ADVERTISEMENT

കോട്ടയം ∙ അപകടം ഏതു സ്റ്റേഷൻ പരിധിയിൽ? തട്ടിക്കളിച്ച് പൊലീസ്. ഇന്നലെ രാവിലെ പതിനൊന്നോടെ ഈരയിൽക്കടവിൽ ഉണ്ടായ അപകടത്തിനു കാരണമായ കാറും അതിലെ ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുന്ന കാര്യത്തിലാണ് ‘അതിർത്തി’ത്തർക്കം ഉണ്ടായത്. ഈരയിൽക്കടവ്–മണിപ്പുഴ വികസന ഇടനാഴി റോഡിന്റെ ഒരു ഭാഗം കോട്ടയം ഈസ്റ്റ് സ്റ്റേഷന്റെയും മറുഭാഗം ചിങ്ങവനം സ്റ്റേഷന്റെയും പരിധിയിലാണ്. ഈരയിൽക്കടവ് പാലം വരെയാണ് ഈസ്റ്റ് സ്റ്റേഷൻ പരിധി എന്നാണു പൊലീസ് പറയുന്നത്.

ഇന്നലെ അപകടം ഉണ്ടായത് ഈരയിൽക്കടവ് പ്രധാന പാലം കഴിഞ്ഞുള്ള ചെറിയ പാലത്തിനു മുന്നിലാണ്. അപകടം നടന്ന സ്ഥലത്ത് ആദ്യം എത്തിയ കൺട്രോൾ റൂം പൊലീസ് സംഘം ഈ സ്ഥലം ഈസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെട്ടതാണെന്ന് അറിയിക്കുകയും കാർ ഓടിച്ചവരെ കസ്റ്റഡിയിൽ എടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു.

ഇവർ മദ്യപിച്ചതായി സംശയം ഉയർന്നതോടെ ഇവരുടെ മെഡിക്കൽ പരിശോധന നടത്തേണ്ട സാഹചര്യമായി. എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത് ഈസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ അല്ലെന്ന് അറിയുന്നത്. കൺട്രോൾ റൂം പൊലീസ് സംഘം ഇവരെ തിരികെ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.

അപകടം ഉണ്ടായതു ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു കണ്ട് വൈകിട്ട് നാലോടെ വെസ്റ്റ് പൊലീസ് ഇവരെ വീണ്ടും ചിങ്ങവനത്തേക്കു കൈമാറി. രാവിലെ 11ന് ഉണ്ടായ അപകടം ഏതു പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു കണ്ടെത്തിയത് 5 മണിക്കൂറിനു ശേഷമാണ്.

‘കാർ പറന്നിറങ്ങുകയായിരുന്നു’
അപകടത്തിനു ദൃക്സാക്ഷിയായ ബൈക്ക് യാത്രക്കാരൻ കുഴിമറ്റം സ്വദേശി വി.രവി പറയുന്നു:

പാഞ്ഞുവന്ന കാർ ഈരയിൽക്കടവ് ചെറിയ പാലത്തിൽ നിന്നു പറന്നിറങ്ങുകയായിരുന്നു. ഈരയിൽക്കടവ് ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ പാലത്തിലേക്ക് ഒരു ലോറി കയറുന്നതു കണ്ടു. പിന്നാലെ അതിവേഗത്തിൽ എത്തിയ കാർ ഈ പാലത്തിലേക്കു കയറി ഉയർന്നുപൊങ്ങി തെറ്റായ ദിശയിലേക്കു തെന്നിമാറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

എതിരെ വന്ന സ്കൂട്ടർ യാത്രക്കാർ പരമാവധി അരികിലേക്കു മാറിയെങ്കിലും നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ചെന്ന് ഇടിച്ചു. സ്കൂട്ടറിലുള്ളവർ റോഡരികിലേക്കു തെറിച്ചുവീണു. ഈ സ്കൂട്ടർ തെറിച്ച് പിന്നാലെ എത്തിയ എന്റെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഞാനും ഭാര്യയും വീണു.

മുന്നിൽ പോയ സ്കൂട്ടർ യാത്രക്കാർ വളരെ സാവധാനം റോഡിന്റെ അരികു ചേർത്താണു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടർ യാത്രക്കാരായ ഇരുവരും റോഡരികിൽ തലയടിച്ചു വീണു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു തെറിച്ച സ്കൂട്ടർ വന്നിടിച്ചാണു ഞങ്ങളുടെ ബൈക്ക് മറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com