ADVERTISEMENT

കോട്ടയം ∙ കുട്ടികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനു ജില്ലയിലെ സ്കൂളുകൾക്കുള്ള മാർഗനിർദേശം കലക്ടർ പി.കെ.ജയശ്രീ പുറത്തിറക്കി. 12 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും 15നു മുൻപ് കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനാണു നിർദേശം. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും സ്കൂളുകളിലെ കോവിഡ് വ്യാപനവും ക്ലസ്റ്റർ രൂപപ്പെടലും തടയാനും സ്കൂൾ അധികൃതരുടെ സഹകരണം ആവശ്യമാണെന്നും കലക്ടർ പറയുന്നു.

കലക്ടറുടെ നിർദേശങ്ങൾ

∙12 വയസ്സ് പൂർത്തിയായാലുടൻ കുട്ടിക്കു വാക്സീൻ സ്വീകരിക്കാം.
∙എല്ലാ ക്ലാസ് ടീച്ചർമാരും ജൂൺ മാസത്തെ ഹാജർ പുസ്തകത്തിൽ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തണം. ഒരു ഡോസ് സ്വീകരിച്ച കുട്ടിക്ക് ഒരു ശരി അടയാളം, രണ്ടു ഡോസിന് രണ്ടു ശരി അടയാളം, 12 വയസ്സ് തികഞ്ഞിട്ടും വാക്സീൻ സ്വീകരിക്കാത്ത കുട്ടിക്കു ഗുണന ചിഹ്നം എന്ന രീതിയിൽ അടയാളപ്പെടുത്തണം. 12 വയസ്സ് തികയാത്ത കുട്ടിയുടെ നമ്പറിനു ചുറ്റും വൃത്തം അടയാളപ്പെടുത്തണം.
∙വാക്സീൻ കണക്കെടുപ്പ് നാളെ പൂർത്തിയാക്കി അന്നുതന്നെ ജില്ലാ മെഡിക്കൽ ഓഫിസർക്ക് ഓൺലൈനായി നൽകണം.
∙ 50 കുട്ടികളിലധികം വാക്സീൻ സ്വീകരിക്കാനുണ്ടെങ്കിൽ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെട്ടു സ്കൂളിൽ വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കണം. വാക്സിനേഷൻ, റജിസ്ട്രേഷൻ, നിരീക്ഷണം, തിരക്കുനിയന്ത്രിക്കൽ എന്നിവയ്ക്കു മതിയായ സൗകര്യം സ്കൂൾ ഒരുക്കണം.
∙ 50 കുട്ടികളിൽ കുറവാണു വാക്സീൻ എടുക്കാൻ ബാക്കിയുള്ളതെങ്കിൽ അവരെ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിലെത്തിക്കണം.
∙ വാക്സീൻ സ്വീകരിക്കുന്ന കുട്ടികളോട് ആധാർ കാർഡിന്റെ പകർപ്പ്, രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരാൻ പറയണം.
∙ വാക്സിനേഷൻ വിവരം രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കാം. എന്നാൽ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമില്ല. ഏതെങ്കിലും രക്ഷിതാവിനു തന്റെ കുട്ടിക്കു വാക്സീൻ നൽകുന്നതിൽ എതിർപ്പുണ്ടെന്നു സ്കൂൾ അധികൃതരെ രേഖാമൂലം അറിയിച്ചാൽ കുട്ടിയെ താൽക്കാലികമായി വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കും. രക്ഷാകർത്താവിന്റെ മൊബൈൽ ഫോൺ നമ്പർ സഹിതം ഈ വിവരം ആരോഗ്യകേന്ദ്രത്തെ രേഖാമൂലം അറിയിക്കണം.
∙ വാക്സീൻ നൽകുമ്പോൾ ഡോക്ടർ, പരിശീലനം ലഭിച്ച നഴ്സുമാർ, വാക്സീൻ, മറ്റുപകരണങ്ങൾ എന്നിവ ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. തികച്ചും സുരക്ഷിതമായ വാക്സീനാണു നൽകുന്നതെങ്കിലും അത്യപൂർവമായി വല്ല പ്രശ്നങ്ങളും ഉണ്ടായാൽ അതു നേരിടാനുള്ള എല്ലാ തയാറെടുപ്പുകളോടെയുമാണ് ആരോഗ്യവകുപ്പ് സംഘം സ്കൂളിലെത്തുന്നത്.
∙ സ്കൂളിലെ കുട്ടികളുടെ വാക്സിനേഷൻ പുരോഗതി 15ന് ഉച്ചകഴിഞ്ഞു പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറെ അറിയിക്കണം.
∙ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്കൂളിൽ കോവിഡ് വ്യാപനം ഉണ്ടാവുകയും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്താൽ സ്കൂൾ അധികൃതർ ഉത്തരവാദികളാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com