ADVERTISEMENT

കുറവിലങ്ങാട് ∙ ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ബോർഡിന്റെ പ്രവർത്തന ലാഭം വർധിച്ചതായും ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്താൻ സാധിച്ചെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി.66 കെവിയിൽ നിന്നു 110 കെവിയിലേക്കു ഉയർത്തിയ കുറവിലങ്ങാട് സബ് സ്റ്റേഷൻ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്. പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കെവി ശൃംഖല വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.പ്രാദേശിക ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 

ശിലാഫലകം അദ്ദേഹം അനാഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ബി.അശോക്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, കുറവിലങ്ങാട് പഞ്ചായത്തംഗം സന്ധ്യ സജികുമാർ,സദാനന്ദ ശങ്കർ, സിബി മാണി, സനോജ് മിറ്റത്താനി, സി.എം.പവിത്രൻ, ഷാജി ചിറ്റക്കാട്ട്, ബിനു നീറോസ്,പ്രസരണ വിഭാഗം ഡയറക്ടർ രാജൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.  

കുറവിലങ്ങാട് 110 കെവി സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പെരുവ, കടുത്തുരുത്തി, കുറുപ്പന്തറ സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, മാഞ്ഞൂർ,ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലെ അറുപതിനായിരത്തിലേറെ ഉപഭോക്താക്കൾക്കു നേരിട്ട് പ്രയോജനം ലഭിക്കും.വൈദ്യുതി തടസ്സങ്ങൾ കുറയും. വോൾട്ടേജ് വർധിക്കും.

പ്രസരണ നഷ്ടം കുറയും.രണ്ട് 110 കെ.വി ഫീഡർ ബേകളും ഒരു 12.15 എം.വി. എ ശേഷിയുള്ള രണ്ടു ട്രാൻസ്ഫോമറുകളും സ്ഥാപിച്ചു.കുറവിലങ്ങാട് നിന്നും ഏറ്റുമാനൂരിലേക്ക് നിലവിലുണ്ടായിരുന്ന 8.6 കിലോമീറ്റർ 66 കെവി ലൈൻ, കുറവിലങ്ങാട് നിന്നും വൈക്കത്തേക്ക് നിലവിലുണ്ടായിരുന്ന 17.8 കിലോമീറ്റർ 66 കെവി ലൈൻ എന്നിവ ട്രാൻസ്ഗ്രിഡ് പദ്ധതികളിൽപ്പെടുത്തി 110 കെവി ലൈനായി ഉയർത്തി സബ് സ്റ്റേഷനിലേയ്ക്ക് 110 കെവി വൈദ്യുതി വിതരണം സാധ്യമാക്കും.

നാട മുറിച്ചത് രണ്ടു തവണ

കെഎസ്ഇബി സബ് സ്റ്റേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ  വിവാദം. പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിനു മുൻപാണു കോഴാ ഭാഗത്തു സബ് സ്റ്റേഷൻ പരിസരത്തു ലളിതമായ ചടങ്ങ് നടത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി എത്തുന്നതിനു മുൻപ് ചടങ്ങ് നടത്തിയെന്നു പരാതി ഉയർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചതോടെ എല്ലാവരെയും പങ്കെടുപ്പിച്ചു ഒരിക്കൽ കൂടി നാട മുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മോൻസ് ജോസഫ് എംഎൽഎയാണ് ആദ്യം നാട മുറിച്ചത്. ഏതാനും ദിവസം മുൻപ് തോട്ടുവാ റോഡിൽ മൂവാങ്കൽ ഭാഗത്തു കലുങ്കിന്റെ നിർമാണ ഉദ്ഘാടനം രണ്ടു തവണ നടത്തിയത് വിവാദമായിരുന്നു.

സബ് സ്റ്റേഷൻ ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് ലളിതമായ ചടങ്ങ് കൃത്യം 11ന് നടത്തുകയായിരുന്നു എന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പരാതി ഉന്നയിച്ച സാഹചര്യത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചു വീണ്ടും ചടങ്ങ് നടത്തി പ്രശ്നം പരിഹരിച്ചു. 11നു മുൻപ് സബ് സ്റ്റേഷൻ പരിസരത്തു എത്തിയെന്നും ചടങ്ങ് നേരത്തെ നടത്തിയെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. ഇത്തരം കീഴ്‌വഴക്കം നല്ലതല്ല. വീണ്ടും നാട മുറിച്ചു പ്രശ്നം പരിഹരിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com