്ഷമാകും. കുമരകം റൂട്ടിലെ ബസുകൾ പൊളിച്ച പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമായി സർവീസ് നടത്തും.

യാത്രക്കാർക്കു ബസുകൾ മാറിക്കയറി യാത്ര ചെയ്യേണ്ടിവരും. കോണത്താറ്റ് പാലത്തിന്റെ പദ്ധതിത്തുക 7.94 കോടി രൂപയാണ്. 18 മാസമാണു നിർമാണ കാലാവധിയെങ്കിലും 6 മാസം കൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യം. പാലം പണി 2 കരാറുകാർക്കാണു നൽകിയിരിക്കുന്നത്.

കോണത്താറ്റ് പുതിയ പാലം ഇങ്ങനെ

∙ നീളം– 26.20 മീറ്റർ
∙ വീതി– 13 മീറ്റർ
∙ നടപ്പാത വീതി– 1.5 മീറ്റർ
∙ പ്രവേശനസ്ലാബ് നീളം– 3.6 മീറ്റർ (ഇരുവശവും)
∙ പ്രവേശനപ്പാത നീളം– കുമരകം ഭാഗം- 51 മീറ്റർ, കോട്ടയം ഭാഗം– 30 മീറ്റർ
∙ പ്രവേശനപ്പാത വീതി– 13 മീറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com