ADVERTISEMENT

മാന്തുരുത്തി ∙ നടന്നു വിൽപനക്കാർക്ക് തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. ഇന്നലെ ഉച്ചയോടെ ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ചയാൾ 40 രൂപ വിലയുള്ള 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി.ജോസഫിന്റെ (70) പണവും ലോട്ടറി ടിക്കറ്റുമാണ് നഷ്ടമായത്. 

ബുധനാഴ്ച 11.30ന് നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു സംഭവം. ലോട്ടറി ടിക്കറ്റുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് നടക്കുമ്പോൾ ചമ്പക്കര ഭാഗത്തു നിന്നു ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ ജോസഫിന് സമീപത്ത് ബൈക്ക് നിർത്തി. തുടർന്ന് 25 ടിക്കറ്റുകൾ തിരഞ്ഞെടുത്തു. 1000 രൂപ വീതം സമ്മാനം ലഭിച്ച 4 ടിക്കറ്റുകൾ തന്റെ കൈവശം ഉണ്ടെന്നും പണം വേണമെന്നും ഇയാൾ ജോസഫിനോട് ആവശ്യപ്പെട്ടു. എന്നാൽ 1000 രൂപ മാത്രമേ കൈവശമുള്ളതായി ജോസഫ് പറഞ്ഞു.

ജോസഫിൽ നിന്ന് ഇയാൾ 1000 രൂപ വാങ്ങുകയും 25 ടിക്കറ്റിന് പകരമായി 1000 രൂപ സമ്മാനം ലഭിച്ച മറ്റൊരു ടിക്കറ്റ് കൂടി നൽകി ഇയാൾ കറുകച്ചാൽ ഭാഗത്തേക്ക് പോയി.മാന്തുരുത്തിയിൽ എത്തി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ലോട്ടറിയുടെ നമ്പറുകൾ തിരുത്തിയതായി തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസ്സിലായതോടെ ജോസഫ് കറുകച്ചാൽ പൊലീസിൽ പരാതി നൽകി.

കറുകച്ചാൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിൽ നടന്നു ലോട്ടറി വിൽപന നടത്തുന്നവരിൽ നിന്നു നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി ടിക്കറ്റും പണവും തട്ടിയെടുക്കുന്നത് വ്യാപകമാണ്. കാഞ്ഞിരപ്പള്ളി പൊൻകുന്നം, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതിയുമായി ഒട്ടേറെ പേർ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com