കോട്ടയം ∙ മഴ പെയ്താൽ തോട്ടിൽ നിന്നു വെള്ളം ഇറയത്തേക്കു കയറുന്ന കൊച്ചുവീട്ടിലിരുന്ന് ആദിത്യൻ ‘അവാർഡ്’ എന്ന വാക്കു കേട്ടു. അതെന്തോ വലിയ സംഭവമാണെന്ന് അച്ഛനും അമ്മയും പറയുന്നത് അവൻ കേൾക്കുന്നുണ്ട്. പക്ഷേ ഇഷ്ടപ്പെട്ടു വളർത്തിയ തത്ത ‘പാറു’ എവിടേക്കോ പറന്നുപോയതിന്റെ സങ്കടത്തിലായിരുന്നു ആദിത്യൻ. ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് കുമരകം മൂലേത്ര മണിക്കുട്ടന്റെ മകൻ ആദിത്യൻ (9) എന്ന നാലാം ക്ലാസ് വിദ്യാർഥി.
അച്ഛനും അമ്മയും കക്കവാരൽ തൊഴിലാളികളാണ്. വീട്ടിലെത്തണമെങ്കിൽ കുമരകം കരിയിൽ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ ഏറ്റം കാരണം മുട്ടറ്റം വെള്ളത്തിലൂടെ നടക്കണം. ചതുപ്പിൽ കാലു പുതയാതിരിക്കാൻ മണൽച്ചാക്കുകൾ വഴിയിൽ ഇട്ടിട്ടുണ്ട്. ഈ വീട്ടിൽ നിന്ന് ആദിത്യനെ സംവിധായകൻ ജയരാജ് കണ്ടെത്തുന്നത് ‘ഒറ്റാൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ പാഞ്ഞുപോകുന്ന കുട്ടിയോട് സിനിമയിൽ അഭിനയിക്കാമോയെന്നു ജയരാജ് ചോദിക്കുകയായിരുന്നു.
തത്തകളെ ആദിത്യന് ഇഷ്ടമാണ്. അങ്ങനെയാണ് ഒരു കുഞ്ഞിത്തത്തയെ കിട്ടിയത്. അത് എവിടേക്കോ പറന്നു പോവുകയും ചെയ്തു. അഭിനയിക്കുന്ന സിനിമയുടെ പേരിൽ തത്ത കൂടി വന്നതോടെ ഇഷ്ടം കൂടി. ചിത്രീകരണത്തിനിടെ കാവാലം തോട്ടിൽ വള്ളം മറിഞ്ഞു. എല്ലാവരും പേടിച്ചെങ്കിലും ആദിത്യൻ നീന്തി കരയ്ക്കു കയറി.
ഒരു തത്തയുള്ള മരം വീട്ടിലുണ്ടെങ്കിലും ‘നിറയെ തത്തകളുള്ള മരം’ എന്ന സിനിമ ആദിത്യൻ കണ്ടിട്ടില്ല. സംവിധായകൻ പറഞ്ഞു തന്നതു പോലെ ചെയ്തുവെന്നു മാത്രമേ ആദിത്യന് അറിയൂ. ആദിത്യന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ ജയരാജ് ഇവർക്കു മൂന്നര സെന്റ് സ്ഥലവും ചെറിയൊരു വീടും വാങ്ങി നൽകി. ആദിത്യന്റെ പേരമ്മയുടെ മകൾ അതുല്യ ജയരാജിന്റെ ഭയാനകം, ഹാസ്യം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആദിത്യനു വീട്ടിൽ വിളിപ്പേര് മൂന്നാണ്. അമ്പാടി, പ്രണവ്, ആദി. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആദി എന്നായിരുന്നു.