ADVERTISEMENT

കോട്ടയം ∙ നാഗമ്പടത്ത് പാളങ്ങൾ ബന്ധിപ്പിക്കുന്ന ആദ്യഘട്ട ജോലികൾ അവസാനിച്ചു. പുതിയ പാളം വഴി ആദ്യ ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തി. ഇന്നലെ മുതൽ കോട്ടയത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോം മാത്രമാണു പ്രവർത്തിക്കുന്നത്. 29നു പാത കമ്മിഷൻ ചെയ്യുന്നതു വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോം വഴി മാത്രമാകും ട്രെയിനുകൾ കടന്നുപോകുക. മുട്ടമ്പലം ഭാഗത്തു പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഇന്നു നടക്കും.

കോട്ടയം തുരങ്കം വഴി അവസാന ട്രെയിൻ ഇന്ന്

ഇരുളും വെളിച്ചവും മാറിവരുന്ന കോട്ടയം യാത്രാനുഭവം ഇന്നു കൂടി മാത്രം. കോട്ടയം തുരങ്കപ്പാത വഴിയുള്ള അവസാന ട്രെയിൻ ഇന്നു രാവിലെ കടന്നുപോകും. തിരുനൽവേലിയിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന പാലരുവി എക്സ്പ്രസാകും തുരങ്കപ്പാത വഴി കടന്നുപോകുന്ന അവസാന ട്രെയിൻ.

രാവിലെ ലൈൻ ബ്ലോക്ക് ചെയ്യുന്നതിനു തൊട്ടു മുൻപാണു പാലരുവി കടന്നുപോകുക. ഇതിനു ശേഷം മുട്ടമ്പലത്തെ പുതിയ ലൈൻ പഴയ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടക്കും. ഒരു പാളമാകും ആദ്യ ഘട്ടത്തിൽ മുട്ടമ്പലത്ത് ഒരുക്കുന്നത്. ലൈൻ ബ്ലോക്കിനു ശേഷം വൈകിട്ട് വരുന്ന ആദ്യ ട്രെയിൻ തുരങ്കം ഒഴിവാക്കി മുട്ടമ്പലത്തെ പുതിയ ലൈൻ വഴി എത്തുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആയിരിക്കും പുതിയ ലൈൻ വഴി എത്തുന്ന ആദ്യ ട്രെയിൻ.

29ന് പാറോലിക്കലാണ് താരം

പാറോലിക്കൽ റെയിൽവേ ഗേറ്റിലേക്കാണ് 29ന് എല്ലാ കണ്ണുകളും. പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നു വരുന്ന ലൈനുകളും പുതിയതായി സ്ഥാപിച്ച ലൈനും തമ്മിൽ യോജിപ്പിക്കുന്ന നടപടികൾ നടക്കും. ഇതാണു ചിങ്ങവനം–ഏറ്റുമാനൂർ പാതയിലെ അവസാനജോലി. ഇതു ബന്ധിപ്പിക്കുന്നതോടെ ഇരട്ടപ്പാതയിലൂടെ വണ്ടികൾ ഓടിത്തുടങ്ങും. 29നു വൈകിട്ട് ആറോടെ ജോലികൾ തീരുമെന്ന് അധികൃതർ പറഞ്ഞു.

ഷെഡ്യൂൾ പ്രകാരമുള്ള ജോലികൾക്ക് ഇടയിൽ ഒരു ദിവസം ലൈൻ ബ്ലോക്ക് നൽകാതിരുന്നതാണ് 28നു പ്രഖ്യാപിച്ച കമ്മിഷനിങ് ഒരു ദിവസം കൂടി മുന്നോട്ടു നീണ്ടത്. പാത പരിശോധിച്ച കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (സിആർഎസ്) അന്തിമ റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ട്രെയിൻ യാത്ര എന്നാൽമധുരമുള്ള ഓർമ
മനോജ് കെ.ജയൻ(ചലച്ചിത്രതാരം)

കോട്ടയം റെയിൽവേ സ്റ്റേഷനും ട്രെയിൻ യാത്രകളും മധുരമുള്ള ഓർമകളാണ്. ജീവിതത്തിൽ ‘സിനിമ’ എന്ന സിംഗിൾ ലൈനിലേക്കുള്ള പ്രയാണത്തിലേക്കുള്ള ഗതി നിർണയിച്ച പല യാത്രകളും ഒറ്റപ്പാതയിലൂടെയുള്ള ട്രെയിൻ യാത്രകളായിരുന്നു. ചെറുപ്പത്തിൽ ചൂട്ടുവേലി കവലയിൽ നിന്നു റെയിൽ പാളത്തിലൂടെ നടന്നു നാഗമ്പടത്തെത്തി റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങി സെന്റ് ജോസഫ്സ് കോൺവന്റിൽ എത്തിയിരുന്നതാണ് ആദ്യ ഓർമ.

മടക്കയാത്രയിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിൽ കയറിയും മറ്റും സമയം ചെലവഴിച്ചു. ആരണ്യകം സിനിമയിൽ അവസരത്തിനായി 1987ൽ സംവിധായകൻ ഹരിഹരനെ കാണാൻ ചെന്നൈയിലേക്കു പോയതാണു ജീവിതത്തിൽ തനിച്ചുള്ള ആദ്യ ട്രെയിൻ യാത്ര. 1991ൽ പെരുന്തച്ചനിൽ അഭിനയിക്കുന്നതിനു മംഗളൂരുവിലേക്കു പോയ യാത്ര ജീവിതത്തിൽ മറക്കാനാവില്ല.

90കളിൽ പതിവായി ട്രെയിൻ യാത്ര ഉണ്ടായിരുന്നു. കംപാർട്മെന്റ് വാതിലിനു സമീപം നിന്ന് ഉച്ചത്തിൽ പാടുകയും ഭാവാഭിനയം നടത്തുകയും ചെയ്തിരുന്നു. എൻജിന്റെ ശബ്ദം മൂലം എന്റെ ശബ്ദം ആരും കേൾക്കില്ല എന്ന ഉറപ്പുണ്ടായിരുന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നത്. ട്രെയിനിൽ ചലച്ചിത്രമേഖലയിലുള്ള അധികം ആരെയും കണ്ടിട്ടില്ല. മുകേഷ് ആണ് ഇത്തരത്തിൽ കണ്ടുമുട്ടിയ താരം. തിരുവനന്തപുരം യാത്രയ്ക്കിടയിൽ കൊല്ലത്തു വച്ചാണ് മുകേഷിനെ കണ്ടത്.

ട്രെയിൻ യാത്രയിൽ വൈകുമെന്നതിനാൽ അമ്മ പൊതിച്ചോർ കെട്ടിത്തരുമായിരുന്നു. ട്രെയിനിന്റെ ഉള്ളിലിരുന്ന് ഇതു കഴിച്ചിരുന്നതും നല്ല ഓർമകൾ. ഏതു യാത്രയ്ക്കൊടുവിലും കോട്ടയം സ്റ്റേഷനിലേക്കുള്ള തുരങ്കത്തിൽ കയറുമ്പോൾ ലഭിച്ചിരുന്ന സന്തോഷവും വലുതാണ്.

ഇന്നത്തെ ട്രെയിൻ നിയന്ത്രണം

കോട്ടയം പാതയിൽ ഇന്നും പകൽ ട്രെയിൻ നിയന്ത്രണം

ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി ഇന്നും കോട്ടയം വഴി പകൽ 10 മണിക്കൂർ ട്രെയിൻ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

പൂർണമായി റദ്ദാക്കിയത്

1. 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
2. 12082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
3. 16327 പുനലൂർ–ഗുരുവായൂർ
4. 16328 ഗുരുവായൂർ–പുനലൂർ
5. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
6. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ
7. 06444 കൊല്ലം - എറണാകുളം മെമു
8. 06443 എറണാകുളം - കൊല്ലം മെമു
9. 12623 ചെന്നൈ –തിരുവനന്തപുരം മെയിൽ
10. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ
11. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട്
12. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട്
13. 16526 ബെംഗളൂരു– കന്യാകുമാരി ഐലൻഡ്
14. 06451 എറണാകുളം–കായംകുളം പാസഞ്ചർ(ആലപ്പുഴ വഴിയുള്ളത്)
15. 06450 കായംകുളം–എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴിയുള്ളത്)
15. 06431 കോട്ടയം–കൊല്ലം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയത്

1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് (കൊല്ലം വരെ മാത്രം)
2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് (എറണാകുളം വരെ)
3. 16649/16650 നാഗർകോവിൽ–മംഗളൂരു പരശുറാം (ഷൊർണൂർ–മംഗളൂരു റൂട്ടിൽ)
4. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (സെക്കന്തരാബാദിൽ നിന്നു തൃശൂർ വരെ)
5. 17729 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (തൃശൂരിൽ നിന്നു പുറപ്പെടും)

ആലപ്പുഴ വഴി തിരിച്ചുവിടുന്നത്

1. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
2. 16382 കന്യാകുമാരി–പുണെ ജയന്തിജനത
3. 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള
4. 12778 കൊച്ചുവേളി– ഹുബ്ബള്ളി സൂപ്പർഫാസ്റ്റ്
5. 16318 ശ്രീമാതാ വൈഷ്ണോദേവി കത്ര– കന്യാകുമാരി ഹിമസാഗർ
6. 19259 കൊച്ചുവേളി– ഭാവ്നഗർ
7. 22114 കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ്

റീഷെഡ്യൂൾ ചെയ്തത്

1. 16792 പാലക്കാട്–തിരുനൽവേലി പാലരുവി (ഒന്നര മണിക്കൂർ വൈകിയേ പാലക്കാട് നിന്നു പുറപ്പെടൂ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com