ADVERTISEMENT

കോതനല്ലൂർ ∙ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉറക്കെ സംസാരിച്ചതിനു കഞ്ചാവ് സംഘം പിക്കപ് ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ചു. രക്ഷപ്പെട്ട് ഓടിയ ഇരുവരും സമീപത്തെ വീട്ടിൽ കയറി ഒളിച്ചുവെന്ന സംശയത്തിൽ വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്തു കിടന്ന കാറും തകർത്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിക്കപ് ഡ്രൈവർ കോതനല്ലൂർ ആണ്ടൂർ വീട്ടിൽ സാബുവിനെയും ( 55) സുഹൃത്ത് കോതനല്ലൂർ ഓലിക്കൽ ഷാജിയെയും ( 55) മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബുവിന്റെ തലയ്ക്ക് 12 തുന്നലുണ്ട്. ഷാജുവിന്റെ ശരീരത്തിന്റെ പിൻവശത്തു മുറിവേറ്റു.

   കോതനല്ലൂർ പാലപ്പറമ്പിൽ റോബിന്റെ കാറിന്റെ ചില്ല് തകർത്ത  നിലയിൽ.
കോതനല്ലൂർ പാലപ്പറമ്പിൽ റോബിന്റെ കാറിന്റെ ചില്ല് തകർത്ത നിലയിൽ.

ചൊവ്വാഴ്ച രാത്രി 8.30ഓടെ കോതനല്ലൂർ ടൗണിനു സമീപത്തെ തട്ടുകടയിലാണു സംഭവം. സാബുവും ഷാജിയും തട്ടുകടയിൽ ഭക്ഷണം കഴിച്ച് സംസാരിച്ചിരിക്കെ കടയിലുണ്ടായിരുന്ന മൂന്നംഗ സംഘം സംസാരിക്കരുത് എന്നാവശ്യപ്പെട്ട് ഇരുവരുമായി വാക്കു തർക്കവും കയ്യേറ്റവും ഉണ്ടായി. തുടർന്ന് പിൻവാങ്ങിയ മൂന്നംഗ സംഘം കൂടെയുള്ള കൂടുതൽ ആളുകളെ വിളിച്ചു വരുത്തി. 

ഇതോടെ സാബുവും ഷാജിയും പിക്കപ് ജീപ്പിൽ രക്ഷപ്പെടാൻ ശ്രമിച്ചു. താക്കോൽ തട്ടുകടയിൽ മറന്ന് പോയതിനാൽ പിക്കപ് എടുക്കാതെ ഇറങ്ങി ഓടി. ആക്രമിക്കാനെത്തിയ സംഘം പിന്നാലെ ഓടി ബനിയനിൽ കല്ലുകെട്ടി സാബുവിനെ ആക്രമിച്ചു. സാബുവും ഷാജിയും മാർക്കറ്റിനുള്ളിലൂടെ ഓടി സമീപമുള്ള പീത്തുരുത്തേൽ സ്കറിയയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന് ഇവർ പിൻവാതിലിലൂടെ പുറത്തിറങ്ങി റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. 

പിന്തുടർന്നെത്തിയ അക്രമി സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സാബുവിനെയും ഷാജിയെയും ഇറക്കി വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്നുപോയ വീട്ടുകാർ വാതിൽ തുറന്നില്ല. തുടർന്ന് വീടിന്റെ ആറോളം ജനൽ ചില്ലുകൾ അക്രമി സംഘം അടിച്ചുതകർത്തു. പിന്നീട് സമീപത്തെ വീടിന്റെ മുറ്റത്തു കിടന്ന പാലപ്പറമ്പിൽ റോബിന്റെ കാറിന്റെ ചില്ല് കല്ലിന് ഇടിച്ചുതകർത്തു. കടുത്തുരുത്തിയിൽ നിന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

ഒന്നരമാസം മുൻപ് ഓട്ടോയുടെ സിഗ്നൽ ലൈറ്റ് തെറ്റായ ദിശയിൽ ഇട്ടെന്ന് ആരോപിച്ച് മൂന്നംഗ സംഘം കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറെ കുത്തി വീഴ്ത്തിയിരുന്നു. കോതനല്ലൂരും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് ലഹരിമരുന്നു സംഘങ്ങളുടെ ആക്രമണം പതിവായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com