ADVERTISEMENT

∙കോട്ടയം റെയിൽവേ റൂട്ടിലെ തുരങ്കങ്ങൾ ഇനി പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടുന്നതു കണ്ടുനിൽക്കും!
∙തുരങ്കം – 1: പ്ലാന്റേഷൻ കോർപറേഷൻ – 67 മീറ്റർ നീളം
∙തുരങ്കം – 2: റബർ ബോർഡ് – 84 മീറ്റർ നീളം

കോട്ടയം ∙ ‘ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു’– ബൈബിൾ വാക്യത്തെ അന്വർഥമാക്കി ചങ്ങനാശേരി – കോട്ടയം റെയിൽപാതയിലെ ഇരട്ടത്തുരങ്കം വഴിയുള്ള അവസാന ട്രെയിനും ഓട്ടം തികച്ച് റെയിൽവേയുടെ വിശ്വാസം കാത്തു. ബുധനാഴ്ച രാത്രി 11.20നു തിരുനെൽവേലിയിൽ നിന്ന് ഓടിത്തുടങ്ങിയ പാലരുവി എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണു വ്യാഴാഴ്ച രാവിലെ കോട്ടയം സ്റ്റേഷന് അടുത്തെത്തിയത്.

കൊടൂരാർ പാലം കടന്നു മുട്ടമ്പലം ഗേറ്റ് വഴി മെല്ലെ ഒഴുകിവന്ന പാലരുവി ഹോൺ നീട്ടിയടിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപത്തെ തുരങ്കത്തിലേക്കു കയറിയപ്പോൾ ആരോ ഒന്നു നീട്ടിക്കൂവി. പ്ലാന്റേഷൻ ഓഫിസിനും റബർ ബോർഡ് തുരങ്കത്തിനും ഇടയിലൂടെ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മഴമേഘങ്ങൾക്കിടയിൽ ചെറിയൊരു മഴവില്ല് തെളിഞ്ഞു. ഇതു ചരിത്ര യാത്രയെന്ന് അറിയാവുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ വിഡിയോ മോഡിൽ പുറത്തേക്കു നീണ്ടുനിന്നു.

 കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ തുരങ്കം കവർച്ചിത്രമാക്കി 1997ൽ പുറത്തിറങ്ങിയ ചങ്ങനാശേരി എസ്ബി കോളജ് മാഗസിൻ– എക്സൽഷർ.
കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ തുരങ്കം കവർച്ചിത്രമാക്കി 1997ൽ പുറത്തിറങ്ങിയ ചങ്ങനാശേരി എസ്ബി കോളജ് മാഗസിൻ– എക്സൽഷർ.

ഇരുളും വെളിച്ചവും ഇടകലരുന്ന ഫ്രെയിം ആ മൊബൈൽ ഫോണുകളിൽ കയറി. ഒരു പാസഞ്ചർ ട്രെയിനിൽ ഇനി കോട്ടയത്തെ ഈ ഇരുളും വെളിച്ചവും അനുഭവിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് ഗൃഹാതുരസ്മൃതിയുടെ ആ വിഡിയോകൾ മൊബൈലിൽ അപ്‌ലോ‍ഡ് ആയി. കോട്ടയത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഇറക്കിക്കയറ്റി പാലരുവി പാലക്കാട്ടേക്കു യാത്ര പുറപ്പെട്ടു, ചരിത്രം മറഞ്ഞ വഴി താണ്ടി.

പണ്ട് വിസ്മയക്കാഴ്ചയായി റെയിൽവേ തുരങ്കങ്ങൾ
ജിനു വെച്ചൂച്ചിറ

65 വർഷം മുൻപു കോട്ടയത്തു നിർമിച്ച തുരങ്കങ്ങൾ റെയിൽവേ നിർമിതിയുടെ അക്കാലത്തെ സവിശേഷക്കാഴ്ചയായിരുന്നു. കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു റെയിൽപാളം സ്ഥാപിക്കുകയും ഇതിനു മുകളിൽ കോൺക്രീറ്റ് ഉപയോഗിച്ചു തുരങ്കം നിർമിച്ച ശേഷം ചുറ്റും മണ്ണിട്ടു നിറയ്ക്കുകയും ചെയ്യുകയായിരുന്നു. കട്ട് ആൻഡ് ഫിൽ രീതി എന്നാണ് ഇതിനു പേര്. മുകളിൽ പാലവും പണിതു.

മണ്ണിടിഞ്ഞു; 6 ജീവൻ പൊലിഞ്ഞു

ദുരന്തത്തിന്റെ കഥ കൂടി പറയും കോട്ടയം തുരങ്കം. നിർമാണസമയത്തു മണ്ണിടിഞ്ഞുവീണ് അപകടമുണ്ടാകുകയും 6 പേർ മരിക്കുകയും ചെയ്തതു കോട്ടയത്തെ നടുക്കി. 1957 ഒക്ടോബർ 20 ഞായറാഴ്ചയാണ് അപകടം നടന്നത്. കെകെ റോഡിൽ 54 അടി താഴ്ചയിൽ തുരങ്കം നിർമിക്കുന്നതിനായി മണ്ണിടിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. അസിസ്റ്റന്റ് ഇൻസ്പെക്ടർ മുഹമ്മദിന്റെ നേതൃത്വത്തിൽ 11 തൊഴിലാളികളാണ് ഈ സമയം ജോലി ചെയ്തിരുന്നത്.

തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടുന്ന ജോലികൾ ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഏതാനും മിനിറ്റിനു ശേഷം 30 അടി ഉയരത്തിൽ നിന്നു തൊഴിലാളികൾക്കു മീതെ മണ്ണും വലിയ കല്ലുകളും അടർന്നുവീണു. നിലവിളിക്കാൻ പോലും കഴിയുന്നതിനു മുൻപ് ഇവർ മണ്ണിനടിയിലായി.

11 പേർ മണ്ണിനടിയിൽപെട്ടു. 5 പേരെ പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 6 മൃതദേഹങ്ങളും കണ്ടെത്തി. 2 ദിവസം മുൻപു പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് ഉറപ്പില്ലാത്ത ഭാഗം അടർന്നുവീഴുകയായിരുന്നു. മരിച്ചവരുടെ ഓർമയ്ക്കായി സ്മാരകസ്തൂപം സ്ഥാപിച്ചു. കെ.കെ.ഗോപാലൻ, കെ.എസ്.പരമേശ്വരൻ, വി.കെ.കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ ആചാരി, കെ.രാഘവൻ, ആർ. ബാലൻ എന്നിവരുടെ പേരുകൾ ഈ സ്തൂപത്തിൽ കൊത്തിവച്ചിരുന്നു.

ഓർമകൾ പോലും ബാക്കിവച്ചിട്ടില്ല

പാതയിരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ മേൽപാലം പൊളിച്ചു പണിയുന്നതു വരെ വലിയ കല്ലിൽ കൊത്തിവച്ച സ്തൂപം മേൽപാലത്തിനു സമീപം ഉണ്ടായിരുന്നു. കെകെ റോഡിൽ കൂടി യാത്ര ചെയ്യുന്നവർക്കു കാണാനാകുന്ന വിധമാണു സ്തൂപം സ്ഥാപിച്ചിരുന്നത്. പാലം പൊളിച്ചു പണിഞ്ഞപ്പോൾ ഈ സ്തൂപം ഇവിടെ നിന്നു മാറ്റി. പുതിയ പാലം നിർമിക്കുമ്പോൾ ഇവിടെ തിരികെ സ്ഥാപിക്കും എന്നായിരുന്നു റെയിൽവേ അറിയിച്ചത്.

എന്നാൽ പാലം നിർമിക്കുന്ന സമയത്ത് സ്തൂപം ഇവിടെ നിന്ന് ഒഴിവാക്കി. അങ്ങനെ ഓർമകൾ പോലും ശേഷിപ്പിക്കാതെ തുരങ്കത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ റെയിൽവേ മറന്നു.

പ്രതിസന്ധികൾ

6 തവണ തുരങ്കഭാഗങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായി. കോവി‍ഡ് പ്രതിസന്ധി, ലോക്ഡൗൺ, കാലവർഷം എന്നിവയും ജോലികളെ ബാധിച്ചു. നിർമാണസ്ഥലത്തെ ശക്തമായ ഉറവയും ജോലികളെ ബാധിച്ചു.

കോട്ടയത്തെ വളവുകൾ എന്റെ സങ്കടം
അസിസ്റ്റന്റ് എൻജിനീയറായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്ത ഓർമയുമായി മെട്രോമാൻ ഇ.ശ്രീധരൻ

കോട്ടയത്തുകാർ എത്ര ശ്രമിച്ചിട്ടും പൊളിക്കാൻ കഴിയാതെ പോയ നാഗമ്പടം പാലവും കോട്ടയം റെയിൽവേ സ്റ്റേഷൻ കെട്ടിടവുമെല്ലാം എന്റെ നേതൃത്വത്തിലാണു നിർമിച്ചത്. കോട്ടയം ഇരട്ടപ്പാതയിലേക്കു വളരുന്നു എന്നറിയുമ്പോൾ ചെറുപ്രായത്തിൽ അസിസ്റ്റന്റ് എൻജിനീയറായി കോട്ടയത്ത് എത്തിയതൊക്കെ മനസ്സിൽ തെളിയുന്നു.

അന്നു പാളം സ്ഥാപിക്കാനുള്ള തിട്ട ഉറപ്പിക്കാൻ കോട്ടയം പ്രദേശത്തൊക്കെ വലിയ പാടായിരുന്നു. മണ്ണിനു തീരെ ബലമില്ലാത്ത അവസ്ഥ. പാളം കടന്നുപോകാനുള്ള പ്രധാന തിട്ടയ്ക്ക് ഇരുഭാഗത്തും ചെറിയ മൺതിട്ടകളുണ്ടാക്കി ബലപ്പെടുത്തുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഏകദേശം 30 കൊല്ലത്തോളം ഈ റൂട്ടിൽ വേഗനിയന്ത്രണം വേണ്ടിവന്നു. 1957–58 കാലമാണ്. ടണൽ നിർമാണത്തിനിടെ അപ്രോച്ച് കട്ടിങ് ഇടിഞ്ഞ് 6 പേർ മരിച്ച് ഒരു മാസം കഴിഞ്ഞാണ് അസിസ്റ്റന്റ് എൻജിനീയറായി ഞാൻ കോട്ടയത്തെത്തിയത്. ജുഡീഷ്യൽ അന്വേഷണമൊക്കെ നടന്ന സംഭവമായിരുന്നു അത്.

എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ജി.പി.വാരിയരാണ് എന്നെ കോട്ടയത്തേക്കു കൊണ്ടുവന്നത്. അദ്ദേഹം പ്രമോഷൻ ലഭിച്ചു ഡൽഹിക്കു പോയതോടെ തമിഴ്നാട്ടുകാരനായ സുന്ദരത്തിന്റെ കീഴിലായി ഞാൻ. ഏകദേശം 8 മാസത്തോളമായിരുന്നു കോട്ടയം ജീവിതം. റെയിൽവേ സ്റ്റേഷനടുത്തായിരുന്നു താമസം.

ചങ്ങനാശേരിയിലും ചിങ്ങവനത്തും തിരുവല്ലയിലുമൊക്കെ നേരിട്ടു പോയുള്ള നിർമാണ മേൽനോട്ടം. കോട്ടയം ലൈനിലെ വലിയ വളവുകൾ പരമാവധി ഒഴിവാക്കാൻ അന്നു കഴിഞ്ഞില്ലെന്നു തോന്നാറുണ്ട്. അതിൽ ചെറിയ മനസ്താപവുമുണ്ട്. ഏറെ തിരക്കുള്ള കോട്ടയം റൂട്ടിൽ എറണാകുളത്തേക്കും കൊല്ലത്തേക്കുമൊക്കെ സബർബൻ ട്രെയിനുകൾ കൂടുതലായി ഓടിക്കുന്നതാകും ഭാവിയിലെ വലിയ സാധ്യതയെന്നാണ് എന്റെ അഭിപ്രായം.

മമ്മൂട്ടി തുരങ്കത്തിലേക്ക്,ഞങ്ങൾ പുറത്തേക്ക്
ബിപിൻ ചന്ദ്രൻ(തിരക്കഥാകൃത്ത്)

ഓർമകളുടെ വേലിയേറ്റമാണു കോട്ടയം റെയിൽവേ സ്റ്റേഷൻ, ട്രെയിൻ യാത്രകൾ എന്നൊക്കെ കേട്ടാൽ.ചങ്ങനാശേരി എസ്ബി കോളജിൽ ഡിഗ്രിപഠനകാലത്ത് ഞാൻ മാഗസിൻ എഡിറ്ററായിരുന്നു. അന്നത്തെ കോളജ് മാഗസിന്റെ മുഖചിത്രം കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ തുരങ്കം ആയിരുന്നു. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ‘സുകൃതം’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് റയിൽവേ തുരങ്കത്തിലേക്കു കയറിപ്പോകുന്നതായാണ്.

അന്നു സീനിയറും പിന്നീട് സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടും ഞാനും ഒരുമിച്ചാണ് ഈ ചിത്രം തിയറ്ററിൽ കണ്ടത്. അന്നു മുതൽ ഈ ക്ലൈമാക്സ് ദൃശ്യം ഉള്ളിൽ മായാതെ കിടന്നിരുന്നു. മാഗസിന്റെ കവർ പേജിലേക്ക് ഇത്തരത്തിൽ ദൃശ്യം ഉപയോഗിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ചങ്ങനാശേരിയിലുള്ള ജെയ്സാണു ചിത്രം പകർത്തിയത്. സഹപാഠി അമൃതരാജാണ് പാളത്തിലൂടെ നടന്നുവന്നത്. നിർദേശങ്ങളുമായി മാർട്ടിനും ഒപ്പമുണ്ടായിരുന്നു.

സിനിമയിൽ ഇരുട്ടിലേക്കു കയറിപ്പോകുന്നതാണു കാണിച്ചതെങ്കിൽ ക്യാമറ നേരെ തിരിച്ച് ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുവരുന്ന ആശയമാണു ഞങ്ങൾ തിരഞ്ഞെടുത്തത്. ചിത്രം പകർത്താനുള്ള തയാറെടുപ്പുകൾക്കിടയിൽ ട്രെയിൻ വന്നു. പാളത്തിനും തുരങ്കത്തിന്റെ ഭിത്തിക്കും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്താണ് അന്നു ഞങ്ങൾ അഭയം തേടിയത്. ജീവൻ പണയം വച്ചുള്ള നിൽപ്. ഇരുട്ടും എൻജിൻ ശബ്ദവും അതിന്റെ മുഴക്കവും ട്രെയിനുള്ളിലെ ആളുകളുടെ ബഹളവും. വല്ലാത്ത അനുഭവം ആയിരുന്നു അത്.

ട്രെയിനിൽ ഈ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോഴൊക്കെ മറ്റു യാത്രക്കാരുടെ മുഖഭാവങ്ങൾ നിരീക്ഷിക്കുക പതിവായിരുന്നു. ചിലർക്കു കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് അന്ധാളിപ്പായിരുന്നു. കുട്ടികൾ മിക്കപ്പോഴും നിലവിളിക്കും. എലിപ്പൊത്തിനു മുകളിൽ കയ്യാല ഇടിഞ്ഞു വീഴുന്നതു പോലെ ഇതെങ്ങാനും ഇടിഞ്ഞു വീഴുമോ എന്നായിരുന്നു ചെറുപ്പത്തിൽ എന്റെ ചിന്ത.

കോട്ടയം സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമുകളിൽ മുഖാമുഖം നിന്നു കൈ വീശിക്കാണിച്ച് രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലേക്കു ട്രെയിൻ കയറിപ്പോയ ഞാനും മാർട്ടിൻ പ്രക്കാട്ടും ഈ യാത്രകൾക്കിടയിലാണു ബെസ്റ്റ് ആക്ടർ സിനിമയുടെ ആലോചനകളിലേക്കു കടന്നത്. റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റുകൾ പ്രത്യേകിച്ചും ഹിന്ദിയിലുള്ളവ മറക്കാനാവില്ലല്ലോ! പഠിക്കാത്ത ഹിന്ദി എന്നെ പഠിപ്പിച്ചു ഈ അനൗൺസ്മെന്റ്.

കോട്ടയത്തിന്റെ ട്രെയിൻ അനുഭവങ്ങൾ ഏറ്റവും നന്നായി അവതരിപ്പിച്ച സിനിമയാണു നമ്പർ 20 മദ്രാസ് മെയിൽ. നമുക്കറിയാവുന്ന കാഞ്ഞിരപ്പള്ളിയും നമ്മുടെ കോട്ടയം റെയിൽവേ സ്റ്റേഷനും എല്ലാം ആയിരുന്നല്ലോ ഇതിലെ ഹൈലൈറ്റ്. ടോണി കുരിശിങ്കലിനെയും ഹിച്കോക് കഞ്ഞിക്കുഴിയെയും ആർക്കെങ്കിലും മറക്കാൻ കഴിയുമോ...?

തുരങ്കങ്ങൾക്കു പകരം പുതിയ പാതകൾ എന്ന ‘ഭഗീരഥ പ്രയത്നം’

ചെലവ്– 15 കോടി
ജോലിക്കാർ– 75 പേർ

പ്ലാന്റേഷൻ കോർപറേഷൻ തുരങ്കത്തിന്റെ ഭാഗത്തെ പാതയിരട്ടിപ്പിക്കൽ:

∙ 2021 ‍ഡിസംബർ 8നു മണ്ണെടുപ്പ് ആരംഭിച്ചു. 2022 ഫെബ്രുവരി 18നു പൂർത്തിയായി.14,000 ക്യുബിക് മീറ്റർ മണ്ണ് (1166 ടോറസ് ലോഡ്) നീക്കം ചെയ്തു.5800 ക്യുബിക് മീറ്റർ പാറ നീക്കം ചെയ്തു.

റബർ ബോർഡ് തുരങ്കത്തിന്റെ ഭാഗത്തെ പാതയിരട്ടിപ്പിക്കൽ:

∙ 2021 ഡിസംബർ 8നു മണ്ണെടുപ്പു തുടങ്ങി. 2022 മാർച്ച് 30നു പൂർത്തിയായി.3300 ക്യുബിക് മീറ്റർ മണ്ണ് (2750 ടോറസ് ലോഡ്) നീക്കം ചെയ്തു.12,000 ക്യുബിക് മീറ്റർ പാറ നീക്കം ചെയ്തു.രണ്ടു തുരങ്കഭാഗത്തും 84 ദിവസം കൊണ്ട് 4300 ക്യുബിക് മീറ്റർ കോൺക്രീറ്റിങ് പൂർത്തിയാക്കി. ഒന്നാം തുരങ്കഭാഗത്ത് 9 മീറ്റർ ഉയരത്തിൽ 55 മീറ്റർ നീളത്തിലും രണ്ടാം തുരങ്ക ഭാഗത്ത് 9 മീറ്റർ ഉയരത്തിൽ 134 മീറ്റർ നീളത്തിലുമാണു കോൺക്രീറ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com